Breaking

Thursday, July 22, 2021

'നേത്രാവതി'ക്ക് മുകളിൽ തെങ്ങ് വീണു യാത്ര മുടങ്ങിയ സംഭവം; ഉടമയ്ക്ക്‌ പിഴ

കണ്ണൂർ: നോട്ടീസ് നൽകിയിട്ടും പാളത്തിനരികെ വീഴാറായ മരം മുറിക്കാത്തവർക്കെതിരേ റെയിൽവേ കേസെടുക്കുന്നു. കൊയിലാണ്ടിയിൽ തെങ്ങുവീണ് നേത്രാവതി എക്സ്പ്രസിന്റെ യാത്ര മുടങ്ങിയ സംഭവത്തിൽ തെങ്ങിന്റെ ഉടമയ്ക്കെതിരേ കേസെടുത്തു. ഉടമയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കും. ജുലായ് 14-ന് വൈകീട്ട് കൊയിലാണ്ടി-തിക്കോടി സെക്ഷനിലാണ് നേത്രാവതി എക്സ്പ്രസിനുമേൽ തെങ്ങ് വീണത്. എൻജിനും വൈദ്യുതിലൈനും തകരാർ പറ്റി. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്കുള്ള വണ്ടി മൂന്നു മണിക്കൂർ പിടിച്ചിട്ടു. പിന്നാലെയുള്ള മറ്റു വണ്ടികളും വൈകി. ലോക്കോയുടെ വിൻഡ് ഷീൽഡ് പൊട്ടിയതിനാൽ പുതിയ എൻജിൻ ഘടിപ്പിച്ചാണ് വണ്ടി പുറപ്പെട്ടത്. റെയിൽപ്പാളത്തിനടുത്ത തെങ്ങ് മുറിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങൾക്കുമുൻപ് ഉടമയ്ക്ക് നോട്ടീസ് നൽകിയതായി റെയിൽവേ അധികൃതർ പറഞ്ഞു. എന്നാൽ, മരം മുറിച്ചില്ല. റെയിൽവേആക്ട് പ്രകാരം തീവണ്ടിക്കും യാത്രക്കാരുടെയും സുരക്ഷയ്ക്കും പ്രശ്നമാകുന്നത് ശിക്ഷാർഹമാണെന്നുകാണിച്ചാണ് കേസിലേക്ക് തിരിയുന്നത്. 2020 ഏപ്രിൽ തൊട്ട് ഈ വർഷം ജുലായ് വരെ പാലക്കാട് ഡിവിഷനിൽ 28 മരങ്ങൾ പൊട്ടിവീണു. ജൂൺ 13-ന് വടകര പാലയാട്ട് നടയിൽ പാളത്തിലേക്ക് തെങ്ങുവീണിരുന്നു. ആ സമയത്തെത്തിയ മാവേലി എക്സ്പ്രസ് ഭാഗ്യത്തിനാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. തിരുവനന്തപുരം ഡിവിഷനിൽ വീഴാറായ മരങ്ങൾ മുറിച്ചതിനാൽ ഗതാഗതം തടസ്സപ്പെട്ടില്ല. എന്നാൽ, മരങ്ങൾ മുറിക്കണമെന്നാവശ്യപ്പെട്ട് ഉടമസ്ഥർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നഷ്ടപരിഹാരം വേണം സ്വകാര്യഭൂമിയിലെ മരങ്ങൾ മുറിച്ച് സുരക്ഷയൊരുക്കുന്നതിൽ ഉടമകൾക്ക് താത്പര്യമില്ല. റെയിൽവേ നഷ്ടപരിഹാരം കൊടുക്കാത്തതാണ് പ്രധാന കാരണം. കായ്ക്കുന്ന മരങ്ങൾ വെറുതേ മുറിക്കാൻ അവർ തയ്യാറല്ല. സംസ്ഥാന റവന്യൂവകുപ്പും റെയിൽവേയും ചേർന്ന് മരംമുറിക്കുള്ള നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. വീഴാറായ മരം റെയിൽവേ സൗജന്യമായി മുറിച്ചുമാറ്റും. റെയിൽവേസ്റ്റേഷൻ അധികൃതരെയോ ഉദ്യോഗസ്ഥരെയോ അറിയിക്കണം. 25000 വോൾട്ട് വൈദ്യുതിലൈൻ ആയതിനാൽ അനുമതികിട്ടിയാൽ മാത്രമേ മരം മുറിക്കാവൂ.


from mathrubhumi.latestnews.rssfeed https://ift.tt/3xSFNkq
via IFTTT