ന്യൂഡൽഹി: അതിർത്തി പ്രശ്നം പരിഹരിക്കാനുള്ള ഇന്ത്യ- ചൈന കോർ കമാൻഡർതല ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു. ചൈന വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ നിന്നതോടെയാണ് ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞത്. അതിക്രമിച്ചു കയറിയ മുഴുവൻ പ്രദേശത്തുനിന്നും ചൈന പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടേയും കോർ കമാൻഡർമാർ തമ്മിൽ ആറാമത്തെ ചർച്ചയാണ് ഇന്നലെ നടന്നത്. പതിനാലര മണിക്കൂറാണ് തിങ്കളാഴ്ചത്തെ ചർച്ച നീണ്ടുനിന്നത്. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച ചർച്ച രാത്രി 11.30ന് ശേഷമാണ് അവസാനിച്ചത്.എന്നാൽ യാതൊരു ധാരണകളുമില്ലാതെയാണ് ചർച്ചകൾ അവസാനിച്ചത്. ജനറൽ ഹരീന്ദർസിങ്, ലഫ്. ജനറൽ പിജികെ മേനോൻ എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്തതിനാൽ നിർണായകമായാണ് ഇന്നലത്തെ ചർച്ചയെ കണ്ടിരുന്നത്. വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവയും ചർച്ചകളിൽ പങ്കെടുത്തു. ചൈനീസ് സൈന്യമാണ് അതിക്രമിച്ച് കയറിയതെന്നും അവർ ആദ്യം പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. എല്ലാ മേഖലകളിൽ നിന്നും സമഗ്ര പിൻമാറ്റം നടപ്പിലാക്കണമെന്നും ഇന്ത്യ ചർച്ചയിൽ ഉന്നയിച്ചു. കടന്നുകയറിയ അഞ്ചിടങ്ങളിൽ നിന്ന് ചൈന പിന്മാറാമെന്നാണ് നേരത്തെ നടന്ന ചർച്ചകളിൽ ധാരണയായത്. എന്നാൽ മൂന്ന് ഇടങ്ങളിൽ നിന്ന് പന്മാറിയെങ്കിലും രണ്ട് പോസ്റ്റുകളിൽ നിന്ന് ചൈന പിന്മാറിയിരുന്നുന്നില്ല. ഇന്ത്യയും സേനാപിന്മാറ്റം നടത്തണമെന്നാണ് ചൈന മുന്നേട്ട് വെക്കുന്ന ആവശ്യം. പ്രകോപനമുണ്ടാക്കിയത് ഇന്ത്യയാണ് എന്നാണ് അവരുടെ ആരോപണം. എന്നാൽ ചർച്ചകൾ സംബന്ധിച്ച് ഇരുരാജ്യങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിദേശകാര്യമന്ത്രാലയം ഇന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. Content Highlights: China-India border dispute, India, China military talks
from mathrubhumi.latestnews.rssfeed https://ift.tt/3kzzgEj
via
IFTTT