Breaking

Friday, May 24, 2019

പരാജയകാരണം തേടി സി.പി.എം.

തിരുവനന്തപുരം: ഓരോ ബൂത്തിലും കണക്കുതെറ്റാത്ത കൈയടക്കമുണ്ടാകണമെന്നായിരുന്നു ബൂത്തുതല ഭാരവാഹികൾക്ക് സി.പി.എം. നൽകിയ നിർദേശം. കടഞ്ഞെടുത്ത കണക്കിൽ വിജയമുറച്ച മണ്ഡലംപോലും ജനവിധിയിൽ കടപുഴകിയതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമമാണ് ഇനി. മതപരമായ ധ്രുവീകരണം യു.ഡി.എഫ്. അനുകൂല വോട്ടായി എന്ന് സമ്മതിക്കുമ്പോഴും 'ശബരിമല' അതിന് കാരണമായി അംഗീകരിച്ചിട്ടില്ല. അത്തരമൊരു നിരീക്ഷണം മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളുന്നതാകുമെന്ന കാരണംകൊണ്ടുതന്നെ, ശബരിമലയെ പുറത്തുനിർത്തിയുള്ള പരിശോധനയാകും സി.പി.എം. നടത്തുക. കേന്ദ്രത്തിൽ ബി.ജെ.പി.യിതര സർക്കാരെന്ന ഇടതുമുന്നണിയുടെ പ്രചാരണം ജനങ്ങൾ അംഗീകരിച്ചതാണ്. പക്ഷേ, അത് യു.ഡി.എഫിന് അനുകൂലമായാണ് വോട്ടായത്. ബി.ജെ.പി.യുടെ വർഗീയ നിലപാട് തുറന്നുകാണിച്ചത് ഇടതുമുന്നണിയാണ്. അതിനാൽ, ബി.ജെ.പി.ക്ക് കേരളത്തിൽ വേരുറപ്പിക്കാനായില്ല. ഒപ്പം, ബി.ജെ.പി.വിരുദ്ധ വോട്ടുകൾ യു.ഡി.എഫിലേക്ക് പോയി. ഇതാണ് പരാജയത്തിന് സി.പി.എം. നേതാക്കൾ നൽകുന്ന പ്രാഥമിക വിശദീകരണം. പാർട്ടി കോട്ടകളിൽപ്പോലും ലക്ഷത്തിന് മുകളിലുള്ള ഭൂരിപക്ഷം. സ്ത്രീകൾ കൂടുതലായി വോട്ടുചെയ്ത സ്ഥലങ്ങളിൽ ഇടതുമുന്നണിക്ക് വൻ തിരിച്ചടി. ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടർമാർ യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള സാഹചര്യം. ഇതെല്ലാം ശബരിമലവിഷയത്തിൽ സി.പി.എമ്മും സർക്കാരും കാണിച്ച തിടുക്കം തിരിച്ചടിച്ചതാണെന്ന് രഹസ്യമായി ചില നേതാക്കൾ സമ്മതിക്കുന്നുണ്ട്. എക്സിറ്റ് പോൾ ഫലം വന്നയുടൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇത് സൂചിപ്പിച്ചതാണ്. പക്ഷേ, നിമിഷങ്ങൾക്കകം മുഖ്യമന്ത്രി തള്ളി. ശബരിമലയാണ് കുറ്റമെങ്കിൽ, അതിന്റെ ഉത്തരവാദിത്വവും മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടിവരും. ഇത് പാർട്ടിയിലും മുന്നണിയിലും മാത്രമല്ല സർക്കാരിലും പ്രതിസന്ധിയുണ്ടാക്കും. അതിനാൽ, അത്തരമൊരു വിലയിരുത്തൽ സി.പി.എം. പ്രത്യക്ഷത്തിൽ നടത്താനിടയില്ല. ഫലം തിരിച്ചടിച്ചെന്ന സൂചനകൾ പുറത്തുവന്ന ഘട്ടത്തിൽത്തന്നെ മുഖ്യമന്ത്രി എ.കെ.ജി. സെന്ററിലെത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണൻ, മന്ത്രി ഇ.പി. ജയരാജൻ എന്നിവരും അവിടെയുണ്ടായിരുന്നു. മതധ്രുവീകരണമാണ് യു.ഡി.എഫിനെ സഹായിച്ചതെന്ന് ജയരാജനും അപ്രതീക്ഷിത തിരിച്ചടിയാണുണ്ടായതെന്ന് കോടിയേരിയും പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുഖംകൊടുത്തില്ല. ഇതിനുശേഷം പരാജയം പ്രതീക്ഷിച്ചതല്ലെന്ന് അദ്ദേഹം പ്രസ്താവനയിറക്കി. വെള്ളിയാഴ്ച പാർട്ടി സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. ഇതിനുശേഷം നിലപാട് വിശദീകരിക്കാനാണ് സാധ്യത. Content Highlights:Election Result Kerala, CPM


from mathrubhumi.latestnews.rssfeed http://bit.ly/2K0SDXG
via IFTTT