ന്യൂഡൽഹി: ഉത്തർ പ്രദേശിലെ സണൗലി ഉദ്ഖനന കേന്ദ്രത്തിൽ നിന്ന് അതിപുരാതന കാലത്തെ രാജവംശത്തിന്റേതെന്ന് കരുതപ്പെടുന്നഭൗതികാവശിഷ്ടങ്ങൾ ലഭിച്ചു. ബിസി 2000-1800 കാലഘട്ടത്തിലെ വെങ്കലയുഗത്തിലോ പൂർവ ഇരുമ്പ് യുഗത്തിലോ നിലനിന്നിരുന്ന രാജവംശത്തിൽപ്പെവരുടേതാകാംഭൗതികാവശിഷ്ടമെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കി. മൂന്ന് ശവകല്ലറകൾ, അസ്ഥികൾ, രഥാവശിഷ്ടങ്ങൾ, ആയുധങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. ഉദ്ഖനനത്തിൽ രഥാവശിഷ്ടങ്ങൾ കണ്ടെത്തുന്നത് ഏഷ്യയിൽ തന്നെ ആദ്യമാണ്. ഗ്രീസ്, മെസപ്പെട്ടോമിയൻ സൈറ്റുകളിൽ നിന്നാണ് മുൻപ് രഥാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുള്ളത്. പിടിയോട് കൂടിയ വാളുകൾ കണ്ടെത്തുന്നതും ആദ്യമാണ്.ഒരു നായയുടേത് ഉൾപ്പടെ എട്ട് ശവശരീരാവശിഷ്ടങ്ങളും ഇതിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പുരാവസ്തു വകുപ്പിലെ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് ആർവിൻ മഞ്ജുൾ, ഇവരുടെ ഭർത്താവും ആർക്കിയോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ സഞ്ജയ് കുമാർ മഞ്ജുൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.ജൂൺ മാസത്തിലാണ് ഇവ കണ്ടെത്തിയത്. അവശിഷ്ടങ്ങൾ ഡൽഹിയിലെ ചെങ്കോട്ടയിൽ എത്തിച്ചിട്ടുണ്ട്. മറ്റ് ഹാരപ്പൻ ഉദ്ഖനനങ്ങളിൽഇതുവരെ ഇത്ര വിശദമായ ഭൗതികാവശിഷ്ടങ്ങൾ ലഭിച്ചിട്ടില്ല. ഇവയെ കുറിച്ചുള്ള പഠനം ഗംഗാ യമുന സമതലത്തിലെ സംസ്കാരങ്ങളെ കുറിച്ചുള്ള പഠനത്തിന് കൂടുതൽ വെളിച്ചം വീശുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഹാരപ്പൻ സംസ്കാരത്തിനും ബുദ്ധന്റെ ജനനത്തിനും ഇടയിലുള്ള കാലത്തെ കുറിച്ച് മനസ്സിലാക്കാനും ഇത് സഹായിച്ചേക്കും. ഭൗതികാവശിഷ്ടങ്ങളിലെ എല്ലുകളും, പല്ലുകളും ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കും. ഇതിലൂടെ ഇവ ഇന്ത്യൻ, ആര്യൻ, മംഗോളിയൻ വിഭാഗത്തിൽപ്പെട്ടവരുടേതാണോ എന്ന് തിരിച്ചറിയാൻ സഹായിക്കും. ആയുധങ്ങളിലെ വെങ്കലത്തിന്റെയും, ചെമ്പിന്റെയും അളവും പഠനത്തിന് വിധേയമാക്കും. മൃഗങ്ങളുടെ അസ്ഥികളും കണ്ടെടുത്തിട്ടുള്ളതിനാൽ പാലിയോബോട്ടണിസ്റ്റുകളും പഠനത്തിന് ഒപ്പം ചേരും.പുരാതന ഇന്ത്യയിലേക്കു നടന്നതായി കരുതുന്ന ആര്യാധിനിവേശം സംബന്ധിച്ച ചരിത്ര കാഴ്ചപ്പാടുകളിൽ നിർണായകമാണ് കണ്ടെത്തൽ എന്നാണ് കരുതുന്നത്. ഏതെങ്കിലും രാജ വംശവുമായോ പുരാവൃത്തവുമായോഈ കണ്ടെത്തലിനെ ബന്ധിപ്പിക്കാൻ ശാസ്ത്രജ്ഞർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ മഹാഭാരതവുമായുംകൗരവ രാജവംശത്തിലെ ഹസ്തനിപുരവുമായും ഇതിന് ബന്ധമുണ്ടെന്ന ചിലർ അവകാശവാദമുന്നയിച്ചിട്ടുണ്ട്.സൊണൗലിയിലെ കണ്ടെത്തലുകൾ സംബന്ധിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമ റിപ്പോർട്ട് തേടിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2AkampP
via
IFTTT