Breaking

Sunday, September 20, 2020

'ആ 21 പേര്‍ ഒരുഗ്രൂപ്പെന്ന തോന്നലുണ്ടാക്കി: അത് ഒഴിവാക്കാമായിരുന്നു'

ദേശീയസ്വാതന്ത്ര്യസമരകാലത്ത് കോൺഗ്രസിന്റെ ആസ്ഥാനമായിരുന്നു കോഴിക്കോട് പന്നിയങ്കരയിലെ പത്മാലയം. എ.വി.കുട്ടിമാളുഅമ്മയുടെ വസതിയായിരുന്നു അന്ന് ഈ വീട്. ഇതേ വീട്ടിൽനിന്ന് ദേശീയരാഷ്ട്രീയത്തിലേക്ക് കുതിച്ചുയർന്ന മുൻകേന്ദ്രമന്ത്രി കെ.പി.ഉണ്ണികൃഷ്ണനിലൂടെ ഇപ്പോഴും പത്മാലയത്തിന്റെ പ്രൗഡി മങ്ങലേൽക്കാതെ തുടരുന്നു.ഡൽഹിയിൽനിന്ന് ഉണ്ണികൃഷ്ണൻ കോഴിക്കോട്ടെത്തുമ്പോഴെല്ലാം പത്മാലയത്തിൽ ഉത്സവപ്രതീതിയാണ്. അതുവരെ ആളൊഴിഞ്ഞ വീടിനുമുന്നിൽ ആൾകൂട്ടമായി. കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ നേതാക്കൾ,മന്ത്രിമാർ,പാർട്ടി പ്രവർത്തകർ,ബന്ധുക്കൾ,അടുത്ത സുഹൃത്തുക്കൾ തുടങ്ങി ഉണ്ണികൃഷ്ണനെ കാണാൻ ആളുകൾ രാത്രി വൈകിവരെ എത്തും. രാഷ്ട്രപതിയായിരുന്ന ശങ്കർദയാൽശർമ്മ മുതൽ ഒടുവിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വരെ ഉണ്ണികൃഷ്ണനെ കാണാൻ പത്മാലയത്തിലെത്തിയിട്ടുള്ള പ്രമുഖരുടെ പട്ടിക നീളും. മുഖ്യമന്ത്രി പിണറായിവിജയനും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മാസങ്ങൾക്ക് മുൻപ് സൗഹൃദം പുതുക്കാൻ ഇവിടെ എത്തിയിരുന്നു. ദേശീയരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നകാലത്ത് വർഷത്തിൽ മൂന്നോ,നാലോ തവണമാത്രമേ ഉണ്ണികൃഷ്ണൻ കോഴിക്കോട്ടെ വീട്ടിൽ എത്തിയിരുന്നുള്ളു.ഇപ്പോൾ സജീവരാഷ്ട്രീയത്തിൽനിന്ന് മാറി. കഴിഞ്ഞ എട്ടുമാസമായി കോഴിക്കോട്ടുതന്നെയാണ് താമസം. ഉണ്ണികൃഷ്ണന്റെ ജന്മദിനങ്ങൾ പത്മാലയത്തിൽ ആഘോഷമായി നടത്താറുണ്ട്. ഇത്തവണ ശതാഭിഷേകമായിട്ടും കോവിഡ് കാരണം വലിയ ആഘോഷങ്ങളൊന്നുമില്ല. ഭാര്യ അമൃതാഉണ്ണികൃഷ്ണനും മകൾ സുലക്ഷണയും കൂടെയുണ്ട്. ആയിരം പൂർണചന്ദ്രൻമാരെക്കണ്ട് ശതാഭിഷിക്തനാവുന്ന അവസരത്തിൽ ഉണ്ണികൃഷ്ണൻ മനസ് തുറക്കുന്നു. ആറുപതിറ്റാണ്ടിലേറെ ഡൽഹിരാഷ്ടീയത്തിൽ നിറഞ്ഞുനിന്നശേഷം ഇപ്പോൾ നാട്ടിൽ കഴിയുമ്പോൾ എന്തുതോന്നുന്നു? വടകരയിൽനിന്ന് 1971ൽ ലോകസഭാംഗമാവുന്നതിനുംമുൻപ് പത്രപ്രവർത്തകനായാണ് ഡൽഹിയിൽ എത്തിയത്.