പെരുമ്പാവൂർ: കോളേജ് വിദ്യാർഥിനിയെ മറുനാടൻ തൊഴിലാളി കഴുത്തറത്ത് കൊലപ്പെടുത്തിയെന്ന വാർത്തയുടെ ഞെട്ടലിലാണ് പെരുമ്പാവൂർ. രണ്ടുവർഷം മുമ്പ് നിയമ വിദ്യാർഥിയായ പെൺകുട്ടി വീട്ടിനുള്ളിൽ കൊല്ലപ്പെട്ടതിന് സമാനമായ സംഭവം. കേരളത്തിൽ ഏറ്റവും കൂടുതൽ മറുനാടൻ തൊഴിലാളികൾ താമസിക്കുന്നിടമായ പെരുമ്പാവൂരിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പ്രദേശവാസികളിലും ആശങ്ക സൃഷ്ടിക്കുന്നു. 2016 ഏപ്രിൽ 28നാണ് നിയമ വിദ്യാർഥിനി പെരുമ്പാവൂരിലെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ ശേഷമായിരുന്നു പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ആദ്യദിവസങ്ങളിൽ അധികമാരും ശ്രദ്ധിക്കാതിരുന്ന ഈ കൊലപാതകം പിന്നീട് മാധ്യമങ്ങളും നവമാധ്യമങ്ങളും ഏറ്റെടുത്തതോടെ രാജ്യമാകെ ചർച്ചാവിഷയമായി. പ്രതിയെ കണ്ടെത്താൻ വൈകുന്നതിൽ പോലീസിനെതിരെയും വിമർശനമുയർന്നു. ഒടുവിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ രക്തക്കറയിലെയും വസ്ത്രത്തിലെയും ഡി.എൻ.എ ഉൾപ്പെടെ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. 2016 ജൂൺ 14ന് കേസിലെ പ്രതി അസം സ്വദേശിയായ അമീറുൾ ഇസ്ലാമിനെ കേരള-തമിഴ്നാട് അതിർത്തിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ പ്രതിക്ക് വധശിക്ഷയും വിധിച്ചു. നിയമ വിദ്യാർഥിനിയുടെ കൊലപാതകത്തിന്റെ നടുക്കുന്ന ഓർമ്മകൾ മായുന്നതിന് മുമ്പേയാണ് പെരുമ്പാവൂരിനെ ഞെട്ടിച്ച് സമാനരീതിയിലുള്ള മറ്റൊരു കൊലപാതകവും സംഭവിച്ചിരിക്കുന്നത്. വാഴക്കുളം എം.ഇ.എസ് കോളേജ് വിദ്യാർഥി നിമിഷയാണ് വീട്ടിൽ കൊല്ലപ്പെട്ടത്. പ്രതിസ്ഥാനത്ത് മറുനാടൻ തൊഴിലാളിയും. അക്രമത്തിൽ നിമിഷയുടെ പിതാവിനും പരിക്കേറ്റു. നിരവധി പ്ലൈവുഡ് കമ്പനികൾ പ്രവർത്തിക്കുന്ന പെരുമ്പാവൂരിൽ ഒട്ടേറെ മറുനാടൻ തൊഴിലാളികളാണ് സ്ഥിരതാമസക്കാരായുള്ളത്. ഇവർക്കിടയിൽ ഇത്തരം ക്രിമിനൽ സ്വഭാവമുള്ളവരും ഏറെയുണ്ടെന്നതാണ് വസ്തുത. Content Highlights: Girl Murdered in Perumbavoor
from mathrubhumi.latestnews.rssfeed https://ift.tt/2NSvNAg
via
IFTTT