Breaking

Tuesday, July 31, 2018

കേരള പോലീസിന്റെ ആദ്യ വനിതാ പോലീസ് ബറ്റാലിയന്‍ യാഥാർഥ്യമാകുന്നു; പാസിങ് ഔട്ട് പരേഡ് ചൊവ്വാഴ്ച 

കേരള പോലീസിന്റെ ആദ്യ വനിതാ പോലീസ് ബറ്റാലിയന്‍ യാഥാര്‍ഥ്യത്തിലേക്ക്. പ്രഥമ വനിതാ ബറ്റാലിയന്‍ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് ചൊവ്വാഴ്ച രാവിലെ 7.30ന് കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാ ബറ്റാലിയന്റെ അഭിവാദ്യം സ്വീകരിക്കും.

പോലീസ് സേനയില്‍ വനിതകളുടെ പ്രാതിനിധ്യം 25 ശതമാനമാക്കി ഉയര്‍ത്തുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് വനിതാ ബറ്റാലിയന് രൂപം നൽകിയത്. വനിതാ ബറ്റാലിയനിൽ ആകെ 578 വനിതാ പോലീസ് സേനാംഗങ്ങളാണ് ഇപ്പോൾ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതിൽ 44 പേര്‍ കമാന്‍ഡോ പരിശീലനം നേടിയിട്ടുള്ളവരാണ്. കമാൻഡോ വിംഗിന് നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെയും തണ്ടർ ബോൾട്ടിന്റെയും പരിശീലനം നൽകിയിട്ടുണ്ട്. 

അടിസ്ഥാന പരിശീലനത്തിനു പുറമേ കളരി, യോഗ, കരാട്ടേ, നീന്തല്‍, ഡ്രൈവിങ്, കംപ്യൂട്ടര്‍, സോഫ്റ്റ് സ്‌കില്ലുകള്‍, ഫയറിങ്, ആയുധങ്ങള്‍, വനത്തിനുള്ളിലെ പരിശീലനം, സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യല്‍, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിൽ സംഘത്തിന് പരിശീലനം നല്‍കിയിട്ടുണ്ട്. വ്യക്തിത്വവികാസത്തിന് ഐക്യരാഷ്ട്ര സഭയുടെ വിമന്‍ ട്രെയിനിങ് സെന്റര്‍ ഇ-ലേണിങ് ക്യാമ്പസില്‍ നിന്നും 'ഐ നോ ജന്‍ഡര്‍ - 1,2,3' മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളവരാണ് ഈ സേനാംഗങ്ങള്‍.് 

കൂടുതല്‍ വനിതകളെ പോലീസ് സേനയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 2017ലാണ് തിരുവനന്തപുരം ആസ്ഥാനമായി ഒരു വനിതാ പോലീസ് ബറ്റാലിയന്‍ സർക്കാർ പ്രഖ്യാപിച്ചത്. റിക്രൂട്മെന്റ് നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി 2017 സെപ്തംബര്‍ 17 മുതൽ വനിതാ ബറ്റാലിയന്റെ പരിശീലനം തൃശ്ശൂര്‍ കേരള പോലീസ് അക്കാദമിയില്‍ നടന്ന് വരികയായിരുന്നു.



from Anweshanam | The Latest News From India https://ift.tt/2KbsbHs
via IFTTT