പതിറ്റാണ്ടുകളായി ഡൽഹിയിലാണ് സ്ഥിരതാമസമെങ്കിലും നാടും നാട്ടുകാരുമായുള്ള ബന്ധം എന്നും തുടർന്നു. ഇപ്പോഴും വിവിധജില്ലകളിൽനിന്ന് പഴയ സുഹൃത്തുക്കളും പ്രവർത്തകരും സൗഹൃദം പുതുക്കാൻ വരാറുണ്ട്. അവരുമായുള്ള ആശയവിനിമയം വളരെ ഹൃദ്യമായ അനുഭവമാണ്. കെ. പി ഉണ്ണിക്കൃഷ്ണനും കുടുംബവും വിദ്യാർഥിയായിരിക്കെ കോൺഗ്രസിൽ പ്രവർത്തിച്ചുതുടങ്ങി. ആറ് പതിറ്റാണ്ടിലേറെയുള്ള പൊതുപ്രവർത്തനത്തിൽ സംതൃപ്തനാണോ. അർഹിക്കുന്ന പദവികൾ ലഭിച്ചു എന്ന് കരുതുന്നുണ്ടോ ? കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നിട്ടും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് വന്നത്. അമ്മയുടെ സഹോദരി എ.വി.കുട്ടിമാളുഅമ്മയോടൊപ്പം ആവഡി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ ഞാൻ കോൺഗ്രസ് അംഗമായിരുന്നില്ല. പിന്നീട് കോൺഗ്രസിലെത്തി. എന്തെങ്കിലും പദവിയോ സ്ഥാനങ്ങളോ ആഗ്രഹിച്ചല്ല പൊതുപ്രവർത്തനത്തിനിറങ്ങിയത്. പാർലമെന്റ് അംഗം, കേന്ദ്രമന്ത്രി തുടങ്ങിയ പല പദവികളും ലഭിച്ചു. നേടാൻ കഴിയാതെ പോയ പദവികളെ കുറിച്ചോർത്ത് ഒരിക്കലും പ്രയാസപ്പെട്ടിട്ടില്ല. ഇപ്പോഴും ആരോഗ്യം അനുവദിക്കുകയാണെങ്കിൽ രാഷ്ട്രീയത്തിൽ ഇനിയും എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നാണ് ചിന്തിക്കുന്നത്. പാർട്ടിക്ക് ചില സന്ധിഗ്ദഘട്ടത്തിൽ ആശയവ്യക്തത വരുത്താൻ ഉപദേശം നൽകാനും നിലപാടുകൾ രൂപപ്പെടുത്താനും സഹായിക്കാൻ ഇപ്പോഴും സാധിക്കുമെന്ന വിശ്വാസമുണ്ട്. നെഹ്റു മുതലുള്ള കോൺഗ്രസിൽ താങ്കൾ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നത്തെ കോൺഗ്രസിന്റെ അവസ്ഥ പ്രതീക്ഷപകരുന്നതാണോ? സ്വാതന്ത്ര്യസമരകാലത്തും തുടർന്നും ദേശീയരാഷ്ട്രീയത്തിൽ നേതൃത്വം നൽകിയ പാർട്ടിയാണ് കോൺഗ്രസ്. ദീർഘകാലം രാജ്യം ഭരിച്ച കോൺഗ്രസ് ഇന്ന് അധികാരത്തിൽനിന്ന് പുറത്തായി. പരിമിതികൾ ഏറെയുണ്ടെങ്കിലും കോൺഗ്രസിൽനിന്ന് രാജ്യം ഇനിയും ഒരുപാട് സംഭാവനകൾ പ്രതീക്ഷിക്കുന്നു. കോൺഗ്രസിനെ കേവലം ഒരു മുന്നണിയുടെ തലപ്പത്തുള്ള കക്ഷിയായി ചുരുക്കികൂട. രാജ്യം പ്രതീക്ഷിക്കുന്ന രാഷ്ട്രീയദൗത്യം നിർവ്വഹിക്കാൻ കോൺഗ്രസ് തയ്യാറാവണം. ബി.ജെ.പിക്കും വർഗീയതക്കുമെതിരായ ജനകീയമുന്നണിയുടെ നേതൃത്വം കോൺഗ്രസ് ഏറ്റെടുക്കണം.