Breaking

Tuesday, July 31, 2018

അനശ്വരയ്ക്ക് വിമാനംകാണാൻ മോഹം; യാത്രതന്നെ ഒരുക്കി സ്കൂൾകൂട്ടായ്മ

പുറത്തൂർ: ഭാവിയിൽ ആരാകണമെന്നായിരുന്നു പുറത്തൂർ ഗവ. ഹൈസ്കൂളിന്റെ പൂമരം പദ്ധതിയുടെ അഭിരുചി പരീക്ഷയിലെ ഒരു ചോദ്യം. ഡോക്ടർ, എൻജിനീയർ എന്ന പതിവ് ഉത്തരങ്ങൾക്കിടയിൽ എട്ടാം ക്ലാസുകാരി ഐശ്വര്യയുടെ ആഗ്രഹം വ്യത്യസ്തമായിരുന്നു. വിമാനം നേരിട്ട് കാണണമെന്നും ഭാവിയിൽ എയർഹോസ്റ്റസ് ആകണമെന്നുമായിരുന്നു അനശ്വര പറഞ്ഞത്.സ്വന്തമായി വീടുപോലുമില്ലാത്ത അനശ്വരയുടെ ആഗ്രഹത്തിന് മുന്നിൽ സ്കൂൾ അധികൃതർ കൈമലർത്തിയില്ല. കുടുംബസമേതമുള്ള വിമാനയാത്രയും വീട് നിർമിക്കാനുള്ള സ്ഥലവും നൽകിയാണ് സ്കൂൾ കുട്ടിയെ പരിഗണിച്ചത്.മംഗലം കാവഞ്ചേരിയിലെ പൂഴിക്കുന്നത്ത് വിജയന്റെ മകളാണ് അനശ്വര. കൂലിപ്പണിക്കാരനായ വിജയൻ സംസാരശേഷിയില്ലാത്തയാളാണ്.ഈ വർഷമാണ് അനശ്വര പുറത്തൂർ ഹൈസ്കൂളിലെത്തുന്നത്. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തുന്നത്. അതിൽ ഏറെ വ്യത്യസ്തമായ പരിപാടിയാണ് ‘പുറത്തൂർ എന്റെ ഗ്രാമം’ വാട്സ്‌ ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന ‘പൂമരം’വിദ്യാഭ്യാസപദ്ധതി. നിരന്തരമായ നോട്ടത്തിലൂടെ ഓരോ കുട്ടിയുടെയും സമഗ്രമായ വികാസം ലക്ഷ്യമാക്കുന്ന പൂമരം പദ്ധതി സംസ്ഥാനത്തിനുതന്നെ മാതൃകയാണ്.സ്കൂളിൽ എട്ടാം ക്ലാസിലെത്തുന്ന വിദ്യാർഥികളെ തുടർച്ചയായ വർഷങ്ങളിൽ പിന്തുണ നൽകാനും ഭാവിയിലേക്ക് കൈത്താങ്ങാനാകാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ കുട്ടികളെക്കുറിച്ചും സമഗ്രമായ റിപ്പോർട്ട് ഇതിന്റെ ഭാഗമായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക് സഹപാഠിക്ക് ഒരു വീട് എന്ന പദ്ധതിയും ആവിഷ്ക്കരിച്ചിട്ടുണ്ട്.പ്രവാസി വ്യവസായിയും ലോക കേരളസഭാംഗം സി.പി. കുഞ്ഞിമൂസ നയിക്കുന്ന സ്കൂൾ വെൽഫെയർ കമ്മിറ്റിയാണ് പൂമരത്തിന് നേതൃത്വം നൽകുന്നത്. വീട് നിർമിക്കാനുള്ള സ്ഥലം കുടുംബവീടിനോട് ചേർന്നുതന്നെ കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത സ്ഥലം വാങ്ങാനുള്ള പണം വാട്‌സ്‌ ആപ്പ് കൂട്ടായ്മ നൽകും. തുടർന്ന് വിവിധ സർക്കാർ പദ്ധതികളുമായി സഹകരിച്ച് വീട് നിർമാണം നടത്തും.ഓണം അവധിക്ക് തിരുവനന്തപുരത്തേക്കാണ് അനശ്വരയും ചേച്ചിയും മാതാപിതാക്കളും വിമാനത്തിൽ പറക്കുന്നത്. തിരുവനന്തപുരത്ത് മന്ത്രിമന്ദിരത്തിൽ വിരുന്ന് നൽകുമെന്ന് സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി കെ.ടി. ജലീൽ അറിയിച്ചതായി ‘പൂമരം’ സംഘാടകർ അറിയിച്ചു.പി.ടി.എ. പ്രസിഡന്റ് ജി. രാമകൃഷ്ണൻ പ്രഥമാധ്യാപകൻ ടി.വി. സുരേഷ് ബാബു എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നത്. സംസ്ഥാനത്ത് ഹൈടെക്കാക്കുന്ന ആദ്യ 16 വിദ്യാലയങ്ങളിലൊന്നാണ് പുറത്തൂർ ജി.എച്ച്.എസ്.എസ്. ഗവർണർ ജസ്റ്റിസ് പി. സദാശിവമാണ് ഇതിന്റെ പ്രവർത്തനോദ്ഘാടം പുറത്തൂർ സ്കൂളിൽ നിർവഹിച്ചത്.തിരുവനന്തപുരത്ത് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2vnTKru
via IFTTT