Breaking

Monday, July 30, 2018

ഇടുക്കി നിറയുന്നു; ജലനിരപ്പ് 2394.70 അടിയായി

ചെറുതോണി: ഇടുക്കിസംഭരണിയിലെ ജലനിരപ്പ് 2397 അടിയിലെത്തിയാൽ 24 മണിക്കൂറിനകം തുറന്നുവിടാൻ വൈദ്യുതി വകുപ്പ് തീരുമാനിച്ചു. 2395 അടിയിലെത്തുമ്പോൾ ഓറഞ്ച് അലർട്ട് നൽകും. തുടർന്ന് എപ്പോൾ വേണമെങ്കിലും വെള്ളം തുറന്നുവിടാം. 2403 അടിയാണ് സംഭരണിയുടെ പരമാവധിശേഷിയെങ്കിലും മുല്ലപ്പെരിയാർകൂടി നിറഞ്ഞു നിൽക്കുന്നതിനാൽ നേരത്തേ തുറക്കാനാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ 2394.70യാണ് ജലനിരപ്പ്. 2397 അടിയിലെത്തിയാൽ ആദ്യം ഒരു ഷട്ടർ നാലുമുതൽ അഞ്ചു മണിക്കൂർ വരെ 40 സെന്റീമീറ്റർ ഉയർത്തും. ഇതിനുശേഷം നീരൊഴുക്ക് വിലയിരുത്തി കൂടുതൽ വെള്ളം തുറന്നുവിടണോ എന്ന് തീരുമാനിക്കും. മുന്നൊരുക്കമായി 12 സമീപ പഞ്ചായത്തുകളിലെ 12 സ്കൂളുകളിൽ ദുരിതാശ്വാസക്യാമ്പുകൾ സജ്ജമാക്കി. തിങ്കളാഴ്ച രാവിലെ 2394.58 യാണ് ജലനിരപ്പ്. 2395-ൽ എത്തുമ്പോൾ ഓറഞ്ച് അലർട്ട് നൽകും. തിങ്കളാഴ്ച ഉച്ചയോടെ വെള്ളം ഈ നിലയിലെത്തുമെന്നാണ് കരുതുന്നത്. 2397 അടി വെള്ളമായാൽ റെഡ് അലർട്ട് നൽകും. ഇതോടെ പ്രദേശവാസികളോട് ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്. ഇതിനുശേഷം ചെറുതോണിയിലെ അഞ്ച് ഷട്ടറുകളിൽ മധ്യത്തിലുള്ള ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തും. 34 അടി വീതിയും 40 അടി ഉയരവുമാണ് ഈ ഷട്ടറിനുള്ളത്. സെക്കൻഡിൽ 1750 ഘനയടി വെള്ളം ഇതിലൂടെ പുറത്തേക്കൊഴുകും. വെള്ളം ചെറുതോണിയിൽനിന്ന് ആലുവയിലേക്ക് ചെറുതോണി ടൗൺ മുതൽ ആലുവവരെ പെരിയാറിൽ 90 കിലോമീറ്ററിലാണ് വെള്ളമൊഴുകുക. ഷട്ടർ തുറന്ന് ഒരു മണിക്കൂറിനകം 24 കിലോമീറ്റർ അകലെ ലോവർപെരിയാർ അണക്കെട്ടിൽ വെള്ളമെത്തും. കല്ലാർകുട്ടി നിറഞ്ഞതിനാൽ തുറന്നുവിട്ടിരിക്കുന്ന വെള്ളവും നേര്യമംഗലം പവർഹൗസിൽനിന്നുള്ള വെള്ളവും പെരിയാറിലെ വെള്ളവും ലോവർ പെരിയാറിലാണ് ചേരുന്നത്. ഇടുക്കിയിൽനിന്നുള്ള വെള്ളംകൂടി എത്തുന്നതോടെ ലോവർപെരിയാറിന്റെ ഏഴ് ഷട്ടറുകൾ ഒന്നിച്ചുയർത്തേണ്ടിവരും. നിലവിൽ മൂന്ന് ഷട്ടറുകൾ തുറന്നിട്ടുണ്ട്. ലോവർപെരിയാറിൽനിന്ന് ഭൂതത്താൻകെട്ട്, മലയാറ്റൂർ, കാലടി, നെടുമ്പാശ്ശേരി. ആലുവ എന്നിവിടങ്ങളിലൂടെ ഒഴുകി വരാപ്പുഴ കായലിൽ ചേരും. വിമാനത്താവളത്തിനും മുന്നറിയിപ്പ് എറണാകുളം ജില്ലയിൽ പെരിയാർ തീരത്ത് ജലനിരപ്പുയരുന്നത് നാശനഷ്ടങ്ങൾക്കിടയാക്കുമെന്ന് ആശങ്കയുണ്ട്. തീരത്തുള്ള ഒട്ടേറെ കുടിവെള്ള പദ്ധതികളിൽ ചെളിയും മണ്ണും നിറഞ്ഞ് പ്രവർത്തനരഹിതമാകാൻ സാധ്യതയുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും വെള്ളം കയറിയേക്കാമെന്നാണ് വൈദ്യുതിബോർഡ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അതേസമയം, ചെങ്ങൽതോടിന്റെ ആഴം കൂട്ടിയതിനാൽ വലിയ ഭീഷണിയില്ലെന്നാണ് വിമാനത്താവള അധികൃതരുടെ നിഗമനം. ഇടമലയാർ അണക്കെട്ടും ഇടുക്കിയും ഒരേ സമയം തുറന്നാൽ മാത്രമാണ് ഭീഷണിയെന്നും വിമാനത്താവളത്തിൽ ചേർന്ന യോഗം വിലയിരുത്തി. ഇടമലയാറിൽ 166.1 മീറ്റർ വെള്ളം ഇടമലയാറിൽ 166.1 മീറ്റർ വെള്ളമാണുള്ളത്. 