കൊച്ചി : ഈ ഫോട്ടോ സ്റ്റുഡിയോയിൽ ഏതെടുത്താലും പത്തു രൂപയാണ്. ഫോട്ടോ എടുക്കണേൽ കുറച്ചുകൂടെ പൈസ കൂടുമെന്നു മാത്രം. കോവിഡ് പ്രതിസന്ധിയിൽ സ്റ്റുഡിയോയിലേക്ക് ആളു കയറാതെയായതോടെയാണ് ജീവിക്കാനായി ഫോട്ടോഗ്രാഫർ വേറിട്ട രീതി അവതരിപ്പിച്ചത്. ഇന്നിപ്പോൾ കളമശ്ശേരി മുട്ടാറിലെ കാമിയോ ഡിജിറ്റൽ സ്റ്റുഡിയോ ഒരു പലചരക്ക് കട കൂടിയാണ്. ഉപ്പുതൊട്ട് കർപ്പൂരം വരെ ഇവിടെ പത്തിന്റെ പാക്കറ്റിലാക്കിയാണ് വില്പന. വെളിച്ചെണ്ണയും പാമോയിലും അടക്കം പത്തു രൂപയുടെ പാക്കറ്റിലുണ്ട്. അങ്ങനെ 150-ഓളം സാധനങ്ങൾ. അതായത് 100 രൂപയുമായി വന്നാൽ അത്യാവശ്യ സാധനങ്ങൾ വാങ്ങി സന്തോഷത്തോടെ മടങ്ങാം. കോവിഡിനെത്തുടർന്ന് എല്ലാവരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. അവർക്കുകൂടി വേണ്ടിയാണ് ഈ സംരംഭമെന്നും ജലീൽ പറഞ്ഞു. അവശ്യം വേണ്ട സാധനങ്ങൾ മാത്രം വാങ്ങി കോവിഡ്കാലത്ത് കുടുംബ ബജറ്റ് നിയന്ത്രിക്കാനും കഴിയും. 18 വയസ്സുമുതൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ജലീൽ മൂന്നുവർഷം മുമ്പാണ് മുട്ടാറിൽ സ്റ്റുഡിയോ തുടങ്ങിയത്. നല്ല നിലയിൽ പോയിരുന്ന സ്റ്റുഡിയോ കോവിഡ് വന്നതോടെ കൂപ്പുകുത്തി. വാടക പോലും കൊടുക്കാനാകാതെ ജലീൽ ബുദ്ധിമുട്ടി. സഹോദരീ ഭർത്താവ് അനസാണ് 10 രൂപയ്ക്ക് സാധനങ്ങൾ വിൽക്കാനുള്ള ആശയം മുന്നോട്ടുവെച്ചത്. ഫോട്ടോഗ്രാഫി കൈവിടാനാകില്ലെന്ന് ജലീൽ പറഞ്ഞതോടെ സ്റ്റുഡിയോ മാറ്റേണ്ടെന്നും തീരുമാനിച്ചു. രണ്ടാം തീയതിയാണ് വേറിട്ട സ്റ്റുഡിയോ പ്രവർത്തനം തുടങ്ങിയത്. വിവരം കേട്ടറിഞ്ഞ ആളുകൾ കൗതുകത്തോടെ എത്താൻ തുടങ്ങി. ദിവസം 3000 രൂപ വരെ കച്ചവടം. വരുന്നവരിൽ ചിലർ ഫോട്ടോ കൂടി എടുക്കാൻ തുടങ്ങിയതോടെ ജലീൽ ഡബിൾ ഹാപ്പി. ദിവസം കുറഞ്ഞത് അഞ്ചു പേരെങ്കിലും ഫോട്ടോയെടുക്കും. 10 രൂപയ്ക്ക് പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി എടുത്തുതരുമോ എന്ന ചോദ്യമാണ് ജലീലിപ്പോൾ കൂടുതൽ നേരിടുന്നത്. ഇതിനും ജലീലിന് മറുപടിയുണ്ട്. 10 രൂപയ്ക്ക് ഫോട്ടോയെടുക്കാല്ലോ. പക്ഷേ പ്രിന്റ് തരില്ല. കംപ്യൂട്ടറിൽ കാണിക്കാനേ കഴിയൂ... 120 രൂപയാണ് നാല് പാസ്പോർട്ട് സൈസ് ഫോട്ടോയ്ക്കുള്ള ചാർജ്. വട്ടേക്കുന്നം സ്വദേശിയാണ് ജലീൽ. സഹോദരിയുടെ കുടുംബമാണ് പാക്കിങ് അടക്കമുള്ള ജോലികൾ ജലീലിന് ചെയ്തു നൽകുന്നത്. Content Highlight: 10 Rupees studio Shop in kochi
from mathrubhumi.latestnews.rssfeed https://ift.tt/2RLqw1g
via
IFTTT