Breaking

Friday, July 13, 2018

താലിബാനെ തോല്പിച്ച് സ്വാതിലെ ധ്യാനബുദ്ധൻ

പെഷാവർ: പാകിസ്താനിൽ പതിനൊന്ന് വർഷംമുമ്പ് താലിബാൻ ഭീകരർ തകർത്ത ശിലയിൽകൊത്തിയ ബുദ്ധചിത്രം പുനർനിർമിച്ചു. ദക്ഷിണേഷ്യയിലെ വലിയ ശിലാചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന സ്വാത് താഴ്വരയിലെ ധ്യാനരൂപത്തിലുള്ള ബുദ്ധരൂപമാണ് 2007 സെപ്റ്റംബറിൽ ഭീകരർ സ്ഫോടകവസ്തുക്കളുപയോഗിച്ച് തകർത്തത്. ഇറ്റാലിയൻ സർക്കാരിന്റെ സഹായത്തോടെയായിരുന്നു പുനർനിർമാണം.നിർമാണത്തിനും അടുത്ത അഞ്ചുവർഷത്തേക്ക് സംരക്ഷിക്കാനുമായി 29 ലക്ഷം ഡോളറാണ്(19.86 കോടി രൂപ) ഇറ്റാലിയൻ സർക്കാർ പാകിസ്താന് നൽകിയത്. ആറടിയുയരത്തിൽ താമരയിലിരിക്കുന്ന തരത്തിലാണ് ശില്പം. പാറതുരന്നുണ്ടാക്കിയ കുഴികളിൽ സ്ഫോടകവസ്തുകൾ നിറച്ച് ഗുഹാചിത്രത്തിന്റെ പകുതിയോളം ഭീകരർ നശിപ്പിച്ചിരുന്നു. ലോകമെങ്ങും വലിയ പ്രതിഷേധമാണ് ഇതിനെതിരേ ഉയർന്നത്. ബുദ്ധചിത്രം പുനർനിർമിക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് ദൗത്യത്തിന് നേതൃത്വം നൽകിയ ഇറ്റാലിയൻ പുരാവസ്തുശാസ്ത്രജ്ഞ ലൂക്കാ മരിയ ഒലിവെയ്രി പറഞ്ഞു. പഴയ ചിത്രത്തിന് വിഭിന്നമായി ആക്രമണത്തിൽനിന്ന് നേരിട്ട കേടുപാടുകൾ വ്യക്തമാകുന്ന തരത്തിലാണ് ചിത്രം പുനർനിർമിച്ചതെന്നും അവർ പറഞ്ഞു. 2012-ലാണ് ഇതിന്റെ പ്രവർത്തനങ്ങളാരംഭിച്ചത്. പൂർണമായി കേടുപാടുകളുണ്ടായ ചിത്രത്തിന്റെ മുഖം ആദ്യം സാങ്കല്പികമായി പരീക്ഷണശാലയിൽ പുനർനിർമിച്ചിരുന്നു. ഇതിനായി പഴയചിത്രങ്ങളും ലേസർ സർവേകളും ഉപയോഗപ്പെടുത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2LcvU8Q
via IFTTT