169 മീറ്റർ ശേഷിയുള്ള അണക്കെട്ടിൽ ജലനിരപ്പ് 168.5-ലെത്തിയാൽ മാത്രമേ തുറക്കൂവെന്ന് അധികൃതർ അറിയിച്ചു. ഇതിന് ഒരാഴ്ച സമയമെടുക്കുമെന്നാണ് കരുതുന്നത്. നേരത്തേ തുറക്കുന്നത് നാശം കുറയ്ക്കാൻ അണക്കെട്ടു തുറന്നുവിടുന്നതുവഴിയുള്ള നാശനഷ്ടം കുറയ്ക്കാനാണ് 2397 അടിയിലെത്തുമ്പോൾത്തന്നെ തുറക്കുന്നതെന്ന് അധികൃതർ. 40 സെന്റീമീറ്റർ തുറക്കുമ്പോൾ ഒഴുകുന്ന വെള്ളത്തിന്റെ ഗതി നിരീക്ഷിച്ചശേഷമായിരിക്കും കൂടുതൽ തുറക്കുക. മുല്ലപ്പെരിയാർ തുറക്കേണ്ടിവരുന്ന സാഹചര്യംകൂടി വിലയിരുത്തിയാണ് നടപടികൾ മുന്നേറുന്നത്. ഞായറാഴ്ച വൈകീട്ടത്തെ കണക്കുപ്രകാരം 135.9 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇടുക്കി: തുറക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിൽ. വൈദ്യുതിബോർഡും ജില്ലാഭരണകൂടവും യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ചെറുതോണി അണക്കെട്ടിനു മുകളിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ഡാം സുരക്ഷാ ഗവേഷണ വിഭാഗത്തിന്റെ കൺട്രോൾ റൂം തിങ്കളാഴ്ച രാവിലെ പ്രവർത്തനം തുടങ്ങും. മണിക്കൂർതോറും സംഭരണിയിലെ ജലനിരപ്പ് വൈദ്യുതിബോർഡിന്റെ ഉന്നതകേന്ദ്രങ്ങളിൽ അറിയിക്കുക, വെള്ളം ഒഴുകിപ്പോകുന്ന സ്ഥലങ്ങളിലെ വിവരങ്ങൾ ശേഖരിക്കുക, ഒഴുക്കുമൂലം ഏതെങ്കിലും തരത്തിൽ അപകടമുണ്ടായാൽ ഷട്ടർ അടച്ച് ഒഴുക്കു നിയന്ത്രിക്കുക തുടങ്ങിയവയാണ് കൺട്രോൾ റൂമിന്റെ ചുമതലയിലുള്ളത്. ഡാം സുരക്ഷാ ഗവേഷണവിഭാഗം എക്സിക്യുട്ടീവ് എൻജിനീയറുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥസംഘം 24 മണിക്കൂറും കൺട്രോൾ റൂമിൽ നിരീക്ഷണം നടത്തും. ഡാം തുറക്കുന്നതിനു മുന്നോടിയായി പെരിയാർ തീരത്ത് ഉണ്ടാകാവുന്ന നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. ചെറുതോണി മുതൽ നേര്യമംഗലം പവർഹൗസിന് സമീപം പനങ്കുട്ടി വരെ കണക്കെടുപ്പുനടത്തി. ഇവിടങ്ങളിൽ നാനൂറോളം വീടുകളിലായി 1600 പേരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് നിഗമനം. മുല്ലപ്പെരിയാറിൽ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു കുമളി: തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോയിത്തുടങ്ങിയതോടെ മുല്ലപ്പെരിയാറിൽ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. ഞായറാഴ്ച വൈകീട്ട് ആറിന് 135.9 അടിയാണ് ജലനിരപ്പ്. ശനിയാഴ്ച 135.95 അടിയിലെത്തിയിരുന്നു. രണ്ടു ദിവസമായി വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. അതേസമയം, ഞായറാഴ്ച വീണ്ടും