Breaking

Monday, July 30, 2018

റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച സംഭവം; അഞ്ചാംദിവസവും ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയില്ല

പാറശ്ശാല: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ റിമാൻഡ് പ്രതിയായ കളിയിക്കാവിള സ്വദേശി അനീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ഞായറാഴ്ചയും ബന്ധുക്കൾ തയ്യാറായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്നാണ് ഞായറാഴ്ചയും മൃതദേഹം സ്വീകരിക്കാൻ ബന്ധുക്കൾ തയ്യാറാകാത്തത്. അനീഷ് മരണപ്പെട്ട സാഹചര്യത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി സംഘം തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയെ കാണും. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൃതദേഹപരിശോധനയുടെ പൂർണ റിപ്പോർട്ട് ബന്ധുക്കൾക്ക് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ശനിയാഴ്ച റിപ്പോർട്ട് ലഭിച്ചിരുന്നില്ല. ഇതിനെത്തുടർന്നാണ് ഞായറാഴ്ച മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറാകാത്തത്. മൃതദേഹ പരിശോധനാവേളയിൽ അനീഷിന്റെ ഇടത് മുതുകിലും വൃഷണത്തിലും മർദനമേറ്റതിന്റെ പാടുകൾ ഉള്ളതായി കണ്ടിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനെക്കുറിച്ച് മൃതദേഹപരിശോധനാ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ടെങ്കിലേ മൃതദേഹം ഏറ്റുവാങ്ങുകയുള്ളൂവെന്ന നിലപാടിലാണ് ബന്ധുക്കൾ. വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതാക്കളും ഇടവക വികാരികളും അടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണുന്നത്. മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയെ തുടർന്ന് മൃതദേഹം സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2uYWn3P
via IFTTT