ന്യൂഡൽഹി: 370-ാം വകുപ്പ് റദ്ദാക്കിയ നടപടിയെ ഭൂരിപക്ഷം കശ്മീരികളും അനുകൂലിക്കുന്നതായി തനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പാകിസ്താന്റെ പെരുമാറ്റം ഏതു വിധത്തിലാണെന്നതിന് അനുസരിച്ചായിരിക്കും ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ പിൻവലിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അജിത് ഡോവൽ. "370-ാം അനുച്ഛേദപ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്നത് പ്രത്യേക പദവിയല്ല, പ്രത്യേക വിവേചനമായിരുന്നു. അത് റദ്ദാക്കുന്നതിലൂടെ കശ്മീരികളെമറ്റ് ഇന്ത്യക്കാർക്കൊപ്പമാക്കുകയാണ് ചെയ്തത്. ഭൂരിപക്ഷം കശ്മീരികളും 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ അനുകൂലിക്കുന്നവരാണെന്ന് ബോധ്യംവന്നിട്ടുണ്ട്. എതിർപ്പ് പ്രകടിപ്പിക്കുന്നത് ഒരു ന്യൂനപക്ഷം മാത്രമാണ്. എന്നാൽ അവരുടെ ശബ്ദം കശ്മീരികളുടെ ശബ്ദമായി വ്യാഖ്യാനിക്കപ്പെടുകയാണ്" അദ്ദേഹം പറഞ്ഞു. "പാകിസ്താന്റെ പെരുമാറ്റം ഏതു വിധത്തലാണെന്നതിനെ ആശ്രയിച്ചായിരിക്കും ജമ്മു കശ്മീരിലെ വാർത്താവിനിമയ സംവിധാനങ്ങൾ അടക്കമുള്ളവയുടെ നിയന്ത്രണങ്ങൾ നീക്കുക. പാകിസ്താൻ തീവ്രവാദികൾക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കാതിരിക്കുകയും, പാകിസ്താന്റെ മൊബൈൽ ടവറുകൾ ഉപയോഗിക്കാൻ അവസരമൊരുക്കുന്നത് നിർത്തുകയും ചെയ്യണം. അങ്ങനെയാണെങ്കിൽ തീവ്രവാദികളുടെ ഇടപെടലുകളും ഭീഷണിയും ഇല്ലാതാകും. അതോടെ ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ പിൻവലിക്കാനാവും",അജത് ഡോവൽ പറഞ്ഞു. നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പാകിസ്താൻ തീവ്രവാദികളുടെ ആക്രമണങ്ങളിൽനിന്ന് കശ്മീരികളെ സംരക്ഷിക്കുന്ന കാര്യത്തിൽ നാം പ്രതിജ്ഞാബദ്ധരാണ്. തീവ്രവാദികളെ തുരത്തുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനായാണ് പോലീസും കേന്ദ്ര സേനയും കശ്മീരിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:Ajit Doval On Pak Intercepts Heard In J&K
from mathrubhumi.latestnews.rssfeed https://ift.tt/2UJyatR
via
IFTTT