വാഷിങ്ടൺ: എട്ട് ഇന്ത്യൻ വിദ്യാർഥികൾ യു.എസിൽ വിസ തട്ടിപ്പുകേസിൽ അറസ്റ്റിലായി. വിദ്യാർഥിവിസ ദുരുപയോഗം ചെയ്ത് 600-ഓളം അനധികൃത വിദ്യാർഥികളെ യു.എസിൽ തങ്ങാൻ സഹായിക്കുന്ന വ്യാജരേഖകൾ ചമച്ചതായാണ് കേസ്. യു.എസ്. എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഏജന്റുമാർ ഒരുരാത്രി മുഴുവൻ നടത്തിയ പരിശോധനയ്ക്കൊടുവിലായിരുന്നു അറസ്റ്റ്. മിസോറി, ന്യുജേഴ്സി, ന്യൂയോർക്ക്, ജോർജിയ, ഒഹിയോ, ടെക്സാസ് എന്നിവിടങ്ങളിൽ പരിശോധന നടന്നു. ഭരത് കാകിറെഡ്ഡി, സുരേഷ് കണ്ടാല, ഫനിദീപ് കർണാടി, പ്രേം റംപീസ, സന്തോഷ് സാമ, അവിനാശ് തക്കല്ലപ്പല്ലി, അശ്വന്ത് നുനെ, നവീൻ പ്രതിപാഠി എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും 20-30 പ്രായമുള്ളവരാണ്. ആറുപേർ ഡിട്രോയിട്ടിൽ നിന്നും രണ്ടുപേർ വിർജീനിയ, ഫ്ലോറിഡ എന്നിവിടങ്ങളിൽ നിന്നുമാണ് അറസ്റ്റിലായത്. വൻ തട്ടിപ്പാണ് പുറത്തുവന്നതെന്നും ഇവർ വഴി രേഖകൾ സംഘടിപ്പിച്ച് യു.എസിൽ തങ്ങിയ ഒട്ടേറേപ്പേർ നടപടി നേരിടേണ്ടിവരുമെന്നും പോലീസ് പറഞ്ഞു. തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇവരെ യു.എസിൽനിന്ന് പുറത്താക്കിയേക്കും. തട്ടിപ്പുപുറത്തുകൊണ്ടുവരാൻ അന്വേഷണ ഏജൻസികൾ രഹസ്യനീക്കങ്ങളാണ് നടത്തിയത്. ഡിട്രോയിറ്റിൽ യുണിവേഴ്സിറ്റി ഓഫ് ഫാമിങ്ടൺ എന്ന പേരിൽ വ്യജ സ്ഥാപനം തയ്യാറാക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇത് വ്യാജമാണെന്ന് അറിയാതെ തട്ടിപ്പുസംഘം അതിലെ വിവരങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾക്ക് യു.എസിൽ തങ്ങാനുള്ള രേഖകൾ തയ്യാറാക്കി നൽകി. ഇത്തരത്തിൽ പ്രവേശനം നേടിയ ഒട്ടേറേ വിദ്യാർഥികൾ പോലീസ് കസ്റ്റഡിയിലാണ്. രേഖകൾ തയ്യാറാക്കി നൽകാൻ വലിയ പ്രതിഫലമാണ് ഇവർ ഈടാക്കിയിരുന്നത്. വ്യാജ യൂണിവേഴ്സിറ്റി തയ്യാറാക്കി യു.എസ്. അധികൃതർ നേരത്തേയും വിദ്യാർഥിവിസ ദുരുപയോഗം ചെയ്യുന്ന സംഘത്തെ പിടികൂടിയിട്ടുണ്ട്. 2016-ൽ ഇങ്ങനെ 21 പേരാണ് പോലീസ് പിടിയിലായത്. Content Highlights:Visa Scam 8 Indian Students Arrested in US
from mathrubhumi.latestnews.rssfeed http://bit.ly/2MKxwrU
via
IFTTT