ന്യൂഡൽഹി: ട്രായ് തലവൻ ആർ.എസ്.ശർമയുടെ ആധാർ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് യുഐഡിഎഐയുടെ വിശദീകരണം. ആധാർ ഡേറ്റാ ബേസിൽ നിന്നോ സെർവറുകളിൽ നിന്നോ വിവരങ്ങൾ ചോർന്നിട്ടില്ല. ഗൂഗിൾ ചെയ്ത് ലഭിച്ച വിവരങ്ങൾ പരസ്യപ്പെടുത്തിയാണ് ചോർന്നു കിട്ടിയതെന്ന പേരിൽ പ്രചരിപ്പിച്ചതെന്നും യുഐഡിഎഐ വ്യക്തമാക്കി. ആധാർ വിവരങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്ന ചർച്ച സജീവമാകുകയും വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തതോടെയാണ് സ്വന്തം ആധാർ നമ്പർ ട്വിറ്ററിൽ പരസ്യപ്പെടുത്തി ആർ.എസ്.ശർമഹാക്കർമാരെ വെല്ലുവിളിച്ചത്. വെറുമൊരു നമ്പർ കൊണ്ട് ആർക്കും ഒന്നും ചെയ്യാനാകില്ലെന്നും ശർമപറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശർമയുടെ വ്യക്തിഗതവിവരങ്ങൾ ഹാക്കർമാർ പരസ്യപ്പെടുത്തിയത്. മൊബൈൽ നമ്പർ സംബന്ധിച്ച വിവരങ്ങളും ജനനത്തീയതിയും പാൻ കാർഡ് നമ്പറുമെല്ലാം ഇങ്ങനെ പുറത്തുവന്നു. ശർമയുടെ അക്കൗണ്ടിലേക്ക് ഹാക്കർമാർ ഒരുരൂപ നിക്ഷേപിക്കുക വരെ ചെയ്തു. ആധാർ സുരക്ഷിതമല്ലെന്ന് തെളിഞ്ഞെന്നായിരുന്നു ഇതിലൂടെ ഹാക്കർമാരുടെ വാദം. എന്നാൽ, ഇത് പൊളിച്ചടുക്കുന്നതാണ് യുഐഡിഎഐ ഇപ്പോൾ നല്കിയിരിക്കുന്ന വിശദീകരണം. ശർമയുടെ ആധാർ വിവരങ്ങൾ അല്ല ചോർന്നതെന്നും മറ്റ് പലവിധത്തിലും ശേഖരിച്ച വിവരങ്ങൾ പരസ്യപ്പെടുത്തി ഹാക്കർമാർ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നുമാണ് യുഐഡിഎഐ പറയുന്നത്. പബ്ലിസിറ്റിക്കുവേണ്ടിയുള്ള തരംതാണ പ്രവർത്തികൾ മാത്രമാണ് ഹാക്കിങ്ങെന്ന പേരിൽ ചിലർ ചെയ്തിരിക്കുന്നത്. കാലങ്ങളായി പൊതുസേവന രംഗത്തുള്ള ശർമയുടെ വ്യക്തിഗതവിവരങ്ങൾ പല വെബ്സൈറ്റുകളിൽ നിന്നും ലഭ്യമാണ്. ജനനത്തീയതി അടക്കമുള്ളവ ഐഎഎസുകാരുടെ വെബ്സൈറ്റിൽ നിന്ന് ശേഖരിച്ചതാവാം. മേൽവിലാസവും അനുബന്ധവിവരങ്ങളും ട്രായിയുടെ തന്നെ വൈബ്സൈറ്റിലുള്ളതാണെന്നും യുഐഡിഎഐ വാദിക്കുന്നു. ഇത്തരത്തിൽ എവിടെനിന്നും ഒരാളുടെ വ്യക്തിഗതവിവരങ്ങൾ ചോർത്താമെന്ന വസ്തുതയാണ് ഗൗരവത്തോടെ കാണേണ്ടതെന്നും ആധാറിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയല്ല വേണ്ടെതെന്നും ഔദ്യോഗിക വക്താക്കൾ പറയുന്നു. അതിനിടെ, എല്ലാം ഡിജിറ്റൽ ലോകത്തിന്റെ പോരായ്മകളാണെന്ന് വരുത്തിത്തീർത്ത് ആധാർ സുരക്ഷിതമാണെന്ന് സ്ഥാപിക്കാനാണ് യുഐഡിഎഐ ശ്രമിക്കുന്നതെന്ന് ആരോപണങ്ങൾ ഉയർന്നുകഴിഞ്ഞു. Content HIghlights:No data has been fetched using RS Sharmas Aadhaar number says UIDAI, TRAI chairman R.S.Sharma, Aadhar number
from mathrubhumi.latestnews.rssfeed https://ift.tt/2LKDsDm
via
IFTTT