തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തുനിന്ന് നിർണായക വിവരങ്ങൾ ചോരുന്നതിൽ അന്വേഷണത്തിന് അനുമതിതേടി പോലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകി. സമീപകാലത്ത് പോലീസിനെ പ്രതിക്കൂട്ടിലാക്കിയ വാർത്തകൾ പുറത്തുവന്നതാണ് ഡി.ജി.പി.യെ ചൊടിപ്പിച്ചത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിന്റേതടക്കമുള്ള വിവരങ്ങൾ ചോർന്നത് പോലീസ് ആസ്ഥാനത്തു നിന്നാണെന്നാണ് ഡി.ജി.പി.യുടെ നിഗമനം. ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകണമെന്നാണ് ആവശ്യം. പോലീസ് നവീകരണം, ട്രാഫിക് പരിഷ്കരണം, സുരക്ഷാ സംവിധാനമൊരുക്കൽ എന്നിവയെക്കുറിച്ചെല്ലാം ഒട്ടേറെ ക്രമക്കേട് ആരോപണങ്ങളാണ് സമീപകാലത്ത് പുറത്തുവന്നത്. പോലീസ് നവീകരണത്തിനുള്ള കേന്ദ്രഫണ്ടടക്കം വകമാറ്റി ചെലവഴിച്ചുവെന്ന് സി.എ.ജി. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ ഇടനിലയാക്കിയാണ് പല ഇടപാടുകളും പോലീസ് നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. സി.എ.ജി. റിപ്പോർട്ടിനു പിന്നാലെ പോലീസിലെ പല പദ്ധതികളെക്കുറിച്ചും അഴിമതിയാരോപണവുമായി വാർത്തകൾ പുറത്തുവന്നു. ഇതാണ് പോലീസ് ആസ്ഥാനത്തെ ഡി.ജി.പി. സംശയത്തിന്റെ നിഴലിൽനിർത്താൻ കാരണം. ട്രാഫിക് നവീകരണ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ടെക്നിക്കൽ കമ്മിറ്റിയിലെ വിവരങ്ങളടക്കം മാധ്യമങ്ങൾക്കു ലഭിച്ചിരുന്നു. ഇങ്ങനെ പുറത്തുവന്ന വാർത്തകളിലെല്ലാം ഡി.ജി.പി.യാണു പ്രതിക്കൂട്ടിൽ. വാണിജ്യ സ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കും സി.സി.ടി.വി. ക്യാമറ സ്ഥാപിച്ച് സുരക്ഷയൊരുക്കാൻ തയ്യാറാക്കിയ 'സിംസ്' പദ്ധതിയെക്കുറിച്ചും വിവരങ്ങൾ ചോർന്നത് പോലീസിൽനിന്നാണെന്നാണ് ഡി.ജി.പി.യുടെ നിഗമനം. പോലീസ് ആസ്ഥാനത്തുനിന്ന് വാർത്ത ചോരുന്നതിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ഡി.ജി.പി. അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സർക്കാർ അനുമതിയോടെ പ്രത്യേക സംഘത്തെ നിയോഗിച്ചാൽ, അന്വേഷണത്തിന് ഫോൺ ചോർത്തലടക്കം ചെയ്യാൻ പോലീസിനു തടസ്സമുണ്ടാവില്ല. content highlights;information leak from police headquarters, DGP seek permission for enquiry
from mathrubhumi.latestnews.rssfeed https://ift.tt/2TaJd05
via
IFTTT