ന്യൂഡൽഹി: തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം കോടതിയിലേക്കുനീണ്ട പശ്ചാത്തലത്തിലെ അനിശ്ചിതത്വത്തിനൊടുവിൽ ജെ.എൻ.യു.വിൽ വോട്ടെണ്ണൽ തുടങ്ങി. ശനിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടുമണിയോടെയാണ് വോട്ടെണ്ണൽനടപടികൾ ആരംഭിച്ചത്. രാത്രി എട്ടരയോടെ 350 വോട്ടുകളേ എണ്ണിക്കഴിഞ്ഞിട്ടുള്ളൂ. അതനുസരിച്ച്, കേന്ദ്രപാനലിലെ നാലു സ്ഥാനങ്ങളിലും ഇടതുസഖ്യത്തിനാണ് മേൽക്കൈ. ഇത്തവണ എ.ബി.വി.പി.യുമായി നേർക്കുനേർ പോരാട്ടത്തിലാണ് ഇടതുപക്ഷം. എല്ലാ സ്ഥാനങ്ങളിലും എ.ബി.വി.പി. സ്ഥാനാർഥികൾക്കാണ് രണ്ടാംസ്ഥാനം. തങ്ങളുടെ നാമനിർദേശപത്രികകൾ അകാരണമായി തള്ളിയെന്നു ചൂണ്ടിക്കാട്ടി രണ്ടു വിദ്യാർഥികൾ കോടതിയെ സമീപിച്ചതാണ് ഫലപ്രഖ്യാപനത്തിലെ പ്രതിസന്ധി. കേസു വീണ്ടും പരിഗണിക്കുന്നതുവരെ ഫലപ്രഖ്യാപനം പാടില്ലെന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ ഉത്തരവിട്ടു. ഇനി 17-നുമാത്രമേ കേസു പരിഗണിക്കൂ. ഈ സാഹചര്യത്തിൽ അതുവരെ ജെ.എൻ.യു. വിദ്യാർഥിയൂണിയൻ തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കാനാവില്ല. എന്നാൽ, നിയമപരമായ മറ്റു മാർഗങ്ങളും അധികൃതർ തേടുന്നുണ്ടെന്ന് അറിയുന്നു. അനിശ്ചിതത്വമായതിനാൽ വോട്ടെടുപ്പു പൂർത്തിയായ വെള്ളിയാഴ്ച രാത്രി വോട്ടെണ്ണൽ തുടങ്ങിയില്ല. ഉച്ചയ്ക്കു 12 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചെങ്കിലും ഏറെ ഇഴഞ്ഞുനീങ്ങി. മൊത്തം 5762 വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ സ്‌കൂൾ ഓഫ് ലാംഗ്വേജസിലെ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഐഷി ഘോഷ് (എസ്.എഫ്.ഐ.) 178 വോട്ടുകൾക്ക് മുന്നിട്ടുനിന്നു. എ.ബി.വി.പി. 55 വോട്ടുനേടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സാകേത് മൂൺ (ഡി.എസ്.എഫ്.) 235 വോട്ടുനേടി. എ.ബി.വി.പി. സ്ഥാനാർഥി 74 വോട്ടുനേടി. ഇടതുസഖ്യത്തിൽ ജനറൽ സെക്രട്ടറിയായി മത്സരിക്കുന്ന ഐസയിലെ സതീഷ് ചന്ദ്ര യാദവ് 178 വോട്ടുനേടി മുന്നിലായിരുന്നു. എ.ബി.വി.പി. 78 വോട്ടുനേടി. ജോ. സെക്രട്ടറി സ്ഥാനാർഥി മുഹമ്മദ് ഡാനിഷ് (എ.ഐ.എസ്.എഫ്.) 232 വോട്ടുനേടിയും മുന്നിലെത്തി. ഈ സ്ഥാനത്തേക്ക് എ.ബി.വി.പി. 72 വോട്ടുംനേടി. ഇടതുപക്ഷവും എ.ബി.വി.പി.യും തമ്മിൽ കടുത്ത മത്സരം നടന്ന തിരഞ്ഞെടുപ്പിൽ വിധി എന്താവുമെന്നറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയലോകം. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂടേറിയ ചർച്ചയായി. ഇതിനിടയിൽ, ചരിത്രകാരി റൊമില ഥാപ്പറോട് അധികൃതർ യോഗ്യതപത്രം ചോദിച്ച നടപടിയും വിവാദമായി. സംഘപരിവാർ രാഷ്ട്രീയത്തിനെതിരേയും കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ജെ.എൻ.യു. അധികൃതർ നടത്തുന്ന അക്കാദമിക പരിഷ്‌കാരങ്ങൾക്കുമെതിരേയാണ് ഇടതുസഖ്യത്തിന്റെ പോരാട്ടവും പ്രചാരണങ്ങളും. എൻ.എസ്.യു. (ഐ), ഫ്രറ്റേണിറ്റി-ബാപ്‌സ സഖ്യം തുടങ്ങിയവരാണ് മത്സരരംഗത്തുള്ള മറ്റു സംഘടനകൾ. ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാനാവില്ലെങ്കിലും വിദ്യാർഥിയൂണിയൻ ആരു നേടിയെന്ന് ഞായറാഴ്ച ഉച്ചയോടെ അറിയാനാവുമെന്നാണ് പ്രതീക്ഷ.
from mathrubhumi.latestnews.rssfeed https://ift.tt/2LCHRX3
via
IFTTT