Breaking

Thursday, September 24, 2020

ഇടതുമായി സഹകരിക്കാനില്ല; പുതുശ്ശേരി ജോസഫ് ഗ്രൂപ്പിലേക്ക്

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ഇടതുപക്ഷത്തേക്കു നീങ്ങുന്നതിൽ പ്രതിഷേധിച്ച് ജോസഫ് എം. പുതുശ്ശേരിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം പി.ജെ. ജോസഫ് പക്ഷത്തോടൊപ്പം ചേരാനൊരുങ്ങുന്നു. പാർട്ടി യു.ഡി.എഫ്. വിട്ടപ്പോൾ ഒപ്പംനിന്നെങ്കിലും ഇടതുപക്ഷത്തേക്കു പോകുന്നതിനോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. യു.ഡി.എഫ്. വിട്ട ജോസ് വിഭാഗം ഇടതുപക്ഷവുമായി അടുക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ മത്സരിക്കാൻ വേണമെന്ന പട്ടിക ഇവർ സി.പി.എം. നേതൃത്വത്തിന് ജില്ലാടിസ്ഥാനത്തിൽ നൽകിയിരുന്നു. ഇടതുമുന്നണിയിൽ സമവായമാകുന്നതനുസരിച്ച് ജോസ് വിഭാഗവുമായി പരസ്യ ധാരണയിലേക്കു വരാനാണ് സി.പി.എം. ഉദ്ദേശിക്കുന്നത്. ഇടതുപക്ഷത്തേക്കു പോകാൻ താത്പര്യമില്ലാത്തവരെ ജോസ് വിഭാഗത്തിൽനിന്ന് അടർത്താൻ കോൺഗ്രസിന്റെ ഒത്താശയുമുണ്ട്. ജോസ് വിഭാഗം വിട്ട് യു.ഡി.എഫിൽ നിൽക്കുന്നവർക്ക് സംരക്ഷണം നൽകുമെന്ന് മുന്നണിനേതൃത്വം ഉറപ്പുനൽകുന്നു. എന്നാൽ, വരുന്നവർ പുതിയ കേരള കോൺഗ്രസാവാതെ ജോസഫ് ഗ്രൂപ്പിനൊപ്പം ചേരട്ടേയെന്ന നിലപാടിലാണ് കോൺഗ്രസ്. കെ.എം. മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് യു.ഡി.എഫ്. വിട്ടപ്പോഴും മുറുമുറുപ്പുകളുണ്ടായിരുന്നെങ്കിലും പാർട്ടി ഒറ്റയ്ക്കു നിൽക്കുകയായിരുന്നതിനാൽ കൂടുതൽ പൊട്ടിത്തെറിയുണ്ടായില്ല. 1991, 2001, 2006 വർഷങ്ങളിൽ കല്ലൂപ്പാറയിൽനിന്ന് നിയമസഭാംഗമായ പുതുശ്ശേരിക്ക് മണ്ഡലം ഇല്ലാതായതിനെത്തുടർന്ന് 2011-ൽ സീറ്റ് ലഭിച്ചില്ല. 2016-ൽ തിരുവല്ലയിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവിൽ പാർട്ടി ഉന്നതാധികാരസമിതി അംഗമാണ്. Content Highlights:Ex MLA Joseph M Puthusseri does not go with Jose K Mani to LDF


from mathrubhumi.latestnews.rssfeed https://ift.tt/32Yx1o1
via IFTTT