ന്യൂഡൽഹി: നാഗാലൻഡിനെ ഡിസംബർ അവസാനം വരെ ആറ് മാസത്തേക്കു കൂടി അസ്വസ്ഥമേഖലയായി കേന്ദ്രസർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിർത്താൻ സായുധസേനയുടെ സഹായം ഉപയോഗപ്പെടുത്തേണ്ട തരത്തിൽ നാഗാലൻഡ് പൂർണമായും അസ്വസ്ഥവും അപകടകരവുമായ അവസ്ഥയിലാണെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ആർമ്ഡ് ഫോഴ്സസ് സ്പെഷ്യൽ പവർ ആക്ട്(അഫ്സ്പ) മൂന്നാം വകുപ്പ് നൽകുന്ന പ്രത്യേക അധികാരമുപയോഗപ്പെടുത്തി ജൂൺ 30, 2020 മുതൽ ആറ് മാസത്തേക്ക് സമ്പൂർണ നാഗാലൻഡിനെ അസ്വസ്ഥമേഖലയായി പ്രഖ്യാപിക്കുന്നു, ഉത്തരവിൽ പറയുന്നു. ആറ് പതിറ്റാണ്ടായി നാഗാലൻഡ് അഫ്സ്പയുടെ കീഴിലാണ്. നാഗാ കലാപകാരികളുടെ സംഘടനയായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലൻഡിന്റെ ജനറൽ സെക്രട്ടറി തുയിംഗലെങ് മുയിവയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ സർക്കാർ പ്രതിനിധി ആർ എൻ രവി 2015 ഓഗസ്റ്റിൽ സമാധാന കരാർ ഒപ്പിട്ടെങ്കിലും സംസ്ഥാനത്ത് അഫ്സ്പ പിൻവലിച്ചിരുന്നില്ല. അഫ്സ്പ അനുസരിച്ച് ക്രമസമാധാനനില പരിപാലിക്കാൻ തിരച്ചിലിനും അറസ്റ്റിനും ആവശ്യമെങ്കിൽ വെടിയുതിർക്കാനും സായുധ സേനയ്ക്ക് അധികാരമുണ്ടായിരിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/38fOklv
via
IFTTT