മൂവാറ്റുപുഴ: മുദ്രാ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകി പത്തര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സിനിമ - സീരിയൽ താരം തൃശ്ശൂർ കൈപ്പറമ്പ് പഴയങ്ങാടി പാലിയൂർ വിജോ പി. ജോൺസൺ (33) അറസ്റ്റിൽ. മൂവാറ്റുപുഴ സൗത്ത് മാറാടിക്കടുത്തുള്ള യുവതിയിൽ നിന്നാണ് പണം തട്ടിയത്. മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം വീട് വളഞ്ഞാണ് പ്രതിയെ പിടിച്ചത്. സൈബർസെല്ലിന്റെ സഹായത്തോടെ ഇയാളുടെ നീക്കങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തി കുടുക്കുകയായിരുന്നു. സിനിമാ ബന്ധങ്ങൾ ഉപയോഗിച്ചും സൗഹൃദം നടിച്ചും അതി വിദഗ്ദ്ധമായി തട്ടിപ്പുകൾ നടത്തുന്ന ഇയാൾക്കെതിരേ വേറെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഭൂമി ഇടപാടിൽ മൂവാറ്റുപുഴ സ്വദേശി സലാമിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ മൂവാറ്റുപുഴ കോടതി ഇയാൾക്കെതിരേ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നിലനിൽക്കെയാണ് യുവതിയെ പറ്റിച്ച കേസിൽ അറസ്റ്റിലാകുന്നത്. തട്ടിപ്പുകേസുകളിൽ ശിക്ഷിക്കപ്പെട്ട് ഇയാൾ വിയ്യൂർ ജയിലിലും കിടന്നിട്ടുണ്ട്. ഇയാളുടെ മറ്റ് പ്രവർത്തനങ്ങളെക്കുറിച്ചും തട്ടിപ്പുകളെ സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. ഡിവൈ.എസ്.പി. കെ. ബിജുമോന്റെ നേതൃത്വത്തിൽ സി.ഐ. സി. ജയകുമാർ, എസ്.ഐ. സി.എസ്. ഷാരോൺ, എ.എസ്.ഐമാരായ എം.എം. ഷമീർ, അനിൽ കെ.കെ., സിവിൽ പോലീസ് ഓഫീസർ ജിംമോൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Content Highlights:Serial Actor Arrested for Loan Fraud
from mathrubhumi.latestnews.rssfeed http://bit.ly/2MXyJfF
via
IFTTT