ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ അഫ്ഗാനിസ്താൻ കൂറ്റൻ ലീഡിലേക്ക്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ രണ്ടാമിന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെന്ന നിലയിലാണ് അഫ്ഗാനിസ്താൻ. ഇതോടെ ഇതുവരെ അഫ്ഗാനിസ്താന് 374 റൺസ് ലീഡായി. 34 റൺസോടെ അഫ്സർ സസായിയും റണ്ണൊന്നുമെടുക്കാതെ യാമിൻ അഹ്മദ്സായിയുമാണ് ക്രീസിൽ. രണ്ടാമിന്നിങ്സിൽ ഓപ്പണർ ഇബ്രാഹിം സർദാനും അർധ സെഞ്ചുറി നേടിയ അസ്ഗർ അഫ്ഗാനും അഫ്ഗാനിസ്താനായി മികച്ച ബാറ്റിങ് പുറത്തെടുത്തു. സർദാൻ 208 പന്തിൽ 87 റൺസും അസ്ഗർ അഫ്ഗാൻ 108 പന്തിൽ 50 റൺസും നേടി. ആദ്യ ഇന്നിങ്സിൽ അഫ്ഗാനിസ്താൻ 342 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 205 റൺസിന് പുറത്തായി. 52 റൺസെടുത്ത മോമിനുൽ ഹഖിനും 48 റൺസ് നേടിയ മുസെദക് ഹൊസൈനിനും ഒഴികെ മറ്റാർക്കും തിളങ്ങാനായില്ല. അഞ്ചു വിക്കറ്റെടുത്ത റാഷിദ് ഖാന്റെ ബൗളിങ്ങാണ് ബംഗ്ലാ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. 19.5 ഓവറിൽ 55 റൺസ് വഴങ്ങിയായിരുന്നു റാഷിദ് ഖാൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് നബി മൂന്നു വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ റഹ്മാൻ ഷായുടേയും 92 റൺസ് അടിച്ച അസ്ഗർ അഫ്ഗാന്റേയും മികവിൽ 342 റൺസാണ് അഫ്ഗാനിസ്താൻ അടിച്ചെടുത്തത്. 51 റൺസോടെ ക്യാപ്റ്റൻ റാഷിദ് ഖാനും 41 റൺസുമായി അഫ്സർ സസായിയും ഇരുവർക്കും മികച്ച പിന്തുണ നൽകി. Content Highlights: Bangladesh vs Afghanistan Test Cricket
from mathrubhumi.latestnews.rssfeed https://ift.tt/2ZPFG7q
via
IFTTT