തിരുവനന്തപുരം: രാഷ്ട്രീയത്തിന്റെ മതിൽക്കെട്ടിന് അപ്പുറത്താണ് മതത്തിന്റെ സ്ഥാനമെന്ന് ആണയിടുമ്പോഴും സ്വർണക്കടത്ത് കേസിൽ ആയുധമായും പരിചയായും മതവികാരം ഉപയോഗിച്ച് രാഷ്ട്രീയപ്പാർട്ടികൾ ആക്രമണവും പ്രതിരോധവും ഒരുക്കുന്നു. സ്വർണക്കടത്ത് കേസിൽ നേരിടുന്ന അന്വേഷണം ഖുർ ആൻ വിതരണവുമായി ബന്ധിപ്പിച്ചാണ് ആരോപണപ്രത്യാരോപണങ്ങൾ ഉയർത്തുന്നത്. ഖുർ ആൻ വിതരണം ചെയ്യുന്നതിനെ ബി.ജെ.പി. എതിർക്കുന്നത് മനസ്സിലാക്കാം എന്നാൽ കോൺഗ്രസും മുസ്ലിംലീഗും എതിർക്കുന്നത് എന്തിനെന്ന ചോദ്യം ആദ്യം ഉയർത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പാർട്ടിപത്രത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് തന്നെ 'അവഹേളനം ഖുർആനോടോ?' എന്നതായിരുന്നു. സർക്കാരിനെ ഇകഴ്ത്താൻ ഖുർആനെ പോലും രാഷ്ട്രീയ കള്ളക്കള്ളിക്ക് പ്രതിപക്ഷം ആയുധമാക്കുന്നുവെന്ന് കോടിയേരി ലേഖനത്തിൽ കുറ്റപ്പെടുത്തി. ഖുർആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എൽ.ഡി.എഫ്. എതിർക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാൻ പാടില്ല എന്നതിനാലാണ്. കോടിയേരിയുടെ വാക്കുകൾ പ്രതിപക്ഷസമരം ഖുർആൻ വിരുദ്ധ സമരമാണെന്ന വ്യാഖ്യാനം നൽകുന്നു. യു.ഡി.എഫിൽനിന്ന് മുസ്ലീം ലീഗാണ് ആദ്യം ഇതിന് മുറുപടിയുമായി ഇറങ്ങിയത്. ഖുർആനെ മറയാക്കി കള്ളക്കടത്ത് നടത്തിയെന്ന സംശയനിഴലിൽ നിൽക്കുന്നത് മന്ത്രി ജലീലാണെന്ന മറുപടി നൽകിയാണ് ലീഗ് നേതാക്കൾ ഇതിനെ നേരിട്ടത്. സൂക്ഷ്മതവേണ്ട കാര്യമെന്ന തിരിച്ചറിവോടെയാണ് മുസ്ലീംലീഗ് ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്. കേസിൽനിന്ന് രക്ഷപ്പെടാൻ ഇത് വിവാദമാക്കേണ്ടെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ് നടത്തിയ പത്രസമ്മേളനത്തിൽ കോടിയേരി ഒരു പടികൂടി കടന്ന് ആക്രമണത്തിന് മുനകൂർപ്പിച്ചു. ബി.ജെ.പി.യുടെ ഖുർആൻ വിരുദ്ധ നിലപാട് കോൺഗ്രസും ഏറ്റെടുക്കുകയാണ്. ഗീതയും ബൈബിളും അടക്കം ഒരു മതഗ്രന്ഥവും വിതരണം ചെയ്യുന്നതിന് ഇവിടെ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ-ഭൂരിപക്ഷ കേന്ദ്രീകരണം ലക്ഷ്യം അപകടം പതിയിരിക്കുന്ന വഴിയാണെങ്കിലും ആ പാതയിലൂടെ രാഷ്ട്രീയ പാർട്ടികളെ സഞ്ചരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് സാമൂഹിക വിഭാഗങ്ങളിലുണ്ടാകാനിടയുള്ള കേന്ദ്രീകരണമാണ്. വിവാദം ഖുർആൻ വിതരണത്തിൽ എത്തിക്കുന്നതിലൂടെ ന്യൂനപക്ഷ വികാരത്തെ അനുകൂലമാക്കുകയാണ് സി.പി.എം. ലക്ഷ്യമിടുന്നത്. ഇതിന് മറുവശവുമുണ്ട്. ഭൂരിപക്ഷ വികാരം മറുതലയ്ക്കൽ ശക്തമാകാം. ഭൂരിപക്ഷ വികാരം എത്രത്തോളം തങ്ങൾക്ക് അനുകൂലമാക്കാൻ കഴിയുമെന്നാണ് ബി.ജെ.പി.യുടെ അന്വേഷണം. മതവികാരവുമായി ബന്ധപ്പെട്ട കാര്യത്തിൽ ആദ്യം ലീഗ് നേതാക്കൾ പ്രതിരോധം തീർക്കട്ടെ, ശേഷം മതി പ്രതികരണമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. സി.പി.എം. പച്ചയായ വർഗീയതയാണ് പറയുന്നതെന്നും മതേതരത്വം പ്രസംഗിക്കുകയും വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് തുറന്നു കാണിക്കുമെന്നുമാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. Content Highlights:Gold Smuggling Case
from mathrubhumi.latestnews.rssfeed https://ift.tt/3ceVacN
via
IFTTT