കോഴിക്കോട്: 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി വിജയമുണ്ടായത് പാലക്കാടാണ്. സിറ്റിങ് എംപിയായിരുന്ന എൽഡിഎഫിന്റെ എംബി രാജേഷിനെ 11,637 വോട്ടിനാണ് യുഡിഎഫിന്റെ വികെ ശ്രീകണ്ഠൻ തോൽപ്പിച്ചത്. ശ്രീകണ്ഠനെ സംബന്ധിച്ചടുത്തോളം ഇതൊരു മധുര പ്രതികാരമാണ്. അതിന് പിന്നിൽ ഒരു കഥയുണ്ട്. ആ കഥയുടെ അടയാളമാണ് ശ്രീകണ്ഠന്റെ മുഖത്ത് ചെറുതായി വെട്ടിയൊതുക്കിയ താടി. ആ കഥ ഇങ്ങനെ.. ഷൊർണൂർ എസ്എൻ കോളേജിൽ പഠിക്കുകയായിരുന്നു ശ്രീകണ്ഠൻ. അങ്ങനെയൊരു ദിവസമാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം- ശ്രീകണ്ഠൻ ഓർക്കുന്നു. ആക്രമണത്തിന്റെ ഒരു ഘട്ടത്തിൽ ആക്രമികളിലൊരാൾ സോഡാക്കുപ്പി പൊട്ടിച്ച് ശ്രീകണ്ഠന്റെ മുഖത്ത് കുത്തി. ഇടതുകവിൾ തുളച്ച ഗ്ലാസ് വായ്ക്കുള്ളിൽ വരെയെത്തി. 13 തുന്നലുകളുമായി ശ്രീകണ്ഠൻ ആശുപത്രിയിലെ ഐസിയുവിൽ.. ആശുപത്രി വിട്ടിട്ടും വെളുത്ത മുഖത്ത് എൽ ആകൃതിയിൽ ആ മുറിപ്പാട് മായാതെ കിടന്നു. ആ ധർമസങ്കടത്തിൽ നിന്നും പുറത്തു കടക്കാനാണ് താടി വളർത്താനുള്ള തീരുമാനത്തിൽ അദ്ദേഹമെത്തുന്നത്. മുഖത്തെ മുറിവുണങ്ങുന്നതുവരെ ഷേവ് ചെയ്യരുതെന്ന ഡോക്ടറുടെ ഉപദേശവും അതിന് പിന്നിലുണ്ടായിരുന്നു. എതിർ പാർട്ടിക്കാർ തീർത്ത മുറിപാടിനു മേൽ താടി വളർന്നുതുടങ്ങിയതോടെ മുഖത്ത് മാറ്റം വന്നുതുടങ്ങിയതായി ശ്രീകണ്ഠനും തോന്നി. പതിയെ ആ താടി ശ്രീകണ്ഠന്റെ മുഖത്തിന്റെ ഭാഗമാവുകയും ചെയ്തു. പക്ഷെ അതോടെ വേറൊരു ചോദ്യം അദ്ദേഹത്തിന് നേരെ ഉയരാൻ തുടങ്ങി. എന്ന് താടി വടിക്കും? കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും തുടർച്ചയായി ചോദ്യങ്ങളുയർന്നതോടെ എന്നെ ആക്രമിച്ച പ്രസ്ഥാനത്തെ തോൽപ്പിക്കുന്ന അന്നുമാത്രമേ താടിയെടുക്കൂ എന്ന് ശ്രീകണ്ഠൻ പ്രഖ്യാപിച്ചു, ! ആ പ്രതിജ്ഞ പാലിക്കാൻ തന്നെയാണ് ശ്രീകണ്ഠൻ തീരുമാനം. തന്നെ ആക്രമിച്ചവരെ കാണിക്കാനും തിരഞ്ഞെടുപ്പിൽ ഉന്നയിച്ച മുദ്രാവാക്യങ്ങൾ ശരിയായിരുന്നുവെന്ന് വ്യക്തമാക്കാനും ഒരൊറ്റത്തവണ താടിയെടുക്കുമെന്ന് ശ്രീകണ്ഠൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അതിന് ശേഷം എല്ലാവരും കണ്ട് ശീലിച്ച താടിയുള്ള അതേ വി.കെ ശ്രീകണ്ഠനായി തുടരാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ കണക്കുകൂട്ടിയ ഏകദേശം അത്ര തന്നെ വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. 27000 വോട്ടിന്റെ ഭൂരിപക്ഷം എന്ന കണക്കുകൂട്ടൽ തെറ്റിച്ചത് പാലക്കാടാണ്. കണക്കുകൂട്ടിയ അഞ്ച് നിയോജക മണ്ഡലത്തിൽ പ്രതീക്ഷയ്ക്കൊത്തുള്ള ഫലമാണ് വന്നത്. മലമ്പുഴയിൽ പ്രതീക്ഷിച്ചതിനേക്കാൾ 7000 വോട്ട് കൂടുകയും പാലക്കാട് 6000 വോട്ട് കുറയുകയും ചെയ്തു. 12000 പ്രതീക്ഷിച്ചെങ്കിലും 4500 മാത്രമേ പാലക്കാട് കിട്ടിയുള്ളൂ. മണ്ണാർക്കാട് വിചാരിച്ചതിനേക്കാളും 5000 വോട്ട് കൂടുതൽ കിട്ടിയെന്നും ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി. Content Highlight:VK Sreekandan, Palakkad Loksabha Constituency, MB Rajesh Vs VK Sreekandan, Loksabha Election 2019
from mathrubhumi.latestnews.rssfeed http://bit.ly/2K2cOoq
via
IFTTT