കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചിട്ടി തട്ടിപ്പുകാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റം ചെയ്തവരെയോ അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെയോ വെറുതെ വിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പശ്ചിമബംഗാളിൽ ഒരാഴ്ചയ്ക്കിടെ നടത്തിയ മൂന്നാമത്തെ റാലിയെ അഭിസംബോധന ചെയ്യവെയാണ് മമതയ്ക്കെതിരെ മോദി ആഞ്ഞടിച്ചത്. തൊട്ടുപിന്നാലെ ശക്തമായി തിരിച്ചടിച്ച് മമത ബാനർജിയും രംഗത്തെത്തി. മോദി അഴിമതിയുടെ നായകനാണെന്നും രാജ്യത്തിനുതന്നെ അദ്ദേഹം നാണക്കേടാണെന്നും മമത തിരിച്ചടിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാൻ ഒരു മുഖ്യമന്ത്രി ധർണ നടത്തിയത് ചരിത്രത്തിൽ ആദ്യമായാണെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചു. ചിട്ടി തട്ടിപ്പുകേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ മമത ധർണ നടത്തുന്നത് എന്തിനാണെന്ന് പാവപ്പെട്ടവർ ചോദിക്കുന്നു. അത്തരക്കാരെ ഈ കാവൽക്കാരൻ വെറുതെവിടില്ല. കുറ്റവാളിയായാലും സംരക്ഷകരായാലും ആരെയും വെറുതെവിടുന്ന പ്രശ്നമില്ലെന്നും ജയ്പാൽഗുരി ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു. തൊട്ടുപിന്നാലെയാണ് രൂക്ഷ വിമർശവുമായി മമത രംഗത്തെത്തിയത്. പ്രധാനമന്ത്രി മോദി അഴിമതിയുടെ നായകനാണെന്ന് അവർ ആരോപിച്ചു. റഫാൽ ഇടപാടിൽ ഉൾപ്പെട്ട അഴിമതിക്കാരനാണ്. നോട്ട് അസാധുവാക്കലിന്റെ നായകനാണ്. അദ്ദേഹം ഒരിക്കലും ചായക്കച്ചവടക്കാരൻ ആയിരുന്നില്ല. ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്നുപോലും അദ്ദേഹത്തിന് അറിയില്ല. ഇപ്പോൾ അദ്ദേഹം റഫാൽവാല ആയി മാറിയിരിക്കുന്നു. നുണകളാണ് അദ്ദേഹം പറയുന്നതെന്നുംമാധ്യമങ്ങളോട് സംസാരിക്കവെ മമത ആരോപിച്ചു. Content Highlights:PM Modi, Mamata Banerjee, West Bengal
from mathrubhumi.latestnews.rssfeed http://bit.ly/2DmKurz
via
IFTTT