ഗാങ്ടോക്: സിക്കിമിൽ അഞ്ചുതവണ തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന പവൻ കുമാർ ചാംലിങ് യുഗം അവസാനിപ്പിച്ച് പ്രതിപക്ഷമായ സിക്കിം ക്രാന്തികാരി മോർച്ച അധികാരത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ 32 സീറ്റിൽ 17 സീറ്റുകളാണ് സിക്കിം ക്രാന്ത്രികാരി മോർച്ച നേടിയത്. ഭരണ കക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് 15 സീറ്റുകളാണ് ലഭിച്ചത്. അതേസമയം പവൻ കുമാർ ചാംലിങ് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും അദ്ദേഹം ജയിച്ചിട്ടുണ്ട്. നാംചി സിംഘിതാങ്, പൊക്ലൊക് കംരാങ് എന്നീ മണ്ഡലങ്ങളിലാണ് പവൻ കുമാർ മത്സരിച്ചിരുന്നത്. ഇതിലൊന്ന് അദ്ദേഹത്തിന് ഒഴിയേണ്ടിവരും. 1994 മുതൽ സംസ്ഥാനത്ത് മുഖ്യമന്ത്രിയായി തുടരുന്ന അളാണ് പവൻ കുമാർ ചാംലിങ്. വെറും രണ്ട് സീറ്റ് നഷ്ടപ്പെട്ടതോടെയാണ് അധികാര തുടർച്ച ഇദ്ദേഹത്തിന് നഷ്ടമായത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന ആളെന്ന ബഹുമതിയാണ് പവൻ കുമാർ ചാംലിങ്ങിനുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിനൊപ്പമാണ് സിക്കിമിൽ നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. 2013 ൽ രൂപീകരിച്ച പാർട്ടിയാണ് സിക്കിം ക്രാന്തികാരി മോർച്ച. പ്രേം സിങ് തമാങ് ആണ് നേതാവ്. ഇരുപാർട്ടികൾക്കും പുറമെ ബിജെപി, കോൺഗ്രസ്, ഫുട്ബോൾ താരം ബൈചുങ് ബൂട്ടിയുടെ ഹംരോ സിക്കിം പാർട്ടി എന്നിവരും മത്സരിച്ചെങ്കിലും വലിയ മുന്നേറ്റം കാഴ്ചവെച്ചില്ല. Content Highlights:Sikkim Democratic Front, Sikkim Krantikari Morcha, Sikkim Election
from mathrubhumi.latestnews.rssfeed http://bit.ly/2HyT1uR
via
IFTTT