ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് മുന്നറിയിപ്പുമായി വീണ്ടും ലിംഗായത്ത് മഠാധിപതി. കലബുറഗി എം.എൽ.എ. ദത്താത്രേയ പാട്ടിൽ റെവൂരിനെ മന്ത്രിയാക്കിയില്ലെങ്കിൽ ബി.ജെ.പി. എം.എൽ.എ.മാരുടെ കൂട്ടരാജിയുണ്ടാകുമെന്ന് ശ്രീശൈല സാരംഗ് മഠാധിപതി സാരംഗധര ദേശികേന്ദ്ര സ്വാമി മുന്നറിയിപ്പുനൽകി. യെദ്യൂരപ്പ കാലാവധി പൂർത്തിയാക്കണമെന്നും അടുത്ത തിരഞ്ഞെടുപ്പിലും ബി.ജെ.പി. വിജയിക്കണമെന്നുമാണ് ആഗ്രഹിക്കുന്നത്. എന്നാൽ, ദത്താത്രേയ പാട്ടീൽ റെവൂരിനെ മന്ത്രിയാക്കിയില്ലെങ്കിൽ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ യെദ്യൂരപ്പയ്ക്ക് കഴിയില്ലെന്നും സാരംഗധര ദേശികേന്ദ്ര സ്വാമി പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കല്യാണ കർണാടക മേഖലയിൽനിന്നുള്ള പത്ത് എം.എൽ.എ.മാർ രാജിവെക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മന്ത്രിയാക്കുന്നില്ലെങ്കിൽ ദത്താത്രേയ പാട്ടീലിനോട് എം.എൽ.എ.സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടുമെന്നും ഏക്കർ കണക്കിന് കൃഷിയിടവും ബിസിനസുമുള്ള അദ്ദേഹത്തിന് രാഷ്ട്രീയത്തിന്റെ ആവശ്യമില്ലെന്നും മഠാധിപതി പറഞ്ഞു. സമുദായാംഗങ്ങളായ എം.എൽ.എ.മാരെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി നേരത്തേയും മഠാധിപതിമാർ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലും സർക്കാരിലും സമുദായനേതാക്കൾ ഇടപെടുന്നതിനെ രാഷ്ട്രീയനേതാക്കൾ ശക്തമായി എതിർത്തിരുന്നു. കഴിഞ്ഞമാസം ലിംഗായത്ത് മഠാധിപതിയായ വചനാനന്ദ സ്വാമിയും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പങ്കെടുത്ത ചടങ്ങിൽവെച്ച് സമുദായാംഗവും എം.എൽ.എ.യുമായ മുരുകേഷ് നിറാനിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെടുകയായിരുന്നു. വേദിയിലുണ്ടായിരുന്ന യെദ്യൂരപ്പ സ്വാമിയോട് അമർഷം പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ തയ്യാറാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. വചനാനന്ദ സ്വാമിയെ തള്ളി മറ്റ് ലിംഗായത്ത് മഠാധിപതികൾ രംഗത്തെത്തുകയും മുഖ്യമന്ത്രിക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ലിംഗായത്ത് മഠാധിപതി യെദ്യൂരപ്പയെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്. Content Highlights:Lingayat monk threatens to overthrow Yeddyurappa government
from mathrubhumi.latestnews.rssfeed https://ift.tt/2wjARKo
via
IFTTT