ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഡയറി ഉത്പന്ന സ്ഥാപനമായ ക്വാളിറ്റി ലിമിറ്റഡ് കമ്പനിയ്ക്കെതിരെ 1,400 കോടി രൂപയുടെ വഞ്ചനാക്കുറ്റത്തിന് സിബിഐ കേസ് രജിസ്റ്റർ ചെയ്തു. വായ്പയുടെ പേരിൽ വിവിധ ബാങ്കുകളെ ക്വാളിറ്റി കമ്പനി വഞ്ചിച്ചതായാണ് കേസ്. ഡൽഹി ഉൾപ്പെടെ എട്ട് സ്ഥലങ്ങളിലായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. കമ്പനി ഡയറക്ടർമാരായ സഞ്ജയ് ധിംഗ്ര, സിദ്ധാന്ത് ഗുപ്ത, അരുൺ ശ്രീവാസ്തവ എന്നിവർക്കെതിരെ വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളാണ് സിബിഐ ചുമത്തിയിട്ടുള്ളത്. ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പത്ത് ബാങ്കുകളുടെ സംഘടനയെ കമ്പനി വഞ്ചിച്ചതായാണ് കേസ്. 2010 മുതൽ വായ്പയെടുത്തിരുന്ന കമ്പനി 2018 ഓടെ വായ്പാതിരിച്ചടവിൽ വീഴ്ച വരുത്താനാരംഭിച്ചതായുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. വായ്പ എടുത്ത തുകയിൽ കമ്പനി 7,107.23 കോടി രൂപ മാത്രമാണ് ബാങ്കുകളിലേക്ക് തിരിച്ചടച്ചതെന്ന് സിബിഐ കണ്ടെത്തി. ഇതിനായി കമ്പനി വ്യാജരേഖകൾ ചമയ്ക്കുകയും ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക്, ഐഡിബിഐ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവയുടെ കൺസോർഷ്യത്തിന് 1400.62 കോടി രൂപയാണ് ക്വാളിറ്റി കമ്പനി നൽകാനുള്ളത്. ഡൽഹി കൂടാതെ സഹരൺപുർ, ബുലന്ദ്ശഹർ, അജ്മീർ, പൽവാൽ തുടങ്ങിയ നഗരങ്ങളിലും സിബിഐ അന്വേഷണം നടത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും പുരാതനവും പ്രശസ്തവുമായ ഐസ്ക്രീം നിർമാണ കമ്പനിയായ ക്വാളിറ്റി കമ്പനി 2018 ഡിസംബർ മുതൽ പാപ്പർനടപടിക്രമങ്ങൾ നേരിടുകയാണ്. ആഗോള നിക്ഷേപക കമ്പനിയായ കെകെആർ നിക്ഷേപിച്ച 520 കോടി മടക്കി ചോദിച്ച് 2016 ൽ കോടതിയെ സമീപിച്ചതോടെയാണ് ക്വാളിറ്റിയ്ക്കെതിരെ കേസുകൾ ആരംഭിച്ചത്. Content Highlights: Dairy Maker Kwality Charged By CBI With Rs 1,400 Crore Bank Loan Fraud
from mathrubhumi.latestnews.rssfeed https://ift.tt/2ZZ2UuO
via
IFTTT