മുംബൈ: രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിൽ നരേന്ദ്രമോദി സർക്കാരിനെ വിമർശിച്ച് ശിവസേനയുടെ മുഖപത്രമായ 'സാമ്ന'. മോദിയുടെ ആധുനികഭാരതസ്വപ്നം രൂക്ഷമായ തൊഴിലില്ലായ്മയിൽ തകർന്നടിയുകയാണെന്ന് മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. മോദിസർക്കാർ വീണ്ടും അധികാരത്തിലേറിയെങ്കിലും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി പിന്നോടടിക്കുകയാണ്. രണ്ടാം മോദിസർക്കാരിനെതിരേയുള്ള സാമ്നയുടെ ആദ്യ മുഖപ്രസംഗമാണിത്. മുത്തലാഖ് നിരോധിച്ചപ്പോഴും കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞപ്പോഴും 'സാമ്ന' മോദിയെ പ്രകീർത്തിച്ചിരുന്നു. സാമ്പത്തികമാന്ദ്യത്തെക്കുറിച്ചുള്ള വാർത്തകൾ പത്രം ഒന്നാംപേജിൽ നൽകിത്തുടങ്ങിയെന്നതും ശ്രദ്ധേയമാണ്. 'പ്രധാനമന്ത്രിയുടെ വിള ഇൻഷുറൻസ് പദ്ധതി' മഹാരാഷ്ട്രയിൽ നടപ്പാക്കിയതിലെ വീഴ്ചയെക്കുറിച്ച് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ വിമർശനവുമായി രംഗത്തുവന്നതിനുപിന്നാലെയാണ് മുഖപ്രസംഗവും. മോദിയുടെ ആധുനികഭാരതസ്വപ്നം രാജ്യത്തെ എല്ലാ പൗരൻമാരുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, രാജ്യത്ത് കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ രണ്ടുകോടി ആളുകൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. സാമ്പത്തികമാന്ദ്യത്തോടൊപ്പം അഴിമതിയും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. നോട്ടുനിരോധനം രാജ്യത്ത് തൊഴിലില്ലായ്മകൂടാതെ മാന്ദ്യത്തിനും കാരണമായി. മുംബൈയിലും മാന്ദ്യം പിടിമുറുക്കിക്കഴിഞ്ഞു. ഇതു സാമൂഹികപ്രശ്നങ്ങൾക്കിടയാക്കിയേക്കാവുന്ന സ്ഥിതിവിശേഷമാണുള്ളത്. ബാങ്കുകൾക്ക് നൽകാനുള്ള പണം നൽകാതെ 100 ബിസിനസുകാരെങ്കിലും രാജ്യം വിട്ടുപോയിട്ടുണ്ടെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. content highlights:shivsena mouth piece samnas editorial about economic slowdown
from mathrubhumi.latestnews.rssfeed https://ift.tt/2L6BJWM
via 
IFTTT