Breaking

Saturday, September 7, 2019

ചന്ദ്രയാന്‍-2 : ലാന്‍ഡര്‍ ഇടിച്ചിറങ്ങിയിരിക്കാന്‍ സാധ്യത; സന്ദേശത്തിനായി കാത്തിരിപ്പ്

ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാൻ-2ന് ലക്ഷ്യം കാണാനായില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അടുത്തുവരെയെത്തി പ്രതീക്ഷ പകർന്ന വിക്രം ലാൻഡർ, മുൻനിശ്ചയിച്ച പാതയിൽനിന്ന് തെന്നിമാറുകയായിരുന്നു. ബെംഗളൂരു പീനിയയിലെ ഐ.എസ്.ആർ.ഒ. ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ (ഇസ്ട്രാക്ക്) അതുവരെ കൈയടികളോടെ കാത്തിരുന്ന ഗവേഷകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള പ്രമുഖരെയും കോടിക്കണക്കിന് ഇന്ത്യക്കാരെയും നിരാശയിലാഴ്ത്തി ദൗത്യം ലക്ഷ്യത്തിൽ നിന്നകന്നു. എന്നാൽ നിശ്ചയിച്ച പാതയിൽ നിന്ന് വ്യതിചലിച്ച് ചന്ദ്രയാൻ-2ന്റെ ഭാഗമായ വിക്രം ലാൻഡർ സഞ്ചരിച്ചുവെന്നത് സ്ഥിരീകരിച്ചെങ്കിലും കൃത്യമായി എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായിട്ടില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അടുത്തുവരെ എത്തിയ ലാൻഡർ എവിടേയെങ്കിലും ഇടിച്ചിറങ്ങിയോ മറ്റെവിടേയെങ്കിലും വിജയകരമായി ഇറങ്ങിയോ ചന്ദ്രനിലെ ഗർത്തങ്ങളിലെവിടെയെങ്കിലും പെട്ടുപോയോ എന്നീ മൂന്ന് സാധ്യതകളാണ് ശാസ്ത്രജ്ഞർ സംശയിക്കുന്നത്. സുരക്ഷിതമായി ഇറങ്ങിയെങ്കിൽ പിന്നീട് സിഗ്നൽ ലഭിക്കാനും സാധ്യതയുണ്ട്. ഇതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം ഇസ്ട്രാക്കിൽനിന്നാണ് ലാൻഡറിനാവശ്യമായ നിർദേശങ്ങൾ നൽകിയത്. ചന്ദ്രനിൽനിന്നുള്ള ഏറ്റവുംകുറഞ്ഞ ദൂരമായ 35 കിലോമീറ്ററെത്തിയപ്പോൾ ഇറങ്ങുന്നതിനുള്ള കമാൻഡ് നൽകി. പുലർച്ചെ 1.38-ന് ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ മുകളിലായിരുന്നു വിക്രം. പത്തുമിനിറ്റുകൊണ്ട് മുൻനിശ്ചയപ്രകാരം ചന്ദ്രന് 7.4 കിലോമീറ്റർ അടുത്തേക്ക് റഫ് ലാൻഡിങ്ങിലൂടെ ലാൻഡറിനെ താഴ്ത്തി. ചരിഞ്ഞപാതയിൽ സഞ്ചരിച്ചിരുന്ന ലാൻഡറിനെ കുത്തനെ ഇറക്കേണ്ട ഫൈൻ ലാൻഡിങ് ഘട്ടമായിരുന്നു അടുത്തത്. പൊടുന്നനെ വിക്രമിൽനിന്നുള്ള സിഗ്നൽ നഷ്ടപ്പെട്ടു. ഇന്നോളമുള്ള ചാന്ദ്രദൗത്യങ്ങളൊന്നും തൊട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങാനായിരുന്നു ഐ.എസ്.ആർ.ഒ. പദ്ധതിയിട്ടിരുന്നത്. പര്യവേക്ഷണവാഹനം ചന്ദ്രനിൽ പതിയെ ഇറക്കുന്ന (സോഫ്റ്റ് ലാൻഡിങ്) നാലാമത്തെ രാജ്യമാവുകയെന്ന ഇന്ത്യയുടെ സ്വപ്നവും അവസാന നിമിഷം തെന്നിമാറി. ദക്ഷിണധ്രുവത്തിലെ മാൻസിനസ്-സി, സിംപീലിയസ്-എൻ എന്നീ ഗർത്തങ്ങൾക്കിടയിൽ 22.8 ഡിഗ്രി കിഴക്കായാണ് ലാൻഡർ ഇറങ്ങേണ്ടിയിരുന്നത്. ഇതിലേക്ക് കൃത്യമായി എത്തിക്കൊണ്ടിരുന്ന ലാൻഡർ പെട്ടെന്ന് ഗതിമാറുകയായിരുന്നു. ആകാംക്ഷയും ഉത്കണ്ഠയും നിറഞ്ഞ മണിക്കൂറുകൾ പിന്നിട്ടാണ് ചന്ദ്രയാൻ-2ന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിനടുത്തെത്തിയത്. അവസാനനിമിഷങ്ങൾ അനിശ്ചിതത്വത്തിന്റേതാണെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ആ ആശങ്ക സത്യമായി മാറി. സിഗ്നൽ നഷ്ടമായത് മറ്റു ശാസ്ത്രജ്ഞരുമായി സംസാരിച്ച് സ്ഥിരീകരിച്ച ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പ്രധാനമന്ത്രിയുടെ അരികിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. അല്പനേരം നിരാശനായി ഇരുന്ന പ്രധാനമന്ത്രി 1.58-ന് ഇസ്ട്രാക്കിൽനിന്ന് മടങ്ങി. ജൂലായ് 22-ന് ഉച്ചതിരിഞ്ഞ് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽനിന്നാണ് ചാന്ദ്രയാൻ-2 യാത്ര തുടങ്ങിയത്. ജി.എസ്.എൽ.വി. മാർക്ക്-3യെന്ന ബാഹുബലിയുടെ ചിറകിലായിരുന്നു ആ സ്വപ്നയാത്ര. 23 ദിവസം ഭൂമിയെ ചുറ്റി, 18 നാൾ ചന്ദ്രനെ വലംവെച്ചാണ് ചന്ദ്രയാൻ-2 ദക്ഷിണധ്രുവത്തോട് അടുത്തത്. content highlights:chandrayaan 2 lander vikram


from mathrubhumi.latestnews.rssfeed https://ift.tt/34s7AKd
via IFTTT