കൊല്ലം: ദേവനന്ദ ബാക്കിവെച്ചുപോയ ഒന്നാംക്ലാസിലെ ചിത്രപുസ്തകം. ഭൂമിയിൽനിന്ന് മടങ്ങിയ ആ കുഞ്ഞുമാലാഖയുടെ ഓർമയ്ക്കായി വാക്കനാട് സരസ്വതീ വിദ്യാനികേതനിലെ അധ്യാപകർ ഈ പുസ്തകം ഹൃദയത്തോട് ചേർക്കുന്നു. ക്ലാസ് മുറിയുടെ ചുമരിൽ കുഞ്ഞിക്കൈകൊണ്ട് അവൾ വരച്ച നമ്പർ ചാർട്ട്. മുറ്റത്ത് പരിസ്ഥിതി ദിനത്തിൽ അവൾ നട്ട നന്ത്യാർവട്ടം. അതിൽ നിറയെ വെള്ള പൂക്കൾ ''വരയ്ക്കാനും നിറം കൊടുക്കാനും പാടാനും നൃത്തംചെയ്യാനുമൊക്കെ വലിയ ഉത്സാഹമായിരുന്നു. എല്ലാ കാര്യങ്ങൾക്കും മുമ്പിലുണ്ടാവും. ഭഗവദ് ഗീതയുടെ ഒന്നാം അധ്യായം മുഴുവൻ കാണാതെ പറയുമായിരുന്നു അവൾ''- അധ്യാപിക ഗീതാമണി പറഞ്ഞു. ഓരോ ഓർമത്തുണ്ടുകളും സൂക്ഷിക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ മാനേജ്മെന്റ്. സരസ്വതീ വിദ്യാനികേതനിലെ ഒന്നാംക്ലാസ് മുറിക്ക് 'ദേവനന്ദ' എന്ന് പേരിടുമെന്ന് വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് സി. വിജയകുമാർ, സെക്രട്ടറി അരുൺ പട്ടാഴി എന്നിവർ പറഞ്ഞു. കുടവട്ടൂർ നന്ദനത്തിൽ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകൾ ദേവനന്ദ (പൊന്നു) യെ വ്യാഴാഴ്ച രാവിലെയാണ് കാണാതായത്. വ്യാഴാഴ്ച പകലും രാത്രിയും മലയാളികൾ കുഞ്ഞിനുവേണ്ടി പ്രാർഥനയോടെ കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ വീട്ടിൽനിന്ന് 300 മീറ്റർ അകലെ പള്ളിമൺ ആറിൽ മൃതദേഹം കണ്ടെത്തിയതോടെ ദേവനന്ദ കേരളത്തിന്റെ നൊമ്പരമായി. Content Highlights:Kerala Weeps Over Death Of Devananda
from mathrubhumi.latestnews.rssfeed https://ift.tt/2vtMm1N
via
IFTTT