Breaking

Sunday, February 3, 2019

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം; ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര

സെക്രട്ടേറിയേറ്റിനുമുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബത്തിന്റെ സമരം അഞ്ച് ദിവസം പിന്നിടുകയാണ്. അര്‍ഹരെ പട്ടികയില്‍പ്പെടുത്തുന്നതില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമരസമിതി. പ്രതിഷേധമായി ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തും.

സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. എന്‍ഡോസള്‍ഫാന്‍ ബാധിതരായ ഒന്‍പത് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ അമ്മമാര്‍ സമരത്തിനെത്തുമെന്നാണ് സമരസമിതി വ്യക്തമാക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ഇതിനായി കാസര്‍കോട് നിന്ന് കൂടുതല്‍ ദുരിതബാധിതര്‍ തിരുവനന്തപുരത്തേക്കെത്തുമെന്ന് സമരസമിതി അറിയിച്ചു. 

സാമൂഹ്യപ്രവര്‍ത്തക ദയാബായി മാത്രമാണ് ഇപ്പോള്‍ പട്ടിണി സമരമിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപടി ഉണ്ടായില്ലെങ്കില്‍ ദുരിതബാധിതരുടെ അമ്മമാരും പട്ടിണി സമരം തുടങ്ങും. സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ കെ ശൈലജ സമരത്തിനെതിരെ രംഗത്ത് വന്നതോടെ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായെന്നും സമരസമിതി പറഞ്ഞു. കുട്ടികളെ പ്രദര്‍ന വസ്തുക്കളാക്കിയുള്ള സമരം അംഗീകരിക്കില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.
 



from Anweshanam | The Latest News From India http://bit.ly/2S9BOzn
via IFTTT