Breaking

Tuesday, July 31, 2018

സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി; മുഖ്യമന്ത്രിക്ക് കാറില്ല; സ്വന്തമായി ഭൂമിയില്ലാതെ ധനമന്ത്രി; കോടിപതിയായി എ കെ ബാലൻ

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആസ്തിവിവരങ്ങള്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രിക്ക് സ്വന്തമായി ഭൂമിയും സ്വർണ്ണവുമെല്ലാം ഉണ്ടെങ്കിലും സ്വന്തമായി വാഹനമില്ല. ധനമന്ത്രിക്കാകട്ടെ സ്വന്തമായി ഒരു തരി ഭൂമിയോ സ്വർണ്ണമോ ഇല്ല. പ്രതിമാസം 55,012 രൂപ ശമ്പളമായി ഓരോ മന്ത്രിയും കൈപ്പറ്റുമ്പോൾ തന്റെ മാസവരുമാനം വെറും 1000 രൂപയാണെന്ന അപൂർവ വെളിപ്പെടുത്തലുമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ബാങ്ക് നിക്ഷേപത്തിൽ കോടിപതിയായി ഒരാൾ മാത്രം: മന്ത്രി എ.കെ.ബാലൻ.

ആരോഗ്യ ഡയറക്ടറായി വിരമിച്ച ഭാര്യയുടെ പേരിലെ നിക്ഷേപങ്ങളാണു ബാലനെ കോടിപതിയാക്കിയത്. വിരമിച്ചശേഷം ഇപ്പോൾ ആർദ്രം മിഷൻ കൺസൽറ്റന്റായി ജോലി ചെയ്യുകയാണു ബാലന്റെ ഭാര്യ ഡോ.പി.കെ.ജമീല. ഇൗയിനത്തിൽ മാത്രം പ്രതിമാസം 90,000 രൂപ ശമ്പളവും പെൻഷൻ തുകയായി 52,000 രൂപയും ലഭിക്കുന്നതിനാൽ മാസവരുമാനത്തിലും ബാലൻ തന്നെയാണു മുന്നിൽ. സ്വർണ സമാഹരണത്തിലും ബാലനെ വെല്ലാൻ ബാലൻ മാത്രം.

അഞ്ചര ലക്ഷം രൂപയുടെ സ്വര്‍ണവുമായി കടകംപള്ളി സുരേന്ദ്രന്‍ സ്വര്‍ണനേട്ടത്തില്‍ രണ്ടാം സ്ഥാനത്താണ്. ടി.പി.രാമകൃഷ്ണനും കെ.ടി.ജലീലിനും സ്വര്‍ണമില്ല. കെ.രാജുവിന്റെയും ജെ.മേഴ്‌സിക്കുട്ടിയമ്മയുടെയും പക്കല്‍ അഞ്ചു പൈസ എടുക്കാനുമില്ല. എ.സി.മൊയ്തീന്റെ പക്കലാണെങ്കിലോ, ആവശ്യത്തിനു പണവും – ആറരലക്ഷം രൂപ. ജി.സുധാകരനും കെ.കെ.ശൈലജയ്ക്കും രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും ഒരു ലക്ഷത്തിലേറെ രൂപ കൈവശമുണ്ട്.

പ്രതിമാസം 55,012 രൂപ ശമ്പളമായി കൈപ്പറ്റുന്നുവെന്നു മിക്ക മന്ത്രിമാരും സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയപ്പോൾ ജി.സുധാകരൻ മാത്രം വേറിട്ടുനിന്നു. ശമ്പളവും അവലൻസുകളും മറ്റെല്ലാ ആനുകൂല്യങ്ങളും ചേർത്ത് ആകെ 98,640 രൂപ വാങ്ങുന്നുണ്ടെന്നു സുധാകരൻ വെളിപ്പെടുത്തി. പക്ഷേ, മാസവരുമാനം വെറും 1000 രൂപയാണെന്നു രാമചന്ദ്രൻ കടന്നപ്പള്ളി എഴുതിയതിനു കാരണമെന്തെന്ന് ഉദ്യോഗസ്ഥർക്കും വിശദീകരിക്കാനാകുന്നില്ല.

മാത്യു ടി.തോമസ്, കെ.രാജു എന്നിവര്‍ക്കു മൂന്നു വണ്ടി സ്വന്തമായുള്ളപ്പോള്‍ മുഖ്യമന്ത്രി, സുധാകരന്‍, എം.എം.മണി, ടി.പി.രാമകൃഷ്ണന്‍, പി.തിലോത്തമന്‍ എന്നിവര്‍ക്ക് ഒന്നു പോലുമില്ല. മറ്റുള്ളവര്‍ക്ക് ഒരോന്നു വീതം മാത്രം.

കെ.ടി.ജലീലന് 1.10 കോടി രൂപയുടെയും എ.സി. മൊയ്തീന് 70 ലക്ഷത്തിന്റെയും സുധാകരന് 57 ലക്ഷത്തിന്റെയും മാത്യു ടി.തോമസിന് 51 ലക്ഷത്തിന്റെയും ഇൻഷുറൻസുണ്ട്. മുഖ്യമന്ത്രിക്കും ഒൻപതു മന്ത്രിമാർക്കും ഇൻഷുറൻസേ ഇല്ല. പാരമ്പര്യമായി കിട്ടിയ സ്വത്തും സ്വർണവും ഒക്കെയാണു പക്കലുള്ളതെന്നു മന്ത്രിമാർ രേഖപ്പെടുത്തിയിട്ടുണ്ട്.   

മുഖ്യമന്ത്രി പിണറായി വിജയന് മാസവരുമാനം 79,364 രൂപയാണ്. 2.20 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കൈവശമുള്ളത്. 22.77 ലക്ഷം രൂപ നിക്ഷേപവും 95.5.സെന്റ് ഭൂമിയുമാണ് പിണറായി വിജയനുള്ളത്. 2011-12 മുതലാണു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആസ്തിവിവരങ്ങൾ വെളിപ്പെടുത്തിത്തുടങ്ങിയത്. കഴിഞ്ഞ മന്ത്രിസഭായോഗം മന്ത്രിസഭാംഗങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നു.
 



from Anweshanam | The Latest News From India https://ift.tt/2LRuzYC
via IFTTT