Breaking

Friday, August 2, 2019

അതിവേഗ റെയിൽപ്പാത: ഏറ്റെടുക്കേണ്ടിവരുക 1226 ഹെക്ടർ ഭൂമി

തിരുവനന്തപുരം: നാലുമണിക്കൂർകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോട്ടെത്തുന്ന നിർദിഷ്ട സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുക 1226.45 ഹെക്ടർ ഭൂമി. പുതിയതായി 10 സ്റ്റേഷനുകളും നിർമിക്കണം. പദ്ധതിക്കായി ഫ്രഞ്ച് എൻജിനിയറിങ് സ്ഥാപനമായ 'സെസ്ട്ര' തയ്യാറാക്കിയ റിപ്പോർട്ട് വ്യാഴാഴ്ച മന്ത്രിസഭ പരിഗണിച്ചു. ഭൂമിയേറ്റെടുക്കൽ അടക്കമുള്ള കാര്യങ്ങൾ വിവാദമായേക്കുമെന്ന് ആശങ്കയുള്ളതിനാൽ വിശദമായ വിലയിരുത്തലുകൾക്കുശേഷമാവും പാതയുടെ അലൈൻമെന്റിന് മന്ത്രിസഭ അന്തിമാനുമതി നൽകുക. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം മന്ത്രിമാർക്ക് മുന്നിൽ പവർപോയന്റ് പ്രസന്റേഷനായി പദ്ധതി വിശദാംശങ്ങൾ അവതരിപ്പിച്ച് ചർച്ചചെയ്യാനും തീരുമാനമായി. സെസ്ട്രയുടെ റിപ്പോർട്ട് പ്രകാരം തെക്കൻ കേരളത്തിൽ പുതുതായി നിർമിക്കുന്ന (ഗ്രീൻഫീൽഡ്) പാതയിലൂടെയാകും ഹൈസ്പീഡ് തീവണ്ടി ഓടുക. തിരൂർ മുതൽ കാസർകോട് വരെ നിലവിലെ പാതയ്ക്ക് സമാന്തരമായി പുതിയപാത നിർമിക്കും. 56,443 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പൂർത്തിയാകുമ്പോൾ ഇത് 65,000 കോടിവരെയായേക്കും. സംസ്ഥാന റെയിൽവികസന കോർപ്പറേഷനാണ് നടത്തിപ്പ് ചുമതല. മൊത്തം ചെലവിന്റെ 74 ശതമാനം ഓഹരി-പൊതുവിപണിയിൽനിന്ന് സ്വരൂപിക്കും. 26 ശതമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടും. 26 ശതമാനത്തിൽ 51 ശതമാനം സംസ്ഥാന റെയിൽവികസന കോർപ്പറേഷനും 49 ശതമാനം കേന്ദ്രസർക്കാരിനുമായിരിക്കും. തിരുവനന്തപുരം-കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം-കാക്കനാട്, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷൻ വേണ്ടിവരുക. ലിഫ്റ്റ്, എസ്കലേറ്റർ സഹിതം ആധുനിക രീതിയിലാണ് സ്റ്റേഷനുകൾ. 531.45 കിലോമീറ്റർ വരുന്ന നിർദിഷ്ട അതിവേഗ പാതയിൽ വിവിധയിടങ്ങളിലായി രണ്ടര കിലോമീറ്ററോളം തുരങ്കവും 12 കിലോമീറ്റർ പാലവും ഉണ്ടാകും. മണിക്കൂറിൽ 200 കിലോ മീറ്റർ വേഗമാർജിക്കുംവിധമാണ് പാത നിർമിക്കുക. തീവണ്ടിയുടെ ശരാശരി വേഗം മണിക്കൂറിൽ 150 കിലോമീറ്റർ ആയിരിക്കും. 75 യാത്രക്കാരെ വീതം ഉൾക്കൊള്ളുന്ന ഒമ്പതുകോച്ചുകളുള്ള തീവണ്ടി ഓടിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തും കാസർകോട്ടും മെയിന്റനൻസ് ഡിപ്പോ നിർമിക്കും. ടിക്കറ്റ് നൽകാൻ മെട്രോ മാതൃക സ്വീകരിക്കും. ഹൈസ്പീഡ് റെയിലുമായി ബന്ധപ്പെട്ട ഡിപ്പോകളിലും മറ്റും സൗരോർജ പാനലുകൾ സ്ഥാപിക്കാനും പഠന റിപ്പോർട്ടിൽ നിർദേശമുണ്ട്. Content Highlights:High speed Rail corridor project in Kerala


from mathrubhumi.latestnews.rssfeed https://ift.tt/2KhM1mh
via IFTTT