Breaking

Friday, February 1, 2019

പി.കെ കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്‌നമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കോഴിക്കോട്: ആർ.എം.പി നേതാവായ ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പി.കെ കുഞ്ഞനന്തന് അടിയന്തര ചികിത്സ നൽകേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കി ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്തൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നിലപാട് അറിയിക്കുകയായിരുന്നു സർക്കാർ. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പി.കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെതിനെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. കുഞ്ഞനന്തന് അസുഖമുണ്ടെങ്കിൽ ചികിത്സ നൽകുകയാണ് വേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്. തടവുകാരന് ചികിത്സ നൽകേണ്ടത് സർക്കാരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്ദൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുഞ്ഞനന്ദന് നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പരോൾ നൽകുക എന്നത് പ്രതിയുടെ അവകാശമാണെന്നും കുഞ്ഞനന്ദന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കുഞ്ഞനന്റെ യഥാർത്ഥ അസുഖമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. മെഡിക്കൽ കോളേജ് റിപ്പോർട്ടിൽ ഒന്നും വ്യക്തമാവുന്നില്ലെന്നും കുഞ്ഞനന്ദൻ അധികനാൾ ജയിലിൽ കിടന്നിട്ടില്ല എന്നാണ് മാധ്യമ വാർത്തകളിൽ നിന്നും വ്യക്തമാവുന്നതെന്നും ഹൈക്കോടി അറിയിച്ചു. കഴിഞ്ഞ പത്ത് മാസത്തിനിടെ മാത്രം 214 തവണയാണ് കുഞ്ഞനന്ദന് പരോൾ ലഭിച്ചത്. വെള്ളിയാഴ്ച കുഞ്ഞനന്ദന്റെ ഹർജിയിൽ സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ ഇതിനെ എതിർത്ത് കൊണ്ട് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആർ.എം.പി നേതാവുമായ കെ.കെ രമയും രംഗത്തെത്തി. അസുഖമുണ്ടെങ്കിൽ ചികിത്സിക്കുകയാണ് വേണ്ടതെന്നും അതിനുള്ള സൗകര്യം സർക്കാർ ചെയ്ത് കൊടുക്കുകയാണ് വേണ്ടതെന്നും കെ.കെ രമ മാതൃഭൂമി ഡോട് കോമിനോട് പ്രതികരിച്ചു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരാൾക്ക് ഇത്രയേറെ കാലം ഒരു സർക്കാർ പരോൾ അനുവദിക്കുന്നത് ആദ്യമായിട്ടാവും. ചികിത്സ നൽകുന്നതിന് ആരും എതിരല്ല പക്ഷെ ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിർക്കുമെന്നും കെ.കെ രമ പറഞ്ഞു. സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ കുഞ്ഞനന്തൻ 2014 ജനുവരിയിലാണ് ടി.പി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. എന്നാൽ നാല് വർഷം തടവ് പൂർത്തിയാകുമ്പോൾ കുഞ്ഞനന്തൻ 389 ദിവസം പരോളിലാണെന്ന് ജയിൽ രേഖകൾ തന്നെ പറയുന്നുണ്ട്. എന്നാൽ നിയമപ്രകാരമുള്ള പരോൾ മാത്രമാണ് കുഞ്ഞനന്തന് നൽകിയിട്ടുള്ളത് എന്നാണ് സർക്കാർ വിശദീകരിക്കുന്നത്. Content Highlights: PK Kunjanadhan Face Critical Health Condition Government in Highcourt


from mathrubhumi.latestnews.rssfeed http://bit.ly/2MJAQDZ
via IFTTT