കെ.എസ്.ആർ.ടി.സി. സി.എം.ഡി. സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു ടോമിൻ ജെ. തച്ചങ്കരിയുടെ പടിയിറക്കം. അണികളുടെ കൊഴിഞ്ഞുപോക്കും അംഗത്വഫീസിലെ ഇടിവും ചൂണ്ടിക്കാട്ടി ഇടത് തൊഴിലാളിസംഘടനകൾ നടത്തിയ സമ്മർദത്തിൽ സർക്കാർ വീണപ്പോഴാണ് തച്ചങ്കരി തെറിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്: കെ.എസ്.ആർ.ടി.സി.യെ തകർത്തത് സംഘടനകൾ കെ.എസ്.ആർ.ടി.സി.യെ തകർത്തത് തൊഴിലാളിസംഘടനകളാണെന്ന് നിസ്സംശയം പറയാം. സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, ഡ്യൂട്ടി പാറ്റേൺ എന്നിവയെല്ലാം സംഘടനകളാണ് നിയന്ത്രിച്ചിരുന്നത്. മാറ്റമുണ്ടാക്കാൻ ഒരു മാർഗമേയുള്ളൂ -അടിക്കടി മേധാവി മാറുന്നത് ഒഴിവാക്കുക. മാനേജ്മെന്റ് ശക്തമാണെന്നും സംരക്ഷിക്കുമെന്നും തൊഴിലാളികൾക്ക് ബോധ്യമുണ്ടായാൽ അവർ സംഘടനകൾക്കൊപ്പം നിൽക്കില്ല. ഇത്രമാത്രം ജീവനക്കാരെ വരുതിയിൽനിർത്തിയ തൊഴിലാളിസംഘടനകൾ മറ്റെങ്ങുമില്ല. പണ്ടുതൊട്ടേ അതിന് അവസരം ലഭിച്ചു. വരിസംഖ്യവഴി സംഘടനകൾ സാമ്പത്തികമായും ശക്തിയാർജിച്ചു. സമരങ്ങളായിരുന്നു സർക്കാരിനെ ഭയപ്പെടുത്താനുള്ള വജ്രായുധങ്ങൾ. സർക്കാർ പിന്തുണച്ചു എല്ലാ പരിഷ്കാരങ്ങൾക്കും സർക്കാരിന്റെ പിന്തുണലഭിച്ചു. വാടക ബസിനെ തൊഴിലാളിസംഘടനകൾ എതിർത്തെങ്കിലും സർക്കാരാണ് അനുമതി നൽകിയത്. ഇലക്ട്രിക് ബസുകൾ ബജറ്റിൽ ഉൾപ്പെടുത്തിയത് ഇതിന്റെ ഉദാഹരണമാണ്. സ്വന്തം വരുമാനത്തിൽ ശമ്പളം മാത്രമല്ല പഴയ കടങ്ങളും കൊടുത്തു തീർക്കുന്നയിടത്തേക്ക് കാര്യങ്ങൾ എത്തി. തുടർന്നാൽ കുറച്ചുകൂടി കാര്യങ്ങൾ ചെയ്യാമായിരുന്നു. സംഘടനകളുമായി ഒത്തുപോകാൻ കഴിയുമായിരുന്നില്ല. വിട്ടുവീഴ്ച ചെയ്താൽ ഇതുവരെ ചെയ്തതെല്ലാം പാഴാകും. നേരത്തേ യൂണിയനുകൾ ഭരണത്തിൽ കൈകടത്തിയിരുന്നു. അത് മുൻ മാനേജ്മെന്റുകൾ അനുവദിച്ചതാണ് തകർച്ചയ്ക്ക് കാരണം. ജോലിചെയ്ത അഞ്ചാമത്തെ കോർപ്പറേഷനാണിത്. എല്ലാറ്റിനെയും ലാഭത്തിലെത്തിക്കാനായി. രാഷ്ട്രീയമായ പരിമിതികളുണ്ടായിരിക്കാം. അതുകൊണ്ടാകാം സർക്കാർ തിരികെവിളിക്കുന്നത്. കെ.എസ്.ആർ.ടി.സി. മേധാവി കച്ചവടക്കാരനാകണം കെ.എസ്.ആർ.ടി.സി. തലപ്പത്തെത്തുന്നവർക്ക് കച്ചവട താത്പര്യമുണ്ടായിരിക്കണം. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ ഒട്ടേറെ മാർഗങ്ങളുണ്ട്. പല മേധാവികൾക്കും തുച്ഛമായ സമയമാണ് കിട്ടുന്നത്. മിനിമം മൂന്നുവർഷമെങ്കിലും തുടർന്നാലേ ഒരു ഉദ്യോഗസ്ഥന് തന്റെ പദ്ധതികൾ പൂർണമായും നടത്താൻ കഴിയൂ. സംഘടനാ നേതൃത്വത്തിന്റെ ഭീഷണിക്കുവഴങ്ങി മേധാവിമാരെ മാറ്റുന്നത് ഗുണകരമാകില്ല. തിരുത്തേണ്ടവ മാനവശേഷി പൂർണമായി വിനിയോഗിക്കുന്നില്ല. ഉദ്യോഗസ്ഥതലത്തിലും ക്ലറിക്കൽ വിഭാഗത്തിലുമായി ആവശ്യത്തിലധികം ജീവനക്കാരുണ്ട്. ഇവരെ ഫപ്രദമായി പുനർവിന്യസിക്കണം. മധ്യനിര മാനേജ്മെന്റ് ശക്തമാക്കിയാലേ യാത്രക്കാർക്ക് പ്രയോജനപ്പെടുംവിധം ബസ് ഓടിക്കാനാവൂ. ജീവനക്കാർക്ക് നൽകുന്ന സ്ഥാനക്കയറ്റങ്ങൾകൊണ്ട് സ്ഥാപനത്തിന് പ്രയോജനം ലഭിച്ചിരുന്നില്ല. കണ്ടക്ടറും ഡ്രൈവറും സ്ഥാനക്കയറ്റം കിട്ടുന്നതോടെ ഓഫീസ് ജീവിതത്തിലേക്ക് മാറുകയാണ്. ഇവരെ പുറത്തേക്ക് ഇറക്കാനായിരുന്നു നീക്കം. ജീവനക്കാരുടെ മാറ്റം മെച്ചപ്പെട്ട ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഇവിടെനിന്ന് കണ്ടെത്താനായി. സമയക്രമം നോക്കാതെ ജീവനക്കാർ ജോലിചെയ്തു. കെ.എസ്.ആർ.ടി.സി. രക്ഷപ്പെടാനുള്ളതെല്ലാം ഇവിടെയുണ്ട്. മറ്റേതുപൊതുമേഖലാ സ്ഥാപനത്തെക്കാളും വിഭവശേഷി കെ.എസ്.ആർ.ടി.സി.ക്കുണ്ട്. എന്നാൽ, പലമേഖലയും കുത്തകയാണ്. നല്ല തൊഴിലന്തരീക്ഷം സൃഷ്ടിച്ചാൽ രക്ഷപ്പെടാം. content highlights:tomin j thachankari,ksrtc,cpm
from mathrubhumi.latestnews.rssfeed http://bit.ly/2t7HVoV
via
IFTTT