മഴ തുടങ്ങിയിട്ടുണ്ട്. തേക്കടിയിൽ 16.2 മില്ലിമീറ്ററും മുല്ലപ്പെരിയാറിൽ 20 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ സെക്കൻഡിൽ 2267 ഘനയടി വെള്ളമെത്തിയിരുന്നത് വൈകുന്നേരത്തോടെ 2008 ഘനയടിയായി കുറഞ്ഞു. തമിഴ്നാട് 2300 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. മേൽനോട്ടസമിതി യോഗം നാലിന് മാങ്കുളം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.9 അടിയായ സാഹചര്യത്തിൽ കേരളത്തിന്റെ അഭ്യർഥന മാനിച്ച് മേൽനട്ട സമിതിയുടെ യോഗം ഓഗസ്റ്റ് നാലിനു ചേരും. ചെയർമാൻ ഗുൽഷൻ രാജിന്റെ അധ്യക്ഷതയിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഓരോ അംഗങ്ങൾ വീതമുള്ള കമ്മിറ്റി രാവിലെ അണക്കെട്ട് സന്ദർശിക്കും. ഉച്ചയ്ക്കുശേഷം കുമളിയിൽ യോഗം ചേരും. ഒരു വർഷത്തിനുശേഷമാണ് മേൽനോട്ട സമിതി ചേരുന്നത്. രണ്ടാഴ്ചമുമ്പ് ഉപസമിതി ചേർന്ന് റിപ്പോർട്ട് നൽകിയിരുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ 142 അടി എത്തും മുമ്പേ ഷട്ടറുകൾ തുറന്ന് അപകടം ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. ടിങ്കു ബിസ്വാൾ ആണ് കേരളത്തിന്റെ പ്രതിനിധി. കെ.എസ്. പ്രഭാകർ തമിഴ്നാടിന്റെ അംഗവും. ഇടുക്കി തുറന്നാൽ നേരിടാൻ വൻ സന്നാഹം തിരുവനന്തപുരം: ഇടുക്കി സംഭരണി തുറന്നാൽ സാഹചര്യങ്ങൾ നേരിടാൻ വൻസന്നാഹങ്ങൾ ഒരുക്കിയതായി സർക്കാരും ദുരന്തനിവാരണ അതോറിറ്റിയും. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരുസംഘം ഞായറാഴ്ച രാത്രി ഇടുക്കിയിലെത്തി. സൈന്യത്തോടും തീരരക്ഷാ സേനയോടും സജ്ജമായിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൊച്ചിയിൽ സജ്ജമായിട്ടുണ്ട്. സൈന്യത്തിന്റെയും തീരരക്ഷാ സേനയുടെയും ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമ-കര സേനാംഗങ്ങൾ ഏതു നിമിഷവും എത്താൻ തയ്യാറായിട്ടുണ്ട്. ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. മറ്റൊരുസംഘം തൃശ്ശൂരിലെ സേനാ ആസ്ഥാനത്ത് തയ്യാറാണ്. 46 പേരാണ് ഒരു സംഘത്തിൽ. എറണാകുളത്തെ താഴ്ന്നപ്രദേശങ്ങളിൽ ചെറുബോട്ടുകളുമായി തീരരക്ഷാസേനയുണ്ടാകും. ജനങ്ങൾ ജാഗ്രത പാലിക്കണം * അണക്കെട്ട് തുറക്കേണ്ടിവന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. * 2013-ൽ ഇടമലയാർ തുറന്നുവിട്ടപ്പോൾ വെള്ളം കയറിയ പ്രദേശങ്ങളിൽ ഇത്തവണയും വെള്ളമെത്താൻ സാധ്യതയുണ്ട്. * ഷട്ടർ തുറന്നശേഷം ആരും നദി മുറിച്ചുകടക്കാൻ പാടില്ല. പാലങ്ങളിലും നദിക്കരയിലും കൂട്ടംകൂടി നിൽക്കുകയോ സെൽഫി എടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. * നദിയിൽ ഒരാവശ്യത്തിനും ഇറങ്ങരുത്. * പ്രധാനപ്പെട്ട രേഖകൾ, ആഭരണങ്ങൾ, വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവ വീട്ടിലെ എളുപ്പം എടുക്കാൻപറ്റുന്ന