ലോക്സഭാ തിരഞ്ഞെടുപ്പിലെ തകർച്ചയെത്തുടർന്ന് കോൺഗ്രസിൽ മുറുമുറുപ്പും കൂട്ടരാജിയും. ഉത്തരവാദിത്വമേറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി സോണിയാഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ രാജിസന്നദ്ധത അറിയിച്ചു. ഉത്തർപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിലെ പി.സി.സി. അധ്യക്ഷന്മാരും അമേഠി ഡി.സി.സി. അധ്യക്ഷനും കർണാടകയിലെ പ്രചാരണസമിതിയധ്യക്ഷനും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, തോൽവിയിലേക്കു നയിച്ച കാരണങ്ങൾ വിലയിരുത്താൻ ശനിയാഴ്ചരാവിലെ പ്രവർത്തകസമിതി ചേരും. യോഗത്തിൽ രാജിക്കാര്യം രാഹുൽ ഉന്നയിച്ചേക്കുമെന്നാണ് സൂചന. പ്രവർത്തകസമിതി അത് അംഗീകരിക്കാനിടയില്ല. തുടർച്ചയായി രണ്ടാം തവണയാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിപക്ഷനേതൃസ്ഥാനത്തിനുപോലും അർഹമാവാത്ത രീതിയിൽ തോൽക്കുന്നത്. ഉത്തർപ്രദേശിലെ വൻതോൽവിയിൽ നിരാശയുണ്ടെന്നു കാട്ടിയാണ് യു.പി. പി.സി.സി. അധ്യക്ഷനും മുൻ നടനുമായ രാജ് ബബ്ബറിന്റെ രാജി. പാർട്ടിയുടെ മോശം പ്രകടനത്തിന്റെ ധാർമിക ഉത്തരവാദിത്വമേറ്റെടുക്കുന്നതായി രാജ് ബബ്ബർ ട്വീറ്റ് ചെയ്തു. രാഹുൽ തോറ്റ അമേഠിയിലെ ഡി.സി.സി. അധ്യക്ഷൻ യോഗേന്ദ്ര മിശ്രയും രാജിക്കത്തു നൽകി. ഒഡിഷയിൽ തോറ്റ പി.സി.സി. അധ്യക്ഷൻ നിരഞ്ജൻ പട്നായിക് രാഹുലിനു രാജിക്കത്തയച്ചു. സംസ്ഥാനത്തെ തോൽവിയുടെ കാരണങ്ങൾ പരിശോധിക്കാൻ മുതിർന്ന നേതാവ് നരസിംഹ മിശ്രയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചു. സംസ്ഥാനത്ത് ഒരു ലോക്സഭാ സീറ്റിലും ഒമ്പതു നിയമസഭാ സീറ്റിലും മാത്രമാണ് കോൺഗ്രസ് ജയിച്ചത്. അതിനിടെ, പ്രചാരണവിഷയങ്ങളിൽ പാളിച്ചയുണ്ടായെന്ന വിമർശനവും പാർട്ടിയിലുയർന്നു. പ്രചാരണത്തിലും വിഷയകേന്ദ്രീകരണത്തിലും പാളിച്ച പറ്റിയതായും നരേന്ദ്രമോദിക്കെതിരേമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ യുവാക്കളെയും കർഷകരടക്കമുള്ള ദരിദ്രരെയും ആകർഷിക്കാൻ പറ്റിയില്ലെന്നുമാണ് ഒരുവിഭാഗം നേതാക്കളുടെ ആക്ഷേപം. റഫാൽ വിഷയമുയർത്തി രാഹുൽ നിരന്തരം മോദിക്കെതിരേ ആഞ്ഞടിച്ചപ്പോൾ മാധ്യമശ്രദ്ധ വേണ്ടുവോളം കിട്ടിയെങ്കിലും ജനശ്രദ്ധ കിട്ടിയില്ലെന്ന് ഒരു പ്രമുഖ നേതാവ് പറഞ്ഞു. ബി.ജെ.പി.യുടെ അജൻഡയിലാണ് കോൺഗ്രസ് ഒഴുകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യമെല്ലാം ശനിയാഴ്ച രാവിലെ 11-ന് എ.ഐ.സി.സി. ആസ്ഥാനത്തു ചേരുന്ന പ്രവർത്തകസമിതി യോഗം പരിശോധിക്കുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി. Content Highlights:Rahul Gandhi, Congress
from mathrubhumi.latestnews.rssfeed http://bit.ly/2XdHk20
via
IFTTT