Breaking

Thursday, November 1, 2018

ഉർജിത് പട്ടേൽ രാജിക്കെന്ന് അഭ്യൂഹം; ആർ.ബി.ഐ.യുമായി ചർച്ചയിലെന്ന് കേന്ദ്രം

മുംബൈ: കേന്ദ്ര സർക്കാരും റിസർവ് ബാങ്കും തമ്മിലുള്ള ശീതസമരം രൂക്ഷമായതിനിടയിൽ ബുധനാഴ്ച ആർ.ബി.ഐ. ഗവർണർ ഉർജിത് പട്ടേൽ രാജിവെച്ചേക്കുമെന്ന് അഭ്യൂഹവും പരന്നു. ധനമന്ത്രി അരുൺ ജെയ്റ്റ്ലി ആർ.ബി.ഐ.യുടെ പ്രവർത്തനത്തെ രൂക്ഷമായി വിമർശിച്ചതാണ് രാജി വാർത്ത പരക്കാൻ കാരണം. എന്നാൽ ആർ.ബി.ഐ. വൃത്തങ്ങൾ ഇക്കാര്യം നിഷേധിച്ചു. സ്ഥിതിഗതികൾ വിലയിരുത്താനും പ്രശ്നങ്ങൾ ചർച്ച ചെയ്യാനും നവംബർ 19-ന് ഉർജിത് പട്ടേൽ ആർ.ബി.ഐ. ബോർഡ് യോഗം വിളിച്ചതോടെ രാജി തത്കാലമില്ലെന്ന സൂചന ലഭിച്ചു. റിസർവ് ബാങ്കിന്റെ സ്വയം ഭരണാവകാശം സർക്കാർ മാനിക്കുന്നുണ്ടെന്നും ആർ.ബി.ഐ.യുമായി വിശദവും വിശാലവുമായ ചർച്ചകൾ നടന്നുവരികയാണെന്നും കേന്ദ്രധനമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിക്കുകയും ചെയ്തു. ബാങ്കുകളുടെ കിട്ടാക്കടം കുമിഞ്ഞു കൂടിയിട്ടും അതിന് തടയിടാൻ ആർ.ബി.ഐ. ശ്രമിച്ചില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി തുറന്നടിച്ചിരുന്നു. എൻ.ഡി.എ. അധികാരത്തിൽ വരുന്നതിന് മുമ്പും ആർ.ബി.ഐ. തങ്ങളുടെ ദൗത്യം കൃത്യമായി നിർവഹിച്ചിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. റിസർവ് ബാങ്കിൽ നേരിട്ട് ഇടപെടാൻ കഴിയുന്ന ഏഴാംവകുപ്പ് കേന്ദ്രം പ്രയോഗിക്കുകയാണെന്ന റിപ്പോർട്ടുകൂടി പുറത്തുവന്നതോടെ തർക്കം മൂർച്ഛിച്ചു. ചരിത്രത്തിലാദ്യമായാണ് ആർ.ബി.ഐ. നിയമത്തിലെ ഏഴാംവകുപ്പ് പ്രയോഗിക്കാൻ ശ്രമം നടന്നത്. ഇത് ആർ.ബി.ഐ.യുടെ സ്വയംഭരണാവകാശത്തെ പാടെ ഇല്ലാതാക്കുമെന്ന് ആരോപണമുയർന്നു. ഈ നിയമപ്രകാരം ആർ.ബി.ഐ.യുടെ പല നടപടികളും സർക്കാർ ചോദ്യം ചെയ്തിരുന്നു. പൊതുതാത്പര്യവും രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങളും പരിഗണിച്ച് റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും പല കാര്യങ്ങളും ചർച്ച ചെയ്യേണ്ടി വരുമെന്നാണ് ഇതു സംബന്ധിച്ച് ധനവകുപ്പ് നൽകുന്ന വിശദീകരണം. റിസർവ് ബാങ്കും കേന്ദ്ര സർക്കാരും തമ്മിൽ പല വിഷയങ്ങളിൽ തർക്കമുണ്ട്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാൻ ആർ.ബി.ഐ. തയ്യാറാവണമെന്നാണ് സർക്കാരിന്റെ ഒരു നിർദേശം. കിട്ടാക്കടം പെരുകി മോശമായ അവസ്ഥയിൽ കഴിയുന്ന പൊതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ പ്രവർത്തന മൂലധനം നൽകുക, ചെറുകിടവ്യവസായങ്ങൾക്ക് വായ്പ അനുവദിക്കാൻ നിയമങ്ങളിൽ ഇളവ് വരുത്തുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ട് വെച്ചിരുന്നു. നോട്ട് നിരോധനത്തിനുശേഷം തകർന്ന ചെറുകിടവ്യവസായമേഖലയെ സഹായിക്കുക എന്നതാണ് സർക്കാർ ഉദ്ദേശ്യം. എന്നാൽ കിട്ടാക്കടം വർധിച്ച സാഹചര്യത്തിൽ വായ്പകൾ അനുവദിക്കുന്ന കാര്യത്തിൽ കർശന നിബന്ധനകളാണ് റിസർവ് ബാങ്ക് വെച്ചിരിക്കുന്നത്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ റിസർവ് ബാങ്ക് ഗവർണർ, സെബി ചെയർമാൻ, ഇൻഷുറൻസ് റഗുലേറ്ററി ബോർഡ് ചെയർമാൻ എന്നിവരടക്കം രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികളടങ്ങുന്ന ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ആൻഡ് ഡെവലപ്മെന്റ് കൗൺസിലിന്റെ യോഗം ധനവകുപ്പ് വെള്ളിയാഴ്ച വിളിച്ചിട്ടുണ്ട്. ചില തീരുമാനങ്ങൾ ഇതിലുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. െഡപ്യൂട്ടി ഗവർണർ വിരൽ ആചാര്യ റിസർവ് ബാങ്കിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ സർക്കാരിന്റെ കൈകടത്തലിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇത് ഇരുപക്ഷവും തമ്മിലുള്ള ശീതസമരം രൂക്ഷമാക്കി. റിസർവ് ബാങ്ക് ഡയറക്ടർ ബോർഡിൽ സർക്കാർ നോമിനിയായ എസ്. ഗുരുമൂർത്തി വിരൽ ആചാര്യക്കെതിരെ ഉർജിത് പട്ടേലിന് പരാതി നൽകുകയുമുണ്ടായി.


from mathrubhumi.latestnews.rssfeed https://ift.tt/2CTOtgI
via IFTTT