Breaking

Thursday, September 24, 2020

കൊലവിളിക്കുന്ന കാട്ടാനകൾക്കിടയിൽ ബോധമറ്റ് ആറ് മണിക്കൂർ...

മൂന്നാർ: ഷെഡ്ഡ് ദേഹത്ത് വീണപ്പോഴാണ് ജെയിംസ് ഞെട്ടിയുണർന്നത്. ഓടി പുറത്തിറങ്ങിയപ്പോൾ ചെന്നുപെട്ടത് കാട്ടാനകളുടെ മുൻപിൽ. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മരക്കൊമ്പിൽ ഉടുപ്പ് ഉടക്കി നിലത്തുവീണുപോയി. എങ്ങനെയൊക്കെയോ പോളിഞ്ഞുകിടന്ന ഷെഡ്ഡിനുള്ളിലേക്ക് നിരങ്ങിക്കയറിയപ്പോഴേക്കും ജെയിംസിന്റെ ബോധം പോയിരുന്നു. ബോധമറ്റ് കാട്ടാനകളുടെയിടയിൽ ആറ് മണിക്കൂറോളം കിടന്ന വട്ടവട പഴത്തോട്ടം സ്വദേശി ജെയിംസി(43)ന് ഇത് പുനർജന്മമാണ്. പച്ചക്കറി കർഷകനായ ജെയിംസ് വീട്ടിൽനിന്ന് മൂന്നുകിലോമീറ്റർ ദൂരത്തുള്ള കൃഷിയിടത്തിലെ ഷെഡ്ഡിൽ കാവൽ കിടക്കുകയായിരുന്നു. കൃഷിയിടത്തിലെ കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ് എന്നിവ വന്യമ്യഗങ്ങളിൽനിന്ന് രക്ഷിക്കുന്നതിനാണ് രാത്രിയിൽ സ്ഥിരമായി കാവൽ കിടന്നിരുന്നത്. ഉറക്കത്തിനിടെ ബുധനാഴ്ച വെളുപ്പിന് രണ്ടിനാണ് ഷെഡ്ഡ് തകർന്ന് ദേഹത്ത് വീണത്. ചാടിയെഴുന്നേറ്റ് പുറത്തുകടന്നപ്പോൾ ചുറ്റിനും കൊമ്പൻമാരടക്കം ആറ് ആനകൾ. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഷർട്ട് ഷെഡ്ഡിന്റെ മരക്കമ്പിലുടക്കി താഴെ വീണെങ്കിലും അവിടെനിന്ന് ഉരുണ്ട്, തകർന്നുകിടന്ന ഷെഡ്ഡിനുകീഴിലേക്ക് കയറിയതോടെ ജെയിംസിന് ബോധം നഷ്ടപ്പെട്ടു. രാവിലെ ഏഴുമണിയായിട്ടും ഭർത്താവിനെ കാണാഞ്ഞ് ഫോണിൽ വിളിച്ചിട്ടും വീട്ടിൽ മടങ്ങിയെത്താത്തതിനെത്തുടർന്ന് ഭാര്യ ചന്ദ്രമേഖല കൃഷിയിടത്തിലെത്തിയപ്പോഴാണ് ഷെഡ്ഡ് തകർന്നുകിടക്കുന്നത് കണ്ടത്. ഈ സമയവും കാട്ടാനക്കൂട്ടം കൃഷിയിടത്തിലുണ്ടായിരുന്നു. ഇവരുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തി പടക്കംപൊട്ടിച്ച് ആനകളെ ഓടിച്ചു. തിരച്ചിലിലാണ് ബോധമറ്റുകിടക്കുന്ന ജെയിംസിനെ കണ്ടെത്തിയത്. ജെയിംസിനെ വട്ടവട പി.എച്ച്.സി.യിലെത്തിച്ച് പ്രഥമചികിത്സ നൽകിയശേഷം ടാറ്റാ ടീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിനും നടുവിനും പരിക്കേറ്റിട്ടുണ്ട്. Content Highlight: Elephant attack Munnar


from mathrubhumi.latestnews.rssfeed https://ift.tt/3hYk7uu
via IFTTT