നെയ്യാറ്റിൻകര: പ്രതികളെ ഹാജരാക്കേണ്ട കോടതി അവധിയായതിനാൽ മറ്റൊരു കോടതിയിൽ ഹാജരാക്കാൻ രണ്ടു മിനിറ്റ് വൈകി. ഇതേത്തുടർന്ന് മജിസ്ട്രേറ്റ് പ്രതികൾക്കൊപ്പം പോലീസുകാരെയും പ്രതിക്കൂട്ടിൽ നിർത്തി. പോലീസുകാരുടെ ബെൽറ്റും തൊപ്പിയും അഴിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് സംഭവങ്ങൾ അരങ്ങേറിയത്. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി മൂന്നിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലെ നാലു പ്രതികളെയാണ് ഹാജരാക്കേണ്ടിയിരുന്നത്. പുളിങ്കുടി എസ്.എ.പി. ക്യാമ്പിലെ പോലീസുകാരാണ് പ്രതികൾക്കൊപ്പം എത്തിയത്. ഇവർ പ്രതികളുമായി മൂന്നാം കോടതിയിൽ ചെന്നപ്പോൾ മജിസ്ട്രേറ്റ് ആനി വർഗീസ് അവധിയിലാണെന്ന് അറിഞ്ഞു. ഉടൻ കോടതിയിലെ ക്ലാർക്ക് രേഖകൾ മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി. എന്നിട്ട് പോലീസുകാരോട് പ്രതികളുമായി രണ്ടാംകോടതിയിൽ എത്താനാവശ്യപ്പെട്ടു. താഴത്തെ നിലയിൽനിന്നു പ്രതികളുമായി പോലീസുകാരായ നൂറുൾ അമീനും വിഷ്ണുവും ജിജി ശ്യാമും രണ്ടാംനിലയിലേക്കു പടികയറി എത്തിയപ്പോഴേക്കും മജിസ്ട്രേറ്റ് കേസ് വിളിച്ചിരുന്നു. അപ്പോഴേക്കും രണ്ടു മിനിറ്റ് വൈകി. ക്ഷുഭിതനായ മജിസ്ട്രേറ്റ് പ്രതികൾക്കൊപ്പം പോലീസുകാരോടും പ്രതിക്കൂട്ടിൽ കയറി നിൽക്കാൻ ആവശ്യപ്പെട്ടു. വൈകിയതിന് പോലീസുകാരെ റിമാൻഡ് ചെയ്യുമെന്നും പറഞ്ഞു. തുടർന്ന് പോലീസുകാർ വൈകാനുണ്ടായ സാഹചര്യം മജിസ്ട്രേറ്റിനോടു വ്യക്തമാക്കി. ഇതിനുശേഷമാണ് പോലീസുകാരെ പ്രതിക്കൂട്ടിൽ നിന്നിറങ്ങാൻ അനുവദിച്ചത്. പ്രതിക്കൂട്ടിൽ കയറ്റിനിർത്തിയ നടപടിക്കെതിരേ പോലീസുകാർ മൂന്നുപേരും തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു പരാതി നൽകി. content highlights:neyyattinkara court
from mathrubhumi.latestnews.rssfeed http://bit.ly/2MKNgv9
via
IFTTT