ഉയർന്നസ്ഥലത്ത് സൂക്ഷിക്കുക. * ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങൾ വീട്ടിൽ എല്ലാവരോടും പറഞ്ഞിരിക്കണം. അടിയന്തര സാഹചര്യങ്ങളിൽ പുറത്തുപോയവരെ കാത്തുനിൽക്കാതെ വീടുവിട്ടിറങ്ങണം. * സുരക്ഷിതമെന്ന് നിർദേശിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് സ്വമേധയാ മാറാൻ തയ്യാറാകണം. * വെള്ളം കെട്ടിടത്തിൽ പ്രവേശിച്ചാൽ മെയിൻ സ്വിച്ച് ഓഫാക്കുക. * വീട്ടിൽ രോഗികളോ, അംഗപരിമിതരോ ഭിന്നശേഷിക്കാരോ പ്രായമായവരോ കുട്ടികളോ ഉണ്ടെങ്കിൽ അവരെ ആദ്യം മാറ്റണം. സഹായം ആവശ്യമുണ്ടെങ്കിൽ നേരത്തേ പോലീസ് സ്റ്റേഷനിൽ അറിയിക്കണം. * വാഹനങ്ങൾ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. * വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. അല്ലെങ്കിൽ അഴിച്ചുവിടണം. * രക്ഷാപ്രവർത്തനത്തിന് പരിശീലനം ലഭിച്ചവർ മാത്രം ഇറങ്ങുക. * പരിഭ്രാന്തരാവുകയോ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുത്. എമർജൻസി കിറ്റ് നദിക്കരയോടുചേർന്ന് താമസിക്കുന്നവരും മുമ്പ് വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവരും അടിയന്തരസാഹചര്യം നേരിടാനുള്ള സാമഗ്രികൾ (എമർജൻസി കിറ്റ്) കരുതണം. മൊബൈൽ ഫോൺ, ടോർച്ച്, അരലിറ്റർ വെള്ളം, ഒരു പാക്കറ്റ് ഒ.ആർ.എസ്. ലായനി, അവശ്യമരുന്ന്, മുറിവിനുള്ള മരുന്ന്, കപ്പലണ്ടി, ഈന്തപ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ, ചെറിയ കത്തി, ക്ലോറിൻ ഗുളിക, ആന്റിസെപ്റ്റിക് ലോഷൻ, അത്യാവശം പണം എന്നിവയാണ് കിറ്റിലുണ്ടാകേണ്ടത്. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പറുകൾ എറണാകുളം -04841077 (7902200300, 7902200400) ഇടുക്കി -048621077 (9061566111, 9383463036) തൃശ്ശൂർ -04871077, 2363424 (9447074424). നദിക്കരയിൽ 100 മീറ്റർ പരിധിയിൽ ആരും നിൽക്കരുത്, വിനോദസഞ്ചാരം തടയും തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഷട്ടർ തുറക്കുന്ന സാഹചര്യമുണ്ടായാൽ ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിൽ വിനോദസഞ്ചാരികളെയും കാഴ്ചകാണാനും പകർത്താനും എത്തുന്നവരെയും നിയന്ത്രിക്കും. നദിയുടെ ഇരുകരകളിലും 100 മീറ്ററിൽ ആരും നിൽക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. താഴേക്കുള്ള പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിലും പാലങ്ങളിലും ആളുകൾ കൂട്ടംകൂടിനിൽകുന്ന സ്ഥിതി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമായ സഹായം പോലീസിൽനിന്ന് ലഭ്യമാക്കി, നദീതീരത്തും നദിക്ക് കുറുകെയുള്ള പാലങ്ങളിലും ജനക്കൂട്ടനിയന്ത്രണം ഉറപ്പുവരുത്തണം. മുന്നറിയിപ്പ് കണക്കിലെടുത്ത് കാഴ്ചകാണാനും സെൽഫി എടുക്കാനുമുള്ള യാത്ര ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2K7wG5B
via IFTTT