കുണ്ടറ (കൊല്ലം) : എൻ.സി.പി.നേതാവിനെതിരേ പരാതിനൽകിയ യുവതി, പോലീസിനുനൽകിയ മൊഴിയിൽ മന്ത്രി എ.കെ.ശശീന്ദ്രനെതിരേയും പരാമർശം. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയെ പിന്തുണച്ചതിനു പിന്നാലെയാണ് മന്ത്രിക്കെതിരേ യുവതി മൊഴിനൽകിയത്. ഫോണിൽവിളിച്ച് പീഡനപരാതി അട്ടിമറിക്കാനും കേസ് ഒത്തുതീർപ്പാക്കാനും മന്ത്രി ശ്രമിച്ചു. അദ്ദേഹത്തിനെതിരേ ഗവർണർക്ക് പരാതിനൽകുമെന്നും യുവതി അറിയിച്ചു. കുണ്ടറ പോലീസ് സ്റ്റേഷനിൽ പരാതിനൽകി 24 ദിവസങ്ങൾക്കുശേഷം വ്യാഴാഴ്ചയാണ് യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.പോലീസിൽ വിശ്വാസമില്ലാത്തതുകൊണ്ടുകൂടിയാണ് ഗവർണർക്ക് പരാതിനൽകുന്നത്. താൻ പോലീസിനു മൊഴിനൽകുന്നതിൽ നിസ്സഹകരിച്ചുവെന്ന മുഖ്യമന്ത്രിയുടെ വാദം കളവാണ്. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും യുവതി പറഞ്ഞു. എൻ.സി.പി. നേതാവ് ജി.പത്മാകരൻ കൈയിൽ പിടിച്ചതായും അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരൻ രാജീവ് സാമൂഹികമാധ്യമംവഴി അപമാനിച്ചതായും മൊഴിയിൽ പറയുന്നുണ്ട്. മന്ത്രിയുടെ ഫോൺസന്ദേശത്തിൽ ഉണ്ടായിരുന്ന കാര്യങ്ങളെല്ലാം യുവതിനൽകിയ മൊഴിയിലുമുണ്ട്. ഫോൺ റെക്കോഡ് ചെയ്യാൻ ഇടയായ സാഹചര്യവും അവർ വിശദീകരിച്ചു. കുണ്ടറ സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഒാഫീസർ ഷീബയാണ് യുവതിയുടെ പെരുമ്പുഴയിലെ വാടകവീട്ടിലെത്തി ഒന്നരമണിക്കൂറോളം മൊഴി രേഖപ്പെടുത്തിയത്. നിയമോപദേശം കിട്ടിയശേഷമാകും മന്ത്രിയുടെപേരിൽ കേസെടുക്കുന്നകാര്യം പരിഗണിക്കുകയെന്നാണ് പോലീസിന്റെ വിശദീകരണം. പ്രാഥമികാന്വേഷണത്തിനു ശേഷമാകും നിയമോപദേശം തേടുക. യുവതി ജൂൺ 28-ന് നൽകിയ പരാതിയിൽ മന്ത്രിയുടെപേര് ഇല്ലാത്തതിനാലും യുവതിയെ നേരിട്ടു വിളിക്കാത്തതിനാലുമാണ് നിയമോപദേശം തേടാൻ അന്വേഷണസംഘം തീരുമാനിച്ചത്. മന്ത്രിക്കെതിരേ നൽകിയ മൊഴിയിൽനിന്നു പിന്മാറില്ലെന്ന് യുവതിയും ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. ബി.ജെ.പി. അധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യാഴാഴ്ച യുവതിയെ സന്ദർശിച്ച് പിന്തുണയറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3hWlM6T
via
IFTTT