Breaking

Sunday, October 24, 2021

നിയമ ഭേദഗതി; ഇളവുകള്‍ വനവിസ്തൃതി കുറയ്ക്കുമെന്ന് ആശങ്ക

കോഴിക്കോട്: വനംസംരക്ഷണ നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേദഗതി നിയമത്തിൽ നിർദേശം സമർപ്പിക്കുന്നതിൽ സാവകാശം തേടാൻ കേരളം തീരുമാനിച്ചു. നവംബർ രണ്ടിനകം നിർദേശം സമർപ്പിക്കണമെന്നാണ് കേന്ദ്രവനം, പരിസ്ഥിതി മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടത്. ഭേദഗതിയുടെ കരടിൽ സാങ്കേതികമായി പല സംശയങ്ങളും ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടുന്നതെങ്കിലും ഭേദഗതിയിലെ ഇളവുകൾ വനവിസ്തൃതി കുറയ്ണക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. കരട് ഭേദഗതി പ്രകാരം കൂടുതൽ വനപ്രദേശം നഷ്ടപ്പെടാനാണ് സാധ്യത. വനനശീകരണം തടയുന്നതിനായി 1980-ലാണ് കർശന വ്യവസ്ഥകളോടെ കേന്ദ്രവനം സംരക്ഷണനിയമം (ഫോറസ്റ്റ് പ്രൊട്ടക്ഷൻആക്ട്) നിലവിൽവന്നത്. 1996 ഡിസംബർ വരെ വനനിയമങ്ങൾ പ്രകാരം വിജ്ഞാപനം ചെയ്ത പ്രദേശങ്ങൾക്കാണ് വനസംരക്ഷണനിയമം ബാധകമായത്. ഇതുപ്രകാരം വനം അല്ലാത്ത പ്ലാന്റേഷനുകൾ ഉൾപ്പെടെ വനപ്രദേശമായി കണക്കാക്കും. ഇത്തരം പ്രദേശങ്ങളിൽ വികസനപ്രവർത്തനം നടത്തുന്നതിനും തരംമാറ്റുന്നതിനും കേന്ദ്രത്തിന്റെ മുൻകൂർ അനുമതി വേണം. ഈ വ്യവസ്ഥ ഇളവ് ചെയ്യാൻ പുതിയ ഭേദഗതിയിൽ ഉദ്ദേശിക്കുന്നു. റോഡുകളുടെയും റെയിൽവേ ലൈനിന്റെയും വശങ്ങളിൽ ഉള്ള സ്ട്രിപ് പ്ലാന്റേഷനുകൾ ഇപ്പോൾ വനങ്ങളായാണ് കണക്കാക്കുന്നത്. ഇത്തരം സ്ഥലങ്ങൾ വഴിക്കായി വിട്ടുകൊടുക്കുന്നതിനും കേന്ദ്രസർക്കാറിന്റെ അനുമതി വേണം. ഭേദഗതി പ്രകാരം 0.05 ഹെക്ടർ വരെ ഭൂമി വഴിയാവശ്യത്തിന് വിട്ടുകൊടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം ലഭിക്കും. ഇങ്ങനെ ഒട്ടേറേ ഇളവുകൾ നൽകുന്നതാണ് കരട് ഭേദഗതി. വിശദമായി പഠിച്ചശേഷമേ നിർദേശം സമർപ്പിക്കാനാവൂ എന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. 2000 ഹെക്ടർ വനഭൂമി നഷ്ടപ്പെടും ഭേദഗതി നിയമം നടപ്പായാൽ സംസ്ഥാനത്ത് നിലവിൽ സ്വകാര്യവനങ്ങളിൽ പട്ടയം നൽകിയ 2000-ത്തോളം ഹെക്ടർ വനഭൂമി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഈ വനഭൂമി നഷ്ടപ്പെടാതിരിക്കാൻ സംസ്ഥാനം നിയമസഭയിൽ ബിൽ അവതരിപ്പിക്കാനിരിക്കുമ്പോഴാണ് കേന്ദ്രം കൂടുതൽ ഇളവുകളുമായി വരുന്നത്. ഈ സാഹചര്യത്തിൽ നിയമവകുപ്പിന്റെകൂടി അഭിപ്രായം തേടി റിപ്പോർട്ട് സമർപ്പിക്കാനാണ് കേരളം സാവകാശം തേടുന്നത്. പരിസ്ഥിതിസംഘടനകളുടെയും അഭിപ്രായം തേടാൻ സർക്കാർ ആലോചിക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3EbsTRe
via IFTTT