മാഞ്ഞൂർ: കരയുന്ന കുഞ്ഞിനെ മുലയൂട്ടാൻ സൗകര്യം തേടിയെത്തിയ രണ്ടുപേർ 35000 രൂപയുമായി കടന്നുകളഞ്ഞതായി പരാതി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45-ന് മാഞ്ഞൂരിലാണ് സംഭവം. ഏറ്റുമാനൂർ- വൈക്കം റോഡിൽ കിഴവള്ളിൽ സജിയുടെ വീട്ടിൽനിന്നാണ് പണം നഷ്ടമായത്. വീടിന് മുൻപിലെ സ്വന്തം വ്യാപാരസ്ഥാപനത്തിൽ നിൽക്കുമ്പോഴാണ് സജി റോഡരികിൽ മൂന്ന് സ്ത്രീകൾ നിൽക്കുന്നത് കണ്ടത്. അവരിലൊരാളുടെ കൈയിലുണ്ടായിരുന്ന കൈക്കുഞ്ഞ് നിർത്താതെ കരയുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സജിയുടെ അമ്മ ഏലിയാമ്മ ഇവരുടെ സമീപത്തെത്തി കാര്യം ചോദിച്ചു. കൊച്ചിയിൽനിന്ന് മല്ലപ്പള്ളിയിലേക്ക് പോവുകയാണെന്ന് അവർ മറുപടി നൽകി. കുഞ്ഞിനെ ആദ്യമായിട്ടാണ് പുറത്ത് കൊണ്ടുപോകുന്നതെന്നും പറഞ്ഞു. കാറിനുള്ളിൽവെച്ച് പാൽ കൊടുത്തിട്ട് കുടിക്കുന്നില്ലെന്ന് പറഞ്ഞതോടെ ഏലിയാമ്മ വീട്ടിലേക്ക് ക്ഷണിച്ചു. 48 വയസ്സ് പ്രായം തോന്നുന്ന സ്ത്രീയും കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്ന 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയും സിറ്റൗട്ടിലിരുന്ന് കുപ്പിപാൽ കൊടുത്തു. വീണ്ടും കുഞ്ഞ് കരഞ്ഞതോടെ മുലയൂട്ടാൻ അകത്ത് സൗകര്യം തരാമോയെന്ന് ഏലിയാമ്മയോട് ചോദിച്ചു. സമീപത്തെ മുറിയിൽ കയറി കുറച്ചുകഴിഞ്ഞപ്പോൾ കുഞ്ഞിന്റെ കരച്ചിൽനിന്നു. ഇതിനിടയിൽ യുവതി ശൗചാലയത്തിൽ പോകാൻ അനുമതി ചോദിച്ചു. പിന്നീട് ഇവർ മടങ്ങിപോവുകയും ചെയ്തു. പിന്നീട് പണിക്കാർക്ക് കൂലികൊടുക്കാൻ അലമാരയിലിരുന്ന പഴ്സ് തുറന്നപ്പോളാണ് 35,000 രൂപ നഷ്ടമായതായി വീട്ടുകാർ അറിയുന്നത്. വെള്ളനിറത്തിലുള്ള വാഗണർ കാറിലാണ് സംഘമെത്തിയത്. ഒപ്പമുണ്ടായിരുന്ന 45 വയസ്സ് തോന്നിക്കുന്ന മറ്റൊരുസ്ത്രീ മതിലിനരികിൽ നിൽക്കുകയായിരുന്നു. കാറിൽ ഡ്രൈവറും 50 വയസ്സ് പ്രായം തോന്നിക്കുന്ന മറ്റൊരാളും ഉണ്ടായിരുന്നു. ഇയാൾ മൂന്നുതവണ വീട്ടിലെത്തി കുഞ്ഞിനെ തിരക്കിയതായി സജിയുടെ ഭാര്യ ജസ്മി പറഞ്ഞു. ഈ കാർ കോട്ടയം ഭാഗത്തേക്ക് പോയതായി നമ്പ്യാകുളത്തെ പെട്രോൾ പമ്പിലെ സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. വീട്ടുകാർ കടുത്തുരുത്തി പോലീസിൽ പരാതി നൽകി.
from mathrubhumi.latestnews.rssfeed https://ift.tt/2OqEyCA
via
IFTTT