റായ്പുർ/ദന്തേവാഡ: “മമ്മീ, ഐ ലവ് യൂ... ഈ ആക്രമണത്തിൽ ഞാൻ കൊല്ലപ്പെട്ടേക്കാം. എന്തുകൊണ്ടോ പേടിതോന്നുന്നില്ല” -ചുറ്റും വെടിയുണ്ടകൾ ചീറിപ്പായുമ്പോൾ മൊർമുകുത് ശർമ അമ്മയ്ക്ക് അവസാന വീഡിയോ സന്ദേശമയച്ചു. ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ ചൊവ്വാഴ്ചയുണ്ടായ മാവോവാദി ആക്രമണത്തിൽനിന്ന് അദ്ഭുതകരമായാണ് ദൂരദർശൻ ജീവനക്കാരനായ ശർമയും റിപ്പോർട്ടർ ധീരജ് കുമാറും രക്ഷപ്പെട്ടത്. കൂടെയുണ്ടായിരുന്ന ക്യാമറാമാൻ അച്യുതാനന്ദ് സാഹു വെടിയേറ്റു മരിച്ചു. ഒപ്പം രണ്ടു പോലീസുകാരും. വെടിവെപ്പ് ഒരുമണിക്കൂറോളം നീണ്ടു. വളഞ്ഞാക്രമിക്കുന്ന മാവോവാദികൾക്കും തിരിച്ചടിക്കുന്ന പോലീസുകാർക്കുമിടയിൽ, മണ്ണിൽ കമഴ്ന്നുകിടന്നാണ് ശർമ പ്രിയപ്പെട്ട അമ്മയ്ക്കുള്ള 'അന്ത്യസന്ദേശം' റെക്കോഡ് ചെയ്തത്. ദൂരദർശന്റെ വാർത്താവിഭാഗമായ ഡി.ഡി. ന്യൂസിലെ ലൈറ്റിങ് അസിസ്റ്റന്റാണ് ശർമ. അടുത്തമാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനാണു ഡൽഹിയിൽനിന്ന് ഡി.ഡി. ന്യൂസിന്റെ മൂന്നംഗസംഘം ഛത്തീസ്ഗഢിലെത്തിയത്. പതിവ് റോന്തുചുറ്റലിനിറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പമാണ് സംഘം ദന്തേവാഡയിലെത്തിയത്. നിലവയ ഗ്രാമത്തിനടുത്തെത്തിയപ്പോൾ മാവോവാദികൾ ആക്രമിച്ചു. ആറോ ഏഴോ ജവാന്മാരാണ് ഒപ്പമുള്ളതെന്നും ആക്രമണത്തെ അതിജീവിക്കാൻ പ്രയാസമാണെന്നും ആരോ പറയുന്നത്, വെടിയൊച്ചകൾക്കിടയിലും കേട്ടതായി ശർമ ഓർക്കുന്നു. 20 വർഷമായി വോട്ട് ചെയ്യാത്ത ഗ്രാമവാസികളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനാണ് ഡി.ഡി. ന്യൂസ് സംഘമെത്തിയതെന്ന് പോലീസ് പറഞ്ഞു. സാഹു പത്തുമണിയോടെ ക്യാമറയിൽ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ തുടങ്ങിയിരുന്നു. പെട്ടെന്ന് അദ്ദേഹം വെടിയേറ്റുവീണെന്നും ശർമ പറഞ്ഞു. റോഡിനോടുചേർന്ന കാട്ടിൽനിന്നാണ് വെടിവെപ്പെന്നു മനസ്സിലായ ഉടനെ വണ്ടിയിൽനിന്ന് റോഡിലേക്ക് ചാടി അരികിലെ കുഴിയിലേക്ക് നിരങ്ങിനീങ്ങിയെന്ന് കുമാർ ഓർക്കുന്നു. മരണം നാലായി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. പരിക്കേറ്റ പോലീസ് കോൺസ്റ്റബിൾ രാകേഷ് കൗശലാണു ബുധനാഴ്ച മരിച്ചത്. ദൂരദർശൻ ക്യാമറാമാൻ അച്യുതാനന്ദ് സാഹു, സബ് ഇൻസ്പെക്ടർ രുദ്ര പ്രതാപ് സിങ്, അസിസ്റ്റന്റ് കോൺസ്റ്റബിൾ മംഗളൂ മാണ്ഡവി എന്നിവർ ചൊവ്വാഴ്ചതന്നെ കൊല്ലപ്പെട്ടിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2qlFQnT
via
IFTTT