Breaking

Tuesday, July 31, 2018

ഫോർമലിന്‌ പിടിവീണു; പകരം പുതിയ രാസവസ്തു

തിരുവനന്തപുരം: മീനിൽ േചർക്കുന്ന ഫോർമലിൻ കണ്ടെത്തുന്നതിനുള്ള പരിശോധന കർശനമാക്കിയതോടെ എളുപ്പത്തിൽ കണ്ടെത്താനാകാത്തവിധം പുതിയ രാസവസ്തു ചേർക്കുന്നതായി സംശയം. മീൻ കേടാകാതിരിക്കാൻ സിൽവർ ഹൈഡ്രജൻ പെറോക്സൈഡ് ലായനി തളിക്കുന്നതായാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്. ഇത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച് സർക്കാർ അനലിറ്റിക്കൽ ലാബിൽ പരിശോധന തുടങ്ങി. സിൽവർ ഹൈഡ്രജൻ പെറോക്സൈഡ് എളുപ്പത്തിൽ കണ്ടെത്താൻ നിലവിൽ മാർഗങ്ങളില്ല. ഈ സാഹചര്യത്തിലാണ് പഠനം. എറണാകുളത്തെ ചില രാസവസ്തു വിൽപ്പനശാലകളിൽനിന്ന് ബോട്ടുകാർ കൂടിയ അളവിൽ നിരന്തരം വാങ്ങിപ്പോകുന്നുണ്ട്. ഇതാണ് സംശയത്തിനു കാരണം. അണുനാശിനിയായി ഉപയോഗിക്കുന്ന സിൽവർ ഹൈഡ്രജൻ പെറോക്സൈഡ് മീനിൽ ഉപയോഗിച്ചാൽ കേടാകാതിരിക്കുമോ എന്നതിലും വ്യക്തതയില്ല. ഇക്കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. സിൽവർ ഹൈഡ്രജൻ പെറോക്സൈഡ് വായു, വെള്ളം, മണ്ണ് എന്നിവയിലുൾപ്പെടെ രോഗാണുനാശിനിയായി ഉപയോഗിക്കുന്ന രാസവസ്തുവാണ് സിൽവർ ഹൈഡ്രജൻ പെറോക്സൈഡ്. നിറമോ മണമോ ഇല്ല. നേർപ്പിക്കാതെ ഉപയോഗിച്ചാൽ പൊള്ളലുണ്ടാക്കും. വെള്ളവുമായി ചേർത്ത് നേരിയ അളവിൽ മീനിൽ തളിക്കുന്നതായി സംശയിക്കുന്നു. കൃഷിയിടങ്ങളിൽ 400 ചതുരശ്ര മീറ്റർവരെ മണ്ണ് അണുവിമുക്തമാക്കുന്നതിന് മൂന്ന് ലിറ്റർ സിൽവർ ഹൈഡ്രജൻ പെറോക്സൈഡ് മതിയെന്നാണ് കൃഷി വിദഗ്ധർ പറയുന്നത്. 20 ലിറ്റർ കന്നാസുകളിലാണ് എറണാകുളത്തെ കടകളിൽനിന്ന് ബോട്ടുകാർ ഇത് വാങ്ങിപ്പോകുന്നത്. ഫോർമലിൻ ചേർക്കുന്നത് കുറഞ്ഞു മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്ന മീനിൽ ഫോർമലിൻ, അമോണിയ എന്നിവ ചേർക്കുന്നത് കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) തയ്യാറാക്കിയ പേപ്പർ ടെസ്റ്റിലൂടെ എളുപ്പത്തിൽ കണ്ടെത്താനാകും. ഇതോടെ കേരളത്തിലേക്ക് അയക്കുന്ന മീനിൽ ഇത്തരം രാസവസ്തുക്കൾ ചേർക്കുന്നത് കുറഞ്ഞിരുന്നു. പരിശോധന സംശയത്തിന്റെ അടിസ്ഥാനത്തിൽ സിൽവർ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നുണ്ടെന്ന സംശയം ഉയർന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഈ രാസവസ്തു ഉപയോഗിച്ചാൽ മീൻ കേടാകാതിരിക്കുമോ, ശരീരത്തിനുള്ളിൽ ചെന്നാൽ എന്തെല്ലാം പ്രശ്നങ്ങളാണുണ്ടാകുക എന്നിവയും പരിശോധിക്കുന്നുണ്ട്. ഇതൊരു മോശം സാധനമല്ലെന്നാണ് മനസ്സിലാക്കുന്നത്. ഇതിന്റെ സാന്നിധ്യം എങ്ങനെ കണ്ടെത്താമെന്നതും പരിശോധിക്കും. -എം.ജി. രാജമാണിക്യം, സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ പൊള്ളലുണ്ടാക്കുന്ന രാസവസ്തു സിൽവർ ഹൈഡ്രജൻ പെറോക്സൈഡ് നേർപ്പിക്കാതെ ഉപയോഗിച്ചാൽ പൊള്ളലുണ്ടാക്കുന്ന രാസവസ്തുവാണ്. പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഒരു രാസവസ്തുവായതിനാൽ ശരീരത്തിനുള്ളിൽ ചെല്ലുന്നത് തീർച്ചയായും പ്രതികരണമുണ്ടാക്കും. -ഡോ. കെ. ശശികല, ഫൊറൻസിക് വിഭാഗം മേധാവി, തിരുവനന്തപുരം മെഡിക്കൽ കോളേജ്


from mathrubhumi.latestnews.rssfeed https://ift.tt/2vjMuwL
via IFTTT