തിരുവനന്തപുരം : നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ(സിമി) നിരോധനം നീട്ടുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജൂണിൽ മന്ത്രാലയം ജോയന്റ് സെക്രട്ടറി എസ്.സി.എൽ. ദാസിന്റെ കത്ത് സംസ്ഥാന ആഭ്യന്തരവകുപ്പിന് ലഭിച്ചെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും കേരളം മറുപടി നൽകിയിട്ടില്ല. ദേശവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സിമിയുടെ നിരോധനം നീട്ടേണ്ടതുണ്ടോ എന്നാണ് കത്തിലെ ചോദ്യം. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സിമിയുടെ നിരോധനം നീട്ടുന്നതിൽ അഭിപ്രായം തേടിയിരിക്കുന്നത്. സിമിയുടെ പഴയനേതാക്കളാണ് പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഇപ്പോഴുള്ളതെന്നതും ശ്രദ്ധേയമാണ്. സിമിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവർ പിന്നീട് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ, സിമി പ്രവർത്തകരെ പ്രതികളാക്കി കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളടക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ സമർപ്പിക്കണമെന്നാണ് നിർദേശം. സിമിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് നോഡൽ ഓഫീസറെ ചുമതലപ്പെടുത്തണമെന്നും നിർദേശമുണ്ട്. സിമിയുടെ നിരോധന കാലാവധി 2019 ജനുവരി 31-ന് അവസാനിക്കും. അതിനുശേഷവും നിരോധനം തുടരണമോയെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആരായുന്നത്. 2014 ഫെബ്രുവരി ഒന്നിനാണ് അഞ്ചുവർഷത്തേക്ക് സിമിയെ കേന്ദ്രം നിരോധിച്ചത്. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' മുദ്രാവാക്യം ഉയർത്തി 1977-ലാണ് ഉത്തർപ്രദേശിലെ അലിഗഢിൽ സിമി നിലവിൽവന്നത്. ഇതിനിടെ പലവട്ടം കേന്ദ്ര സർക്കാരും നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയുന്നതിനുള്ള ട്രിബ്യൂണലും സിമിയെ നിരോധിച്ചു. ബാബറി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് 1993-ലായിരുന്നു ആദ്യ നിരോധനം. അമേരിക്കയിലെ 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്നത്തെ ബി.ജെ.പി. സർക്കാർ സിമിയെ വീണ്ടും നിരോധിച്ചു. 2003-ലും 2006-ലും സിമിയെ നിരോധിച്ചിരുന്നു. നിരോധനകാലത്തും സിമിപ്രവർത്തകർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി സംസ്ഥാന ആഭ്യന്തരവകുപ്പ് 2014-ൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. സിമിയുടെ പുതിയരൂപമാണ് രാജ്യത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടെന്നാണ് എൻ.ഐ.എ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയത്. എൺപതുകളിൽ സിമിയുടെ തലപ്പത്തുണ്ടായിരുന്നവരാണ് ഇപ്പോൾ പോപ്പുലർ ഫ്രണ്ട് ദേശീയനേതാക്കളായ ഇ.എം. അബ്ദുൽ റഹ്മാൻ, ഇ. അബൂബക്കർ, അബ്ദുൽ ഹമീദ് തുടങ്ങിയവർ എന്നും എൻ.ഐ.എ. ചൂണ്ടിക്കാട്ടുന്നു. വാഗമണിലെ തങ്ങൾപാറയിൽ സിമി 2007 ഡിസംബർ-10 മുതൽ 12 വരെ രഹസ്യമായി നടത്തിയ സായുധ ക്യാമ്പ് ദേശവിരുദ്ധപ്രവർത്തനമായി കോടതി വിധിച്ചിരുന്നു. കേസിൽ 18 പേർ കുറ്റക്കാരാണെന്നാണ് എൻ.ഐ.എ. കോടതി വിധിച്ചത്. മധ്യപ്രദേശിലെ ഇന്ദോറിൽ നടത്തിയ ഗൂഢാലോചനയ്ക്കും തയ്യാറെടുപ്പുകൾക്കും ശേഷമാണ് വാഗമണിൽ ക്യാമ്പ് സംഘടിപ്പിച്ചതെന്നായിരുന്നു കണ്ടെത്തൽ. ഉന്നംതെറ്റാതെ നിറയൊഴിക്കാനും പെട്രോൾബോംബ് നിർമിക്കാനും പരിശീലനം നൽകിയ ക്യാമ്പിൽ പങ്കെടുത്തവരിൽ ആറു എൻജിനീയർമാരും മൂന്നു പേർ ഡോക്ടർമാരുമായിരുന്നു. കേന്ദ്രം തീരുമാനിക്കട്ടെ ഏതെങ്കിലും സംഘടനയെ നിരോധിക്കണമോ എന്നു തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ഇക്കാര്യത്തിൽ കേരള സർക്കാരിന് പ്രത്യേക അഭിപ്രായമില്ല. സിമി നിരോധനവുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കത്തിന് മറുപടി നൽകുന്നതിൽ തീരുമാനമെടുത്തിട്ടില്ല -എം.വി. ജയരാജൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
from mathrubhumi.latestnews.rssfeed https://ift.tt/2JnX9vG
via
IFTTT