തിരുവനന്തപുരം: മൺവിള വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്സ് ഫാക്ടറി കത്തിനശിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. രണ്ടുപേർക്ക് ശ്വാസതടസ്സമുണ്ടായതല്ലാതെ മറ്റ് ആളപായമില്ല.തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഞ്ചുനിലയുള്ള ഫാക്ടറിയും അതിനുള്ളിൽ സുക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ പ്ലാസ്റ്റിക് ഉത്പന്നങ്ങളും പൂർണമായി കത്തിച്ചാമ്പലായി.ബുധനാഴ്ച രാത്രി 6.30-ന് തുടങ്ങിയ തീപ്പിടിത്തം വ്യാഴാഴ്ച പുലർച്ചെ 2.50 ഓടെ നിയന്ത്രണവിധേയമായി. രാത്രി 12.30 ഓടെ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ വൻ ശബ്ദത്തോടെ ഇടിഞ്ഞുവീഴുകയും ചെയ്തിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെയും തമിഴ്നാട്ടിൽ നിന്നുമെത്തിയതുൾപ്പെടെഅമ്പതോളം ഫയർ എഞ്ചിനുകളാണ് സ്ഥലത്തെത്തിയത്.അപകടത്തിന്റെ ആദ്യമണിക്കൂറുകളിൽ ഫയർ എൻജിനുകൾ മണിക്കൂറുകൾ ശ്രമിച്ചിട്ടും തീ നിയന്ത്രണവിധേയമാക്കാനായില്ല. എന്നാൽ, തീ സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് പടരുന്നത് അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽമൂലം ഒഴിവാക്കാനായി. 1998-ൽ പ്രവർത്തനം തുടങ്ങിയ ചിറയിൻകീഴ് സ്വദേശി സിംസണിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാമിലി പ്ലാസ്റ്റിക്സ് ആൻഡ് തെർമോവെയർ ഫാക്ടറി. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം വിമാനത്താവളത്തിൽനിന്നുള്ള പ്രത്യേക ഫയർ എൻജിനായ പാന്തറും തീയണയ്ക്കുന്നതിന് ശ്രമിച്ചിരുന്നു. കമ്പനിയിലെ മൂന്ന് യൂണിറ്റുകളിൽ ഒന്നിലാണ് ആദ്യം തീപിടിച്ചത്. രാത്രി ഷിഫ്റ്റിലേക്ക് 120 തൊഴിലാളികൾ വന്നിരുന്നുവെന്നും ഗോഡൗണിൽ തീപിടിച്ചയുടനെ അവർ സുരക്ഷിതസ്ഥാനത്തേക്കു മാറിയെന്നുമാണ് ജീവനക്കാരും നാട്ടുകാരും പറഞ്ഞത്. തീ നിയന്ത്രണവിധേയമാകാത്തതിനാൽ സമീപവാസികളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഇതിനിടെ വിഷപ്പുക ശ്വസിച്ച് രണ്ടുപേരെ ആശുപത്രിയിലേക്കു മാറ്റി. ജയറാം രഘു(18), ഗിരീഷ് (21) എന്നിവരെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രാത്രി ഒൻപതുമണിക്കുശേഷമാണ് വിമാനത്താവളത്തിൽനിന്നുള്ള പാന്തർ എന്ന വലിയ ഫയർ എൻജിൻ ഇവിടെയെത്തിച്ചത്. അരക്കിലോമീറ്റർ അകലെനിന്നുപോലും തീയണയ്ക്കാൻ കഴിയുന്ന വാഹനമാണ് ഇത്. ഇതിനിടെ ജില്ലാ കളക്ടർ കെ.വാസുകി സ്ഥലത്തെത്തി പ്രവർത്തനങ്ങളുടെ ഏകോപനമേറ്റെടുത്തു. ഇവരുടെ നിർദേശപ്രകാരം ആളുകളെ ഒഴിപ്പിച്ചു. വിഷപ്പുക വ്യാപകമായതോടെ ആരോഗ്യവകുപ്പ് പ്രവർത്തകർ സ്ഥലത്തെത്തി മാസ്ക് വിതരണം ചെയ്യുകയും ആരോഗ്യ മുന്നറിയിപ്പു നൽകുകയും ചെയ്തു. 29-ന് ഇവിടെ ഷോർട്ട് സർക്യൂട്ട് കാരണം മൂന്നാംനിലയിൽ ചെറിയ തീപ്പിടിത്തമുണ്ടായെങ്കിലും ഉടനെ തീ കെടുത്താൻ കഴിഞ്ഞിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന്റെ വേദിയുടെ സമീപത്താണ് ഫാക്ടറി പ്രവർത്തിക്കുന്നത്. സംഭവമറിഞ്ഞ് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, മേയർ വി.കെ.പ്രശാന്ത് എന്നിവർ സ്ഥലത്തെത്തി.സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു അപകടത്തിന്റെ പശ്ചാത്തലത്തിൽ മൺവിള, കുളത്തൂർ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (നവംബർ 1) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ: കെ.വാസുകി അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2CUiPzN
via
IFTTT