ചെന്നൈ : തൂത്തുക്കുടി കസ്റ്റഡിമരണത്തിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. വ്യാപാരികളായ ജയരാജും മകൻ ബെന്നിക്സും പീഡിപ്പിക്കപ്പെട്ട സാത്താൻകുളം സ്റ്റേഷനിലെ വനിതാ പോലീസാണ് കോവിൽപ്പെട്ടി മജിസ്ട്രേറ്റ് എം.എസ്. ഭാരതീദാസനു മുന്നിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്. സാത്താൻകുളം സ്റ്റേഷനിൽ അന്വേഷണത്തിൽ സഹകരിച്ചതും ഇവർ മാത്രമാണ്. കേസിലെ പ്രധാന ദൃക്സാക്ഷിയാണ് ഈ പോലീസുകാരി. ബാക്കി പോലീസുകാർ മജിസ്ട്രേറ്റിനെ നിന്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 28-നാണ് മജിസ്ട്രേറ്റ് തെളിവെടുപ്പിനായി സാത്താൻകുളം പോലീസ് സ്റ്റേഷനിൽ ചെന്നത്. തന്റെ പേരുവിവരങ്ങൾ പുറത്തുവിടരുതെന്ന് അവർ അപേക്ഷിച്ചതായി മജിസ്ട്രേറ്റ് വ്യക്തമാക്കി. അവരിൽനിന്ന് തെളിവെടുക്കുമ്പോൾ മറ്റു പോലീസുകാർ ചോർത്താൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു കോടതിജീവനക്കാരെ മുറിക്കുപുറത്ത് സുരക്ഷയ്ക്കായി നിർത്തിയാണ് തെളിവെടുത്തത്. അറസ്റ്റിലായ ജയരാജനെയും മകൻ ബെന്നിക്സിനെയും 19-ന് രാത്രി മുഴുവൻ പോലീസുകാർ പീഡിപ്പിച്ചെന്ന് അവർ മൊഴി നൽകി. ലാത്തികളിലും മേശകളിലും രക്തക്കറ പുരണ്ടിരുന്നു. ഇത് ഇല്ലാതാക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും ലാത്തിയും മറ്റും മജിസ്ട്രേറ്റ് എടുത്തുകൊണ്ടു പോകണമെന്നും വനിതാ പോലീസ് ആവശ്യപ്പെട്ടു. മൊഴി രേഖപ്പെടുത്തിയ കടലാസിൽ ഒപ്പിടാൻ ആദ്യം അവർ ഒരുക്കമായിരുന്നില്ല. സുരക്ഷ ഉറപ്പുനൽകിയശേഷം ഏറെ നിർബന്ധിച്ചാണ് അവർ ഒപ്പിട്ടത്. വനിതാ പോലീസിൽനിന്ന് മൊഴിയെടുത്തശേഷം മറ്റു പോലീസുകാരോട് ലാത്തി ആവശ്യപ്പെട്ടപ്പോൾ അവർ കേട്ടില്ലെന്നു നടിച്ചു. വീണ്ടും ആവശ്യപ്പെട്ടപ്പോൾ ചിലർ നൽകി. മഹാരാജൻ എന്ന പോലീസുകാരൻ ഭീഷണിപ്പെടുത്തി. ലാത്തി നാട്ടിലുണ്ടെന്നായിരുന്നു ആദ്യത്തെ ഉത്തരം. പിന്നീട് ക്വാർട്ടേഴ്സിലാണെന്നും ഒടുവിൽ ലാത്തി ഇല്ലെന്നും മറുപടി നൽകി. മറ്റൊരു പോലീസുകാരൻ ലാത്തി ആവശ്യപ്പെട്ടപ്പോൾ സ്റ്റേഷന്റെ മതിൽചാടി രക്ഷപ്പെട്ടെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങളിലും കൃത്രിമം നടത്തിയതായി കണ്ടെത്തി. ഹാർഡ് ഡിസ്കിലുള്ള ദൃശ്യങ്ങൾ കാണാൻ ജില്ലാ കോടതിയിൽനിന്ന് സിസ്റ്റം ഓഫീസറെ കൊണ്ടുവന്നിരുന്നു. എന്നാൽ, 19 മുതൽ സ്റ്റേഷനിൽ നടന്ന ഒരു സംഭവത്തിന്റെയും ദൃശ്യങ്ങളോ വിവരങ്ങളോ ഹാർഡ് ഡിസ്കിൽ ഉണ്ടായിരുന്നില്ല. എല്ലാം മായ്ച്ചിരുന്നു. എന്നിരുന്നാലും പ്രധാന തെളിവെന്ന നിലയിൽ ഹാർഡ് ഡിസ്ക് സൂക്ഷിച്ചിരിക്കുകയാണ്. താൻ തെളിവെടുപ്പിനുചെന്നപ്പോൾ എ.എസ്.പി. ഡി. കുമാറും ഡി.എസ്.പി. പ്രതാപനും ഉണ്ടായിരുന്നു. എന്നാൽ തന്നെ ബഹുമാനിക്കുകയോ സല്യൂട്ട് ചെയ്യുകയോ ചെയ്തില്ല. രേഖകൾ ആവശ്യപ്പെട്ടപ്പോൾ കേട്ടില്ലെന്നു നടിച്ചു. റൈറ്ററും രേഖകകൾ കൈമാറുന്നത് മനഃപൂർവം വൈകിപ്പിച്ചു - മജിസ്ട്രേറ്റ് വ്യക്തമാക്കി.
 
from mathrubhumi.latestnews.rssfeed https://ift.tt/31vgY0u
via 
IFTTT