ന്യൂഡൽഹി: സഹകരണസംഘങ്ങളെ ഭരണഘടനയുടെ സംസ്ഥാനപട്ടികയിൽനിന്നുമാറ്റി പൊതുപട്ടികയിലാക്കാൻ കേന്ദ്രസർക്കാർ നീങ്ങുന്നതായി റിപ്പോർട്ട്. സഹകരണത്തിന് പുതിയ മന്ത്രാലയമുണ്ടാക്കിയതിനുപിന്നാലെ, അത് സംസ്ഥാനവിഷയമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ സൂചനകൾ വരുന്നത്. പൂർണമായും സംസ്ഥാനത്തിന് അധികാരമുള്ള പട്ടികയിൽനിന്നുമാറ്റി കേന്ദ്രത്തിനുകൂടി നിയമനിർമാണം സാധ്യമാകുന്ന പൊതുപട്ടികയിൽ ഉൾപ്പെടുത്താൻ ഭരണഘടനാഭേദഗതി വേണം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത് എളുപ്പമാവില്ല.പാർലമെന്റിന്റെ ഇരുസഭകളും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കിയാലേ ഭരണഘടനാഭേദഗതി കൊണ്ടുവരാനാകൂ. ബിൽ ലോക്‌സഭ കടന്നാലും സർക്കാരിനെ നയിക്കുന്ന എൻ.ഡി.എ.യ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ പാസാക്കാനാവില്ല. ഭരണഘടനാഭേദഗതിക്ക് പകുതി സംസ്ഥാനങ്ങളിലെ നിയമസഭകളുടെ അംഗീകാരം നേടുന്നതും ഇന്നത്തെ സാഹചര്യത്തിൽ എളുപ്പമല്ല.ഒന്നിലേറെ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണസംഘങ്ങളുടെ കാര്യത്തിൽമാത്രമേ കേന്ദ്രത്തിന് നിയമനിർമാണം സാധിക്കൂവെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. സഹകരണസംഘങ്ങളിൽ ഇടപെടാൻ കേന്ദ്രസർക്കാർ 2012-ൽ കൊണ്ടുവന്ന 97-ാം ഭരണഘടനാഭേദഗതിയാണ് കോടതി ഭാഗികമായി റദ്ദാക്കിയത്. േഭദഗതിക്ക് നിയമസഭകളുടെ അംഗീകാരം വാങ്ങാത്തതായിരുന്നു ഇതിനുള്ള ഒരുകാരണം. സംസ്ഥാനങ്ങളുടെ താത്പര്യവുമായി വൈരുധ്യമുണ്ടാകാത്ത ഭാഗംമാത്രമാണ് ഭേദഗതിയിൽ സുപ്രീംകോടതി നിലനിർത്തിയത്. ഇതോടെ, കേന്ദ്രത്തിന്റെ പുതിയ സഹകരണമന്ത്രാലയത്തിന്റെ അധികാരപരിധിയും ഫലത്തിൽ ചുരുങ്ങി.ഒന്നിലേറെ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണസംഘങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്ര രജിസ്ട്രാറിനുകീഴിൽ രജിസ്റ്റർചെയ്യാൻ സംസ്ഥാനത്തിനകത്തുമാത്രം പ്രവർത്തിക്കുന്ന പല സംഘങ്ങൾക്കും താത്പര്യമുണ്ടെന്നാണ് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലുകളിൽ അസ്വസ്ഥരായ സംഘങ്ങൾ കൂടുതൽ സ്വാതന്ത്ര്യംതേടി അതിന് തയ്യാറാകുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു.ലക്ഷ്യം ഏകീകൃത സംവിധാനംപഞ്ചാബ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്ക് (പി.എം.സി.) 2019-ൽ നേരിട്ട പ്രതിസന്ധിയെത്തുടർന്ന് സഹകരണബാങ്കുകളിൽ റിസർവ് ബാങ്കിന്റെ നിയന്ത്രണം വർധിപ്പിക്കാൻ ബാങ്കിങ് റെഗുലേഷൻ നിയമം ഭേദഗതി ചെയ്തിരുന്നു. പ്രതിസന്ധികളിൽ നിക്ഷേപകരെ രക്ഷിക്കാനായിരുന്നു നടപടി. പല സംസ്ഥാനത്തും അയഞ്ഞരീതിയിൽ നിയന്ത്രിക്കപ്പെടുന്ന സഹകരണമേഖലയെ ഏകീകൃത സംവിധാനത്തിലൂടെ നിയന്ത്രിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ചെറുതല്ല കണക്കുകൾരാജ്യത്ത് 34 സംസ്ഥാന സഹകരണബാങ്കുകളും 351 ജില്ലാ സെൻട്രൽ സഹകരണബാങ്കുകളും 1534 അർബൻ സഹകരണബാങ്കുകളുമുണ്ട്. പ്രാഥമിക കാർഷികവായ്പാ സഹകരണസംഘങ്ങൾകൂടി ചേരുമ്പോൾ എണ്ണം ഒരുലക്ഷത്തോളം വരും. അർബൻ സഹകരണസംഘങ്ങൾക്കുമാത്രം 6.5 ലക്ഷം കോടിയുടെ ആസ്തിയുണ്ടെന്ന് റിസർവ് ബാങ്ക് പറയുന്നു. ഇവയ്ക്ക് 3.1 ലക്ഷം കോടിയുടെ വായ്പയുമുണ്ട്. സംസ്ഥാന സഹകരണബാങ്കുകൾക്ക് 3.4 ലക്ഷം കോടിയും ജില്ലാബാങ്കുകൾക്ക് 5.4 ലക്ഷം കോടിയുമാണ് ആസ്തി. ഇവയ്ക്ക് യഥാക്രമം രണ്ടുലക്ഷം കോടിയും 2.8 ലക്ഷം കോടിയും വായ്പയുമുണ്ട്.ജില്ലാബാങ്കുകളുടെ കിട്ടാക്കടം 12.6 ശതമാനവും (35,298 കോടി), അർബൻ ബാങ്കുകളുടേത് 11.3 ശതമാനവും (35,528 കോടി) ആണ്. അതേസമയം, ഷെഡ്യൂൾഡ് വാണിജ്യബാങ്കുകളുടെ കിട്ടാക്കടം 7.5 ശതമാനമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3y17SpJ
via
IFTTT