Breaking

Thursday, September 24, 2020

തന്നെ ചോദ്യംചെയ്യുമെന്ന പൂതി മനസ്സിൽ വെച്ചാൽ മതി - ക്ഷോഭിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഓഫീസും തദ്ദേശമന്ത്രിയും ആരോപണനിഴലിൽ നിൽക്കുമ്പോൾ വിജിലൻസ് അന്വേഷണം ഉചിതമാണോയെന്ന ചോദ്യത്തോടു ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ''നിങ്ങൾക്ക് പ്രത്യേക മാനസികാവസ്ഥയാണ്. മുഖ്യമന്ത്രിയെയും മന്ത്രിയെയും ചോദ്യംചെയ്യാൻ പോകുന്നുവെന്ന പൂതി മനസ്സിൽവെച്ചാൽ മതി. അത്തരം മാനസികാവസ്ഥ പാടില്ല. നാക്കുണ്ടെന്നു കരുതി എന്ത് അസംബന്ധവും വിളിച്ചുപറയരുത്. അസംബന്ധം പറയാനുള്ളതല്ല വാർത്താസമ്മേളനം. ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളത്'' -മുഖ്യമന്ത്രി ചോദിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി ഭവനസമുച്ചയമുണ്ടാക്കാൻ യു.എ.ഇ. റെഡ്ക്രസന്റുമായി കരാറുണ്ടാക്കിയതിനെക്കുറിച്ച് അന്വേഷിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ്ക്രസന്റോ കേന്ദ്ര അന്വേഷണ ഏജൻസികളോ എന്തെങ്കിലും വിവരം കൈമാറിയാൽ അന്വേഷിക്കാമെന്നാണു നേരത്തേ പറഞ്ഞത്. അതില്ലാതെതന്നെയാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. പദ്ധതി സംബന്ധിച്ച് ചിലർ ആരോപണം ഉയർത്തിയിട്ടുണ്ട്. 20 കോടിയുടെ കരാർ തുകയിൽ ഇടനിലക്കാർ പണം കൈപ്പറ്റിയതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർക്ക് അനുമതിനൽകിയത്. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയുണ്ടാകും. വിജിലൻസ് സ്വതന്ത്ര ഏജൻസിയാണ്. മറ്റേതെങ്കിലും അന്വേഷണം വേണമെങ്കിൽ അവർക്ക് നിർദേശിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.ബി.ഐ.യെ ഭയപ്പെടുന്നതുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ, എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ ആരോപണമാകുമോയെന്ന് മുഖ്യമന്ത്രി തിരിച്ചുചോദിച്ചു. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടവർക്ക് എം.ഒ.യു.വിന്റെ പകർപ്പ് ഉൾപ്പെടെ നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് മുഴുവൻ രേഖകളും പരസ്യപ്പെടുത്തണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു കാര്യങ്ങളിൽ അദ്ദേഹത്തിന് ചോദിച്ച രേഖകൾ നൽകാൻ ഒരു അലംഭാവവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/33X7878
via IFTTT