ആര് എന്ത് ആക്ഷേപം ഉന്നയിച്ചാലും രാജ്യത്തിന്റെ മതേതരമനസ് കോൺഗ്രസിനൊപ്പമാണ്. കോൺഗ്രസ് രാജ്യത്ത് അധികാരത്തിൽ തിരിച്ചുവരുമോ എന്ന ചോദ്യം അപ്രസക്തമാണ്. ദേശീയരംഗത്ത് കോൺഗ്രസിനുള്ള സ്ഥാനം മറ്റൊരു പാർട്ടിക്കും കവർന്നെടുക്കാൻ കഴിയില്ല. ചില സംസ്ഥാനങ്ങളിൽ അധികാരം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് തിരിച്ചുവരാനുള്ള ശക്തി കോൺഗ്രസിനുണ്ട്. അഭിപ്രായം തുറന്നുപറയുന്നവരെ ഇപ്പോഴും കോൺഗ്രസ്നേതൃത്വം ശത്രുപക്ഷമായാണല്ലോ കാണുന്നത്. അടുത്തിടെ കോൺഗ്രസിൽ 21 പേർ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒറ്റപ്പെടുത്തിയില്ലേ. തുറന്ന ചർച്ചകളില്ലാതെ എങ്ങനെ മുന്നോട്ടുപോവാൻ കഴിയും? തുറന്ന ചർച്ചകളും സംവാദങ്ങളും ആവശ്യമാണ്. പലപ്പോഴും നിലപാട് തുറന്നുപറഞ്ഞതിന്റെ പേരിൽ എനിക്ക് തിക്താനുഭവം നേരിടേണ്ടിവന്നിട്ടുണ്ട്. അഭിപ്രായം പറയാനുള്ള പാർട്ടിവേദി ഉണ്ടാവണം. അവിടെയാണ് അഭിപ്രായം പറയേണ്ടത്. ഇവിടെ 21പേർ അവരുടെ അഭിപ്രായം പരസ്യപ്പെടുത്തിയത് ഒരു ഗ്രൂപ്പെന്ന തോന്നൽ ഉണ്ടാക്കാൻ കാരണമായി. അത്തരം തെറ്റിദ്ധാരണക്ക് വഴിവെക്കരുതായിരുന്നു. പ്രണബ്മൂഖർജിയുമായി ആത്മബന്ധമാണെന്ന് കേട്ടിട്ടുണ്ട്. ആ സൗഹൃദം വിവരിക്കാമോ? ഞാനും പ്രണബും ഏതാണ്ട് ഒരേകാലത്താണ് പാർലമെന്റ് അംഗങ്ങളാവുന്നത്. ബംഗാൾ പി.സി.സി. അധ്യക്ഷനായിരുന്ന കെ.പി.മുഖർജിയുടെ മരുമകനായിരുന്ന പ്രണബ് ഇടതുപക്ഷ പിന്തുണയോടെയാണ് ആദ്യമായി രാജ്യസഭാംഗമായത്. സ്വന്തമായ കാഴ്ചപാടുള്ള അദ്ദേഹം താമസിയാതെ ഇന്ദിരയുമായി അടുത്തു. ബംഗ്ലാദേശ് സമരം തുടങ്ങിയപ്പോൾ അന്താരാഷ്ട്ര പിന്തുണ നേടുന്നതിനായി ഇന്ദിരാഗാന്ധി ലോകരാജ്യങ്ങളിലേക്ക് ദൂതൻമാരെ അയച്ചു. ഇന്ത്യൻ നിലപാട് വിശദീകരിക്കുകയായിരുന്നു ദൂതൻമാരുടെ ദൗത്യം. പ്രണബ്മുഖർജി, ഇന്ദ്രജീത്ത് ഗുപ്ത, പി.എം.സെയ്ദ് എന്നിവരോടൊപ്പം ഞാനും ആ ദൗത്യത്തിന്റെ ഭാഗമായി. പ്രണബുമായി അടുക്കാൻ ഇത് സഹായകരമായി. പ്രധാനമന്ത്രിയാവാൻ എന്തുകൊണ്ടും അർഹനായിരുന്നു അദ്ദഹം. ഇന്ദിരാഗാന്ധി വെടിയേറ്റ്മരിച്ച ദിവസം രാജീവ്ഗാന്ധിയോടൊപ്പം പ്രണബ്മുഖർജിയും കൊൽക്കത്തയിലായിരുന്നു. രാജീവിനൊപ്പം അതേ വിമാനത്തിലാണ് പ്രണബും ഡൽഹിക്ക് മടങ്ങിയത്. ഇടക്കാലപ്രധാനമന്ത്രിയായി ആറുമാസത്തേക്ക് പ്രണബിനെ നിശ്ചയിക്കണമെന്ന ആലോചന ഉണ്ടായി. പക്ഷേ പലകാരണങ്ങളാൽ നടന്നില്ല . മന്ത്രിസഭയിൽനിന്നും പുറത്തായത് പ്രണബിനെ വിഷമിപ്പിച്ചു. ഇതായിരുന്നു പ്രണബ് കോൺഗ്രസ് വിടാനുള്ള കാരണം. പിന്നീട് കോൺഗ്രസിൽ തിരിച്ചുവന്നെങ്കിലും അദ്ദേഹം അർഹിച്ച പ്രധാനമന്ത്രിപദം ലഭിച്ചില്ല. സൗഹൃദത്തിന് വലിയ വിലകൽപിച്ച അദ്ദേഹം മറ്റെല്ലാ പരിഭവങ്ങളും ഉള്ളിലൊതുക്കി. രാഷ്ട്രീയത്തിൽ രണ്ടുതട്ടിലായിരുന്നപ്പോഴും വ്യക്തിബന്ധവും സൗഹൃദവും കാത്തുസൂക്ഷിക്കാൻ ഞങ്ങൾക്ക് സാധിച്ചു. സംഭാഷണത്തിനിടെ അമൃതഉണ്ണികൃഷ്ണൻ മുറിയിലേക്ക് കടന്നുവന്നു. ഗൃഹനാഥനായ ഉണ്ണികൃഷ്ണനെ കുറിച്ച് ചോദിച്ചപ്പോൾ അവരുടെ മറുപടി ഇങ്ങനെ . ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. 1977ൽ വിവാഹം നടക്കുമ്പോൾ ഞാൻ ഡൽഹി അശോകഹോട്ടലിലെ മാനേജരായിരുന്നു . രാഷ്ട്രീയത്തിരക്കിനിടയിൽ വീട്ടുകാര്യം ശ്രദ്ധിക്കാനോ വേണ്ടത്ര ഇടപെടാനോ ഒരിക്കലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. രണ്ടാമത്തെ മകളുടെ പ്രസവവേളയിൽ ഉണ്ണികൃഷ്ണൻ കൊൽക്കത്തയിലായിരുന്നു. ചില കോംപ്ലിക്കേഷൻ ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയകാരണങ്ങളാൽ അന്ന് കൊൽക്കത്തക്ക് പേവേണ്ടിവന്നു. മൂന്നുദിവസത്തിനുശേഷമാണ് തിരിച്ചെത്തിയത്.അപൂർവ്വമായി ചില ദിവസങ്ങളിൽ എന്നെ കൂട്ടാൻ വൈകുന്നേരം അശോക ഹോട്ടലിലെത്തും. രാഷ്ട്രീയകാര്യങ്ങളിൽ വ്യക്തമായ അഭിപ്രായം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയകാഴ്ചപാടിൽ ഞാൻ ഒരിക്കലും ഇടപെട്ടില്ല. സന്തോഷകരമായിരുന്നു പിന്നിട്ട വർഷങ്ങൾ. വിവാഹശേഷം വീട് എന്നും രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളിലെ പ്രശസ്തരുടെ സ്ഥിരം താവളമായിരുന്നു. തുറന്ന ചർച്ചകളും സംവാദങ്ങളുമായി വീട് പലരുടെയും സംഗമകേന്ദ്രമായിരുന്നു. വീട്ടിലെ ഉണ്ണിയേട്ടന്റെ വിപുലമായ സ്വകാര്യ ലൈബ്രറിയാണ് പുസ്തകങ്ങളുടെ ലോകത്തേക്ക് മക്കളായ സുദക്ഷിണയെയും നിരഞ്ജനയെയും കൈപിടിച്ചുകൊണ്ടുപോയത്ത്.


from mathrubhumi.latestnews.rssfeed https://ift.tt/35VzuBt
via IFTTT