ബെംഗളൂരു: മന്ത്രവാദത്തിന്റെ പേരിൽ യുവതിയുടെ 27 കോടി രൂപ തട്ടിയെടുത്ത കേസിൽ നാലുപേരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. ദേവരാജ്, സായി കൃഷ്ണ, പെരുമാൾ, മഞ്ജു എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി നാഗരാജ് ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. രാമമൂർത്തിനഗർ എൻ.ആർ.ഐ. ലേഔട്ട് സ്വദേശി ഗീത (48) ആണ് ഫെബ്രുവരി 20-ന് പോലീസിൽ പരാതിനൽകിയത്. അടുത്തിടെ നിലവിൽവന്ന അന്ധവിശ്വാസ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുടുംബത്തിൽ വിവിധ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ 2009-ൽ ഭർത്താവ് മരിച്ചതായും പിന്നീട് 2014-ൽ സുഹൃത്തുവഴിയാണ് പ്രധാനപ്രതി നാഗരാജിനെ പരിചയപ്പെട്ടതെന്നും യുവതി പരാതിയിൽ പറയുന്നു. ക്ഷേത്രത്തിലെ പൂജാരിയാണെന്നും ദൈവികസിദ്ധിയുണ്ടെന്നും അവകാശപ്പെട്ട നാഗരാജ് കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. ദുഷ്ടശക്തിയാൽ യുവതിയും മൂന്നുമക്കളും മരിക്കുമെന്നുൾപ്പെടെയുള്ള പേടിപ്പിക്കുന്ന കഥകൾ നാഗരാജ് പറഞ്ഞു വിശ്വസിപ്പിച്ചു. ഇതൊഴിവാക്കാൻ പൂജകൾ നടത്തണമെന്നും സ്വത്തുക്കൾ കൈയിൽവെക്കരുതെന്നും യുവതിയോടു പറഞ്ഞു. സ്വത്ത് വിറ്റ് പണം തന്നെ ഏൽപ്പിക്കാനും പ്രശ്നകാലം തീർന്നുകഴിയുമ്പോൾ പണം തിരികെ നൽകാമെന്നും നാഗരാജ് പറഞ്ഞു. ഇതു വിശ്വസിച്ച യുവതി സ്വന്തം പേരിലും മക്കളുടെ പേരിലുമുണ്ടായിരുന്ന വിവിധ ആസ്തികൾ വിറ്റ് നാഗരാജിന് അഞ്ചു കോടി രൂപയും മൂന്നു കിലോ സ്വർണവും നൽകിയതായി പോലീസ് പറഞ്ഞു. പിന്നീട് പണം തിരികെ വാങ്ങാൻ ശ്രമിച്ചപ്പോൾ ദുർമന്ത്രവാദത്തിലൂടെ കുടുംബത്തെ കൊല്ലുമെന്ന് നാഗരാജ് ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നാണ് യുവതി പോലീസിൽ പരാതിനൽകിയത്. ഭർത്താവിന് കുടുംബപരമായി ലഭിച്ച വസ്തുക്കളായിരുന്നു വിറ്റതെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ വീട്ടിൽ റെയ്ഡ് നടത്തിയാണ് ഇവരെ അറസ്റ്റുചെയ്തത്. Content Highlights:black magic, woman loses 27 crore, Bengaluru India, Karnataka Police
from mathrubhumi.latestnews.rssfeed https://ift.tt/2I40odo
via
